Education
സി ബി എസ് ഇ പത്താം ക്ലാസ്: ആദ്യ ബോർഡ് പരീക്ഷയിൽ പങ്കെടുക്കാത്തവർക്ക് രണ്ടാം പരീക്ഷ എഴുതാനാവില്ല
ആദ്യ ഘട്ട പരീക്ഷയിൽ ചുരുങ്ങിയത് മൂന്ന് വിഷയങ്ങളിലെങ്കിലും ഹാജരാകാത്ത വിദ്യാർത്ഥികളെ 'എസൻഷ്യൽ റിപ്പീറ്റ്' വിഭാഗത്തിൽ ഉൾപ്പെടുത്തും
ന്യൂഡൽഹി | പത്താം ക്ലാസ് വിദ്യാർത്ഥികൾ ആദ്യ ഘട്ട ബോർഡ് പരീക്ഷയിൽ പങ്കെടുക്കുന്നത് നിർബന്ധമാണെന്ന് സി ബി എസ് ഇ. വ്യക്തമാക്കി. വിവിധ കാരണങ്ങളാൽ ആദ്യ പരീക്ഷയിൽ പങ്കെടുക്കാൻ കഴിയില്ലെന്നും അതിനാൽ രണ്ടാം ബോർഡ് പരീക്ഷ എഴുതാൻ അനുവദിക്കണമെന്നുമുള്ള ചില അപേക്ഷകൾ ലഭിച്ച പശ്ചാത്തലത്തിലാണ് ബോർഡ് വിശദീകരണവുമായി രംഗത്തെത്തിയത്. ആദ്യ ഘട്ട പരീക്ഷയിൽ ചുരുങ്ങിയത് മൂന്ന് വിഷയങ്ങളിലെങ്കിലും ഹാജരാകാത്ത വിദ്യാർത്ഥികളെ ‘എസൻഷ്യൽ റിപ്പീറ്റ്’ വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.
എല്ലാ വിദ്യാർത്ഥികളും ആദ്യ ബോർഡ് പരീക്ഷയിൽ പങ്കെടുക്കേണ്ടത് അനിവാര്യമാണെന്ന് സി ബി എസ് ഇ. പരീക്ഷാ കൺട്രോളർ സന്യം ഭരദ്വാജ് പറഞ്ഞു. ആദ്യ പരീക്ഷയിൽ വിജയിച്ചവർക്കും അർഹരായവർക്കും സയൻസ്, മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ്, ഭാഷാ വിഷയങ്ങൾ എന്നിവയിൽ ഏതെങ്കിലും മൂന്ന് വിഷയങ്ങളിൽ രണ്ടാം പരീക്ഷയിലൂടെ മാർക്ക് മെച്ചപ്പെടുത്താൻ (ഇംപ്രൂവ്മെന്റ്) അവസരം നൽകും.
എന്നാൽ ആദ്യ പരീക്ഷയിൽ മൂന്നോ അതിലധികമോ വിഷയങ്ങളിൽ ഹാജരാകാത്തവർക്ക് രണ്ടാം പരീക്ഷ എഴുതാൻ അനുവാദമുണ്ടാകില്ല. ഇങ്ങനെയുള്ളവർ എസൻഷ്യൽ റിപ്പീറ്റ് വിഭാഗത്തിലാകുമെന്നും ഇവർക്ക് അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന പ്രധാന പരീക്ഷയിൽ മാത്രമേ പങ്കെടുക്കാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





