Editors Pick
നാടിനെ നടുക്കിയ പെരുമണ്‍ ദുരന്തത്തിന് മൂന്നര പതിറ്റാണ്ട്
1988 ജൂലൈ എട്ടിന് പെരിനാടിനടുത്തുള്ള പെരുമണ്‍ പാലത്തില്‍ നിന്ന് ബംഗളൂരു - കന്യാകുമാരി ഐലന്റ് എക്‌സ്പ്രസ് പാളംതെറ്റി അഷ്ടമുടിക്കായലിലേയ്ക്ക് മറിഞ്ഞത്

കൊല്ലം | സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ട്രെയിനപകടങ്ങളിലൊന്നായ പെരുമണ്‍ ദുരന്തത്തിന് ഇന്ന് 36 വര്‍ഷം തികയുന്നു. 1988 ജൂലൈ എട്ടിന് പെരിനാടിനടുത്തുള്ള പെരുമണ്‍ പാലത്തില്‍ നിന്ന് ബംഗളൂരു – കന്യാകുമാരി ഐലന്റ് എക്‌സ്പ്രസ് പാളംതെറ്റി അഷ്ടമുടിക്കായലിലേയ്ക്ക് മറിഞ്ഞത്. 12 ബോഗികള്‍ പൂര്‍ണമായും കായലില്‍ മുങ്ങിത്താണു. പെരുമണ്‍ ദുരന്തത്തില്‍ 105 പേര്‍ മരണപ്പെടുകയും ഇരുന്നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നാട്ടുകാരും മത്സ്യത്തൊഴിലാളികളുടെയും ജില്ലാഭരണകൂടവും നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഫലമായാണ് പെരുമണ്‍ ദുരന്തത്തില്‍പ്പെട്ട ഒട്ടേറെപ്പേരെ രക്ഷിക്കാന്‍ കഴിഞ്ഞത്. പെരുമണിന് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ഒരു ദിവസമാണ് 1988 ജൂലൈ എട്ട്.
125 മീറ്റര്‍ നീളമുള്ള പെരുമണ്‍ പാലത്തിന്റെ നടുവിലെത്തിയപ്പോള്‍ പാളംതെറ്റി ട്രെയിനിന്റെ ബോഗികള്‍ കായലിലേക്ക് വീഴുകയായിരുന്നു. എന്‍ജിനും പാര്‍സല്‍ വാനും ഒരു സെക്കന്‍ഡ് ക്ലാസ് കംപാര്‍ട്ടുമെന്റും മാത്രമേ പാലം കടന്നിട്ടുള്ളൂ. 12 കോച്ചുകള്‍ ഒന്നിനുപിറകെ ഒന്നായി വെള്ളത്തിലേക്ക് കൂപ്പുകുത്തി. അപകടം നടന്ന ശബ്ദം കേട്ട് ഓടിക്കൂടിയ പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. നീന്തിയും കൊച്ചു വള്ളങ്ങളിലേറിയും അവരില്‍ പലരും വെള്ളത്തില്‍ വീണ കോച്ചുകള്‍ക്കടുത്തേക്ക് എത്തിയെങ്കിലും നേര്‍ത്തൊരു ചാറല്‍മഴയുണ്ടായിരുന്നതും വെള്ളത്തിലേക്ക് വീണപാടെ രണ്ടു കോച്ചുകള്‍ തലകുത്തനെ മറിഞ്ഞതും സാഹചര്യങ്ങള്‍ പ്രതികൂലമാക്കി.
കോച്ചിന്റെ മിക്കവാറും എല്ലാ ജനലുകളും വാതിലുകളും അകത്തുനിന്ന് അടച്ചു കുറ്റിയിട്ടതായിരുന്നു എന്നതും കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിന് തടസമായി. അഗ്നിരക്ഷാ സേന അടക്കമുളള ഔദ്യോഗിക സംവിധാനങ്ങള്‍ വിവരമറിഞ്ഞ് എത്തി പിന്നീടുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. വിവരമറിഞ്ഞ് അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരും മറ്റു മന്ത്രിമാരും സ്ഥലത്തെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. അന്നത്തെ റെയില്‍വേ മന്ത്രി മാധവറാവു സിന്ധ്യയും സംഭവസ്ഥലത്തേക്ക് നേരിട്ടെത്തി. അപകടം നടന്ന നിമിഷം മുതല്‍ അഞ്ചു ദിവസത്തോളം തുടര്‍ന്ന രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് അവസാന മൃതദേഹവും പുറത്തെത്തിക്കാന്‍ സാധിച്ചത്. ദുരന്തകാരണം കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയമിച്ചെങ്കിലും ടൊര്‍ണാഡോ ചുഴലിക്കാറ്റ് എന്നായിരുന്നു കണ്ടെത്തിയത്.
റെയില്‍വെ സേഫ്റ്റി കമ്മീഷണര്‍ സൂര്യനാരായണന്‍, റിട്ട. എയര്‍മാര്‍ഷല്‍ സി എസ് നായ്ക്ക് എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് അന്വേഷണ കമ്മീഷനെയാണ് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചിരുന്നത്. രണ്ട് കമ്മീഷനുകളുടെയും റിപ്പോര്‍ട്ടില്‍ ദുരന്തകാരണം ചുഴലിക്കാറ്റാണെന്നായിരുന്നു. എന്നാല്‍ ചെറിയ രീതിയിലുള്ള കാറ്റ് പോലും ദുരന്തസമയത്ത് ഇവിടെയുണ്ടായിരുന്നില്ലെന്നാണ് പരിസരവാസികള്‍ പറയുന്നത്. കാറ്റിനെ പഴിചാരി റെയില്‍വെ അധികൃതര്‍ ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപ്പെടുമ്പോഴും അപകട കാരണം അജ്ഞാതമായി തുടരുകയാണ്.
ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ ഇന്ന് പെരുമണിലെത്തി പുഷ്പാര്‍ച്ചന നടത്തി പ്രാര്‍ഥിക്കും. വിവിധ സംഘടനകളുടെ നേതൃത്വത്തിലും അനുസ്മരണച്ചടങ്ങുകള്‍ നടത്തും. ഡോ.കെ.വി ഷാജിയുടെ നേതൃത്വത്തിലുള്ള പെരുമണ്‍ ട്രെയിന്‍ ദുരന്ത അനുസ്മരണ കമ്മിറ്റി മുടക്കമില്ലാതെ അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുന്നു. അനുസ്മരണ സമ്മേളനം, പകര്‍ച്ചപ്പനി പ്രതിരോധമരുന്നു വിതരണം, പുഷ്പാര്‍ച്ചന എന്നിവ നടക്കും. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പങ്കെടുക്കും.