Editorial
സ്തംഭിക്കുന്നത് പാര്‍ലിമെന്റല്ല, ജനാധിപത്യം
സഭ സ്തംഭിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് നികുതിപ്പണം മാത്രമല്ല, രാജ്യത്തിന്റെ പുരോഗതിയെ ബാധിക്കുന്ന നിയമനിര്‍മാണങ്ങളും ജനകീയ പ്രശ്നങ്ങളും കൂടിയാണ്.
കഴിഞ്ഞ നാല് ദിവസമായി രാജ്യത്തെ പരമോന്നത നിയമനിര്‍മാണ സഭകള്‍ സ്തംഭനാവസ്ഥയിലാണ്. ലോക്സഭയുടെയും രാജ്യസഭയുടെയും വിലപ്പെട്ട സമയം ചര്‍ച്ചകളില്ലാതെ, ചോദ്യോത്തര വേളകളില്ലാതെ ബഹളത്തിനും മുദ്രാവാക്യങ്ങള്‍ക്കുമിടയില്‍ നഷ്ടപ്പെടുന്നു. ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് കോടികള്‍ ചെലവിട്ട് നടത്തുന്ന പാര്‍ലിമെന്റ്‌സമ്മേളനങ്ങള്‍ ചര്‍ച്ചകളില്ലാതെ പിരിയുന്നത് ജനാധിപത്യത്തോടുള്ള അവഹേളനവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്. ഇവിടെ ഭരണപക്ഷവും പ്രതിപക്ഷവും ഒരു പോലെ വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പാര്‍ലിമെന്റ് ജനാധിപത്യരീതിയില്‍ സമ്മേളിക്കാറില്ല. മിക്ക ദിവസങ്ങളിലും ബഹളത്തില്‍ കലാശിച്ചു പിരിയുകയാണ് പതിവ്. 2024ലെ ശൈത്യകാല സമ്മേളനം അദാനി പ്രശ്നത്തിലും 2025 ജൂലൈയിലെ സമ്മേളനം ബിഹാറില്‍ വന്‍തോതില്‍ വോട്ടര്‍മാരെ വെട്ടിമാറ്റിയ നടപടിയിലും 2025ലെ ശൈത്യകാല സമ്മേളനം എസ് ഐ ആറിലും തട്ടി ആഴ്ചകളോളം സ്തംഭിച്ചു. സഭ ചേരുന്ന ദിവസങ്ങളുടെ എണ്ണവും കുത്തനെ കുറഞ്ഞു വരികയാണ്. 1952-70 കാലഘട്ടത്തില്‍ സഭകള്‍ വര്‍ഷത്തില്‍ ശരാശരി 121 ദിവസം ചേര്‍ന്നിരുന്നു. 2000ത്തിനു ശേഷം 68 ദിവസമായി ചുരുങ്ങി. ബില്ലുകള്‍ സൂക്ഷ്മപരിശോധനക്ക് അയക്കുന്നതിലും വന്‍തോതില്‍ കുറവ് വന്നു. 14ാം ലോക്സഭയില്‍ 60 ശതമാനം ബില്ലുകള്‍ പാര്‍ലിമെന്റ് കമ്മിറ്റിക്ക് വിട്ടിരുന്നെങ്കില്‍ 17ാം ലോക്സഭയില്‍ ഇരുപത് ശതമാനത്തിനു താഴെയായി. സഭയിലെ പ്രക്ഷുബ്ധമായ അന്തരീക്ഷത്തിനിടയില്‍ അപ്പം ചുട്ടെടുക്കുന്ന ലാഘവത്തില്‍ ബില്ലുകള്‍ പാസ്സാക്കുന്ന ശൈലിയാണ് ഇപ്പോള്‍ കണ്ടുവരുന്നത്.
ഭൂരിപക്ഷത്തിന്റെ ബലത്തില്‍ ഭരണപക്ഷത്തിന് ഏകപക്ഷീയമായി കൈകാര്യം ചെയ്യാവുന്ന വേദികളല്ല സഭകള്‍. രാജ്യത്തിന്റെയും ജനങ്ങളുടെയും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണാനുള്ളതാണ് അവ. ഭരണപക്ഷം മാത്രമല്ല, പ്രതിപക്ഷവും സംസാരിക്കണം സഭകളില്‍. ഭൂരിപക്ഷത്തിന്റെ കരുത്തില്‍ സംവാദങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുന്നതും പ്രതിപക്ഷത്തെ അടിച്ചമര്‍ത്തുന്നതും ജനാധിപത്യവിരുദ്ധവും ജനപ്രതിനിധികളെ പാര്‍ലിമെന്റിലേക്കയച്ച ജനങ്ങളോടുള്ള അവഹേളനവുമാണ്. പ്രതിപക്ഷം ഉന്നയിക്കുന്ന ഗൗരവതരമായ ചോദ്യങ്ങള്‍ക്കും സന്ദേഹങ്ങള്‍ക്കും മറുപടി പറയുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടരുത്. ഭരണപക്ഷ അംഗങ്ങളെ പോലെ പ്രതിപക്ഷ അംഗങ്ങളെയും ജനങ്ങളാണ് പാര്‍ലിമെന്റിലേക്കയച്ചത്. അവരെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കുമ്പോള്‍ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ ശബ്ദത്തെയാണ് സര്‍ക്കാര്‍ നിശബ്ദമാക്കുന്നത്.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തി ഭൂരിപക്ഷാധിപത്യത്തിലല്ല, വൈവിധ്യത്തിലാണ്. വിവിധ അഭിപ്രായങ്ങള്‍, വിയോജിപ്പുകള്‍, വിമര്‍ശങ്ങള്‍ ഇവയെല്ലാം ചേര്‍ന്നതാണ് ആരോഗ്യകരമായ ജനാധിപത്യം. പ്രതിപക്ഷം ഉയര്‍ത്തുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതെ, സഭാ നടത്തിപ്പിന്റെ സാങ്കേതികതകള്‍ ഉപയോഗിച്ച് മാറ്റിവെക്കുകയോ കേള്‍ക്കാന്‍ പോലും സന്നദ്ധമാകാതെ നിരാകരിക്കുകയോ ചെയ്യുകയാണ് സര്‍ക്കാര്‍ മിക്കപ്പോഴും. മാത്രമല്ല, സഭ പ്രക്ഷുബ്ധമാകുമ്പോള്‍ പ്രതിപക്ഷ അംഗങ്ങളെ സസ്പെന്‍ഡ് ചെയ്ത് ചുളുവില്‍ സുപ്രധാന ബില്ലുകള്‍ പാസ്സാക്കിയെടുക്കുകയും ചെയ്യുന്നു. ഇത് പാര്‍ലിമെന്റിന്റെ അടിസ്ഥാന ലക്ഷ്യം തന്നെ അട്ടിമറിക്കലാണ്.
സഭയിലായാലും പുറത്തായാലും പ്രതിഷേധിക്കാനുള്ള പ്രതിപക്ഷത്തിന്റെ അവകാശം ജനാധിപത്യപരമാണ്. ഭരണകൂടത്തിന്റെ തീരുമാനങ്ങളിലും നിലപാടുകളിലും സംശയങ്ങളും ആശങ്കകളുമുണ്ടെങ്കില്‍ സഭയില്‍ അത് ഉന്നയിക്കേണ്ടത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വവുമാണ്. അത്തരം പ്രതിഷേധങ്ങളെ ‘സഭാ നടത്തിപ്പിനു തടസ്സ’മെന്ന് കുറ്റപ്പെടുത്തി ചര്‍ച്ച അനുവദിക്കാതെ സഭ നിര്‍ത്തിവെക്കുന്നതും പിരിച്ചുവിടുന്നതും അധികാര ദുര്‍വിനിയോഗമാണ്. സഭാനടപടികള്‍ തടസ്സപ്പെടാതെ പരമാവധി സംയമനം പാലിക്കാന്‍ പ്രതിപക്ഷത്തിനും ബാധ്യതയുണ്ടെങ്കിലും സഭാ നടത്തിപ്പിന്റെ പ്രാഥമിക ഉത്തരവാദിത്വം സര്‍ക്കാറിനാണെന്ന കാര്യം മറക്കരുത്. അജന്‍ഡ തയ്യാറാക്കല്‍, ചര്‍ച്ചക്ക് സമയം അനുവദിക്കല്‍, പ്രതിപക്ഷ ആശങ്കകളെ ചെവിക്കൊള്ളല്‍ തുടങ്ങിയവയെല്ലാം ഭരണപക്ഷത്തിന്റെ അധികാര പരിധിയിലാണ്. ഈ വാതിലുകള്‍ പൂര്‍ണമായും കൊട്ടിയടച്ച ശേഷം പ്രതിപക്ഷം ബഹളം വെക്കുന്നുവെന്ന് ആരോപിക്കുന്നത് ന്യായമല്ല.
പ്രതിപക്ഷത്തെ കേള്‍ക്കാന്‍ തയ്യാറാകുന്നതും ചര്‍ച്ചകള്‍ക്ക് ഇടം നല്‍കുന്നതും കീഴടങ്ങലായി കാണരുത് സര്‍ക്കാര്‍. ചര്‍ച്ചകള്‍ അനുവദിക്കുന്നതാണ് ശരിയായ ജനാധിപത്യ സ്വഭാവം. അതാണ് രാഷ്ട്രീയ പക്വത. ഭൂരിപക്ഷം അഹങ്കാരമായി മാറുന്നത് രാജ്യത്തിന് അപകടകരമാണ്. മുന്‍കാലങ്ങളില്‍ ഭരണപക്ഷ- പ്രതിപക്ഷത്തിനിടയില്‍ കടുത്ത രാഷ്ട്രീയ വൈരാഗ്യം നിലനിന്നിട്ടും സഭയില്‍ ചര്‍ച്ചകള്‍ അനുവദിക്കുകയും പ്രതിപക്ഷത്തെ കേള്‍ക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകുകയും ചെയ്തിരുന്നു. പ്രതിപക്ഷത്തെ ശത്രുവായി കാണുന്നതിനു പകരം തിരുത്തല്‍ ശക്തിയായി അംഗീകരിക്കാനുള്ള വിശാലമനസ്‌കത കാണിച്ചിരുന്നു അന്നത്തെ രാഷ്ട്രീയ നേതൃത്വങ്ങള്‍. ആ പാരമ്പര്യത്തില്‍ നിന്ന് പ്രതിപക്ഷത്തെ കേവലം ശത്രുതാ മനോഭാവത്തോടെ മാത്രം കാണുകയും സഭയിലെ ഭൂരിപക്ഷത്തില്‍ അഹങ്കാര പ്രമത്തത പ്രകടിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ അധാര്‍മികതയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് ഭരണപക്ഷം.
സഭ സ്തംഭിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് നികുതിപ്പണം മാത്രമല്ല, രാജ്യത്തിന്റെ പുരോഗതിയെ ബാധിക്കുന്ന നിയമനിര്‍മാണങ്ങളും ജനകീയ പ്രശ്നങ്ങളും കൂടിയാണ്. ഭരണപക്ഷത്തിന് സഹിഷ്ണുതയും വിമര്‍ശങ്ങളെ കേള്‍ക്കാനുള്ള മനഃസ്ഥിതിയും പ്രതിപക്ഷത്തിന് ശരിയായ ഉത്തരവാദിത്വ ബോധവും ഉണ്ടായാല്‍ മാത്രമേ പാര്‍ലിമെന്റിന് ശരിയായ രൂപത്തില്‍ പ്രവര്‍ത്തിക്കാനാകുകയുള്ളൂ. പാര്‍ലിമെന്റ്ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ജനാധിപത്യം ശ്വസിക്കുന്നത്. അല്ലെങ്കില്‍ പാര്‍ലിമെന്റ് മന്ദിരം കേവലമൊരു കെട്ടിടവും ജനാധിപത്യം മരണശയ്യയിലുമാകും.





