National
ജമ്മു കശ്മീരിന്റെ കേന്ദ്രഭരണ പ്രദേശ പദവി താത്ക്കാലികം മാത്രം; സുപ്രീം കോടതിയില്‍ കേന്ദ്രം
വിഷയത്തില്‍ വിശദമായ സത്യവാങ്മൂലം ആഗസ്റ്റ് 31ന് കോടതി മുമ്പാകെ നല്‍കും.

ന്യൂഡല്‍ഹി | ജമ്മു കശ്മീരിന്റെ കേന്ദ്രഭരണ പ്രദേശ പദവി താത്ക്കാലികം മാത്രമാണെന്ന് സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍, ലഡാക്കിന്റെ കേന്ദ്രഭരണ പ്രദേശ പദവി കുറച്ചുകാലം കൂടി നിലനിര്‍ത്തും. വിഷയത്തില്‍ വിശദമായ സത്യവാങ്മൂലം ആഗസ്റ്റ് 31ന് കോടതി മുമ്പാകെ നല്‍കുമെന്നും കേന്ദ്രം വ്യക്തമാക്കി.
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് പരമോന്നത കോടതിയെ അറിയിച്ചത്. 370-ാം വകുപ്പ് റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികളില്‍ വാദം കേള്‍ക്കുന്ന, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് മുമ്പാകെയാണ് തുഷാര്‍ മേത്ത കേന്ദ്ര നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ജനാധിപത്യം പുനസ്ഥാപിക്കുന്നതിനുള്ള കൃത്യമായ തീയ്യതി അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടപ്പോഴായിരുന്നു സോളിസിറ്റര്‍ ജനറലിന്റെ പ്രതികരണം. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജിവ് ഖന്ന, ബി ആര്‍ ഗവായ്, സൂര്യകാന്ത്, എന്നിവരാണ് ചീഫ് ജസ്റ്റിസിനെ കൂടാതെ അഞ്ചംഗ ബഞ്ചിലുള്ളത്.
ജനാധിപത്യം പരമ പ്രധാനമാണെന്നും തിരഞ്ഞെടുപ്പ് ജനാധിപത്യം ഇല്ലാത്ത അവസ്ഥ ദീര്‍ഘനാള്‍ മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്നും കോടതി പറഞ്ഞു. വിഷയത്തില്‍ എക്‌സിക്യൂട്ടീവില്‍ നിന്ന് നിര്‍ദേശങ്ങള്‍ തേടിയ ശേഷം കോടതിയില്‍ തിരികെയെത്താന്‍ സോളിസിറ്റര്‍ ജനറലിനോടും അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടരമണിയോടും കോടതി ആവശ്യപ്പെട്ടു.