National
പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഇസ്റാഈലിലേക്ക്; സന്ദർശനം സ്ഥിരീകരിച്ച് നെതന്യാഹു
ഇസ്റാഈൽ-ഗസ്സ യുദ്ധത്തിൽ 'ദ്വിരാഷ്ട്ര പരിഹാരം' എന്ന നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നതെങ്കിലും ടെൽ അവീവുമായി തന്ത്രപരമായ പങ്കാളിത്തം ഇന്ത്യ നിലനിർത്തുന്നുണ്ട്.
ന്യൂഡൽഹി | പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഫെബ്രുവരി 25ന് ഇസ്റാഈലിലേക്ക് തിരിക്കുമെന്ന് റിപ്പോർട്ട്. വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനം അടുത്തയാഴ്ചയുണ്ടാകുമെന്ന് ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച പ്രധാന അമേരിക്കൻ ജൂത സംഘടനകളുടെ പ്രസിഡന്റുമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് ഇസ്രായേൽ പ്രധാനമന്ത്രി മോദിയുടെ സന്ദർശന വാർത്ത അറിയിച്ചത് .
ഇന്ത്യയുമായുള്ള സഖ്യം അതിശക്തമാണെന്ന് വിശേഷിപ്പിച്ച നെതന്യാഹു, സന്ദർശന വേളയിൽ വിവിധ മേഖലകളിലെ സഹകരണത്തെക്കുറിച്ച് ചർച്ച ചെയ്യുമെന്നും പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന കാര്യം പരിഗണനയിലുണ്ടെന്നും വ്യക്തമാക്കി. 140 കോടി ജനങ്ങളുള്ള ഇന്ത്യ ലോകശക്തിയാണെന്നും ഇന്ത്യക്ക് ഇസ്റാഈലിനോടുള്ള സ്നേഹം വലുതാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
ഇസ്റാഈൽ-ഗസ്സ യുദ്ധത്തിൽ ‘ദ്വിരാഷ്ട്ര പരിഹാരം’ എന്ന നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നതെങ്കിലും ടെൽ അവീവുമായി തന്ത്രപരമായ പങ്കാളിത്തം ഇന്ത്യ നിലനിർത്തുന്നുണ്ട്. കഴിഞ്ഞ വർഷം ഇരു നേതാക്കളും ഫോണിലൂടെ സംസാരിക്കുകയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
ഭീകരവാദത്തോടുള്ള സീറോ ടോളറൻസ് നയവും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യ നൽകുന്ന പിന്തുണയും പ്രധാനമന്ത്രി മോദി അന്ന് വ്യക്തമാക്കിയിരുന്നു. 2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തെത്തുടർന്ന് ബെഞ്ചമിൻ നെതന്യാഹുവിന്റെ ഇന്ത്യ സന്ദർശനം മാറ്റിവെച്ചിരുന്നു.





