ep jayarajan
ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്താല്‍ നിലപാടുകള്‍ മാറുമെന്നു പറയുന്നത് പ്രേമചന്ദ്രന്റെ ഇടുങ്ങിയ മനസ്സ്: ഇ പി ജയരാജന്‍
ഇരുട്ടറയില്‍ കഴിയേണ്ടവരല്ല നീതിന്യായ വകുപ്പിലുള്ളവര്‍

തിരുവനന്തപുരം | ലോകായുക്തയും ഉപലോകായുക്തയും മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച എം കെ പ്രേമചന്ദ്രന്‍ എം പിക്കു മറുപടിയുമായി എല്‍ ഡി എഫ് കണ്‍വീനറും സി പി എം കേന്ദ്രകമ്മിറ്റി അംഗവുമായ ഇപി ജയരാജന്‍.
ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്താല്‍ നിലപാടുകള്‍ മാറുമെന്നാണോ പ്രേമചന്ദ്രന്‍ ചിന്തിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
പൊതുസമൂഹവുമായി ബന്ധമില്ലാതെ ഇരുട്ടറയില്‍ കഴിയേണ്ടവരല്ല നീതിന്യായ വകുപ്പിലുള്ളവര്‍. സമൂഹത്തിന്റെ ഒരോ ചലനങ്ങളും അറിയുകയും മനസിലാക്കുകയും ജനങ്ങളുമായി സംബന്ധിക്കുന്നവരുമായിരിക്കണം നീതിന്യായ രംഗത്തുള്ളവരും. അവര്‍ വിവാഹം, ചരമം മറ്റു ചടങ്ങുകള്‍ എന്നിവയിലെല്ലാം പങ്കെടുത്താല്‍ അതിനെ ഇടുങ്ങിയ മനസ്സുമായി കാണാന്‍ പ്രേമചന്ദ്രനപ്പോലെയുള്ള ഇടുങ്ങിയ മനസുള്ള ചിലര്‍ക്ക് മാത്രമേ കഴിയൂയെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
ലോകായുക്തയും ഉപലോകായുക്തയും മാത്രമല്ല ഗവണ്‍മെന്റുമായി ബന്ധപ്പെടുന്ന ഒട്ടനവധി ആളുകള്‍ നിയമസഭയിലെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തിട്ടുണ്ട്. രാഷ്ട്രീയ നേതാക്കള്‍, വിവിധ മേഖലയിലെ പ്രശസ്തര്‍, വ്യത്യസ്ത മതവിഭാഗങ്ങളിലെ ആചാര്യന്മാര്‍ തുടങ്ങി വിവിധ രംഗങ്ങളിലുള്ളവരെല്ലാം ഈ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതിനെ പ്രത്യേകമായ കണ്ണാടി വെച്ച് കാണുന്നത് ശരിയായ കാര്യമല്ല. നമ്മുടെ സമൂഹത്തില്‍ ജീവിക്കുന്നവര്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളിലും മതങ്ങളിലും വിവിധ മേഖലകളിലുമെല്ലാം ജീവിക്കുന്നവരാണ്. അവരെല്ലം ഇത്തരം പൊതുപരിപാടികളില്‍ ഒന്നിച്ച് പങ്കെടുക്കാറുണ്ട്. പാര്‍ലിമന്റിലും ഇത്തരത്തില്‍ പരിപാടികള്‍ നടക്കാറുണ്ട്. അതിലെല്ലാം ആശയങ്ങളാല്‍ വ്യത്യസ്ത ചേരിയിലുള്ളവര്‍ ഒന്നിച്ച് പങ്കെടുക്കാറുണ്ട്. എന്നാല്‍ അതിനെ മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കുന്നതും നിരീക്ഷിക്കുന്നതും അഭിപ്രായം പറയുന്നതും ഔചിത്യമില്ലായ്മയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.