Connect with us

Kerala

സര്‍ക്കാര്‍ മെഡി. കോളജ് ഡോക്ടര്‍മാരുടെ അനിശ്ചിത കാല സമരം ഇന്നു മുതല്‍

അധ്യാപനം പൂര്‍ണമായി ബഹിഷ്‌കരിക്കും.

Published

|

Last Updated

തിരുവനന്തപുരം | വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അധ്യാപകരും ഡോക്ടര്‍മാരും നടത്തി വരുന്ന പ്രതിഷേധത്തിന്റെ ഭാഗമായുള്ള അനിശ്ചിതകാല പ്രത്യക്ഷ സമരത്തിന് സമരത്തിന് ഇന്ന് തുടക്കമാകും. അധ്യാപനം നിര്‍ത്തിവെച്ചുള്ള അനിശ്ചിതകാല സമരത്തിനാണ് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ഇന്ന് തുടക്കമാകുന്നത്. ഇതോടൊപ്പം തുടര്‍ന്നുള്ള ആഴ്ചമുതല്‍ അടിയന്തരമല്ലാത്ത ചികിത്സകള്‍ നിര്‍ത്തിവെച്ച് നിസ്സഹകരണ സമരവും ശക്തമാക്കാനാണ് തീരുമാനം. കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സമരം നടക്കുന്നത്. അത്യാഹിതവിഭാഗം, ലേബര്‍ റൂം, ഐ സി യു, കിടത്തിച്ചികിത്സ, മറ്റ് അടിയന്തര ചികിത്സകള്‍, അടിയന്തര ശസ്ത്രക്രിയകള്‍, പോസ്റ്റ്‌മോര്‍ട്ടം എന്നിവയെ പ്രതിഷേധപരിപാടികളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.

അടുത്തയാഴ്ച മുതല്‍ ഒ പി അടക്കമുള്ള അടിയന്തര സ്വഭാവമില്ലാത്ത ചികിത്സാ സേവനങ്ങളില്‍ നിന്നും ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും. ഈ മാസം 19ന് ഡോക്ടര്‍മാര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണയും നടത്തും. ശമ്പള പരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക, കുടിശ്ശികയുള്ള ശമ്പളവും ക്ഷാമബത്തയും (ഡി എ) അനുവദിക്കുക, മെഡിക്കല്‍ കോളജുകളില്‍ മതിയായ ഫാക്കല്‍റ്റി തസ്തികകള്‍ സൃഷ്ടിക്കുക എന്നിവയാണ് സംഘടനയുടെ പ്രധാന ആവശ്യങ്ങള്‍.

ഡോക്ടര്‍മാരെ കൂട്ടത്തോടെയും താത്കാലികമായും സ്ഥലംമാറ്റുന്ന രീതി അവസാനിപ്പിക്കണമെന്നും രോഗികള്‍ക്കും അധ്യാപകര്‍ക്കും മെഡിക്കല്‍ കോളജുകളില്‍ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നും കെ ജി എം സി ടി എ ആവശ്യപ്പെടുന്നു. 2025 ജൂലൈ ഒന്നു മുതല്‍ വിവിധ രൂപങ്ങളില്‍ പ്രതിഷേധം തുടര്‍ന്നിട്ടും സര്‍ക്കാര്‍ അനുകൂലമായ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ കടുത്ത സമരമുറകളിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ നവംബര്‍ 10-ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആവശ്യങ്ങള്‍ അനുഭാവപൂര്‍യം പരിഗണിക്കുമെന്ന് സംഘടനക്ക് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

 

Latest