Connect with us

Travelogue

ജീലാനിയിൽ കുളിർ പെയ്യുന്നു...

പത്താം വയസ്സിലാണ് ശൈഖവര്‍കള്‍ ഔദ്യോഗിക പഠനമാരംഭിക്കുന്നത്. പ്രതിഭയുടെ തിളക്കം അന്ന് തന്നെ ഉസ്താദുമാരെ ആകർഷിച്ചു. ബഗ്ദാദിലായിരുന്നു ഉപരിപഠനം. വൈജ്ഞാനിക രംഗത്ത് ഏറെ അറിയപ്പെട്ട നഗരമായിരുന്നു അന്ന് ബഗ്ദാദ്. വീട്ടിൽ നിന്നും യാത്ര തിരിക്കുമ്പോൾ ഒരിക്കലും കളവ് പറയരുതെന്ന് ഉമ്മ പ്രത്യേകം ഉപദേശിച്ചിരുന്നു. വഴിയിൽ കൊള്ളക്കാരുടെ പിടിയിലകപ്പെട്ടിട്ടും ശൈഖവർകൾ മാതൃനിർദേശം ലംഘിച്ചില്ല. കൊള്ളസംഘം പശ്ചാതപിച്ച് മടങ്ങാൻ അത് കാരണമായി.

Published

|

Last Updated

ആകാശ നീലിമയോട് ചേർന്ന്, ദൃശ്യവിസ്മയമൊരുക്കി അണിഞ്ഞൊരുങ്ങി നിൽക്കുന്ന രണ്ട് ഖുബ്ബകൾ. ഒന്നിന് നീലഛായം. രണ്ടാമത്തേതിന് ധവളിമയും. അതാ ഹള്റതുൽ ഖാദിരിയ്യയുടെ താഴികക്കുടങ്ങൾ കൺമുന്നിൽ നിൽക്കുന്നു. എത്ര തവണയാണ് അവയിലേക്ക് നോക്കിയതെന്നറിയില്ല. ഇടക്ക് ഇമകൾ അറിയാതെ താഴുന്നു. “യാ ശൈഖ് യാ മുഹ്‌യദ്ദീൻ അബ്ദൽ ഖാദിർ ജീലാനീ’ (ഖ. സി). ഖുത്ബിയ്യത് സദസ്സുകളിൽ ഉച്ചത്തിൽ വിളിച്ച സഹായാഭ്യർഥനയുടെ പ്രതിധ്വനികൾ ഹൃദയത്തിൽ മാറ്റൊലി കൊണ്ടു.

ഞങ്ങളുടെ കൂട്ടത്തിൽ തലേദിവസം ഹോട്ടൽ മുറിയിലിരുന്ന് ഖുത്ബിയ്യത് പാരായണം ചെയ്തവരുണ്ട്. മുഹ്‌യിദ്ദീൻ മാല പാടിയവരുണ്ട്. തലചായ്ക്കാൻ ചെറിയ ഇടവേള മാത്രമാണ് അവർക്കുണ്ടായിരുന്നത്. അതത്രയും അവർ തങ്ങളുടെ ഹൃദയഭാജനത്തിന് വേണ്ടി സമർപ്പിച്ചു. യാത്ര പുറപ്പെടുന്നതിന് മുമ്പ് വീടുകളിലും സ്ഥാപനങ്ങളിലും മജ്‌ലിസുകൾ സംഘടിപ്പിച്ചവർ വേറെയും. എല്ലാം സ്വീകരിക്കാൻ വേണ്ടി പ്രാർഥിക്കണമെന്ന് അഭ്യർഥിക്കുമ്പോൾ പലരും സന്തോഷത്താൽ വിങ്ങിപ്പൊട്ടി. കാത്തുകാത്തിരുന്ന അസുലഭ മുഹൂർത്തമാണല്ലോ വന്നണഞ്ഞിട്ടുള്ളത്.

നല്ല ഇളം വെയിൽ. മുഖത്തും ശരീരത്തിലും വെയിൽ നാളങ്ങൾ പ്രതിഫലനങ്ങൾ സൃഷ്ടിച്ചു. വിയർത്തിരിക്കുമ്പോൾ കുളിർക്കാറ്റടിച്ചാൽ എങ്ങനെയുണ്ടാകും. തണുത്ത അന്തരീക്ഷത്തിൽ ഇളം വെയിൽ കൊള്ളുമ്പോഴും അതേ പ്രതീതി. വാഹനമിറങ്ങി നിരത്തുവക്കിലൂടെ ഞങ്ങൾ മുന്നോട്ടു നടന്നു. അൽപ്പം മുന്നോട്ടു പോയി വലത്തു തിരിഞ്ഞ് നടക്കണം ശൈഖ് ജീലാനി തങ്ങളുടെ ആത്മീയ സോപാനത്തിലേക്ക്. കവാടത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ നിൽപ്പുണ്ട്. ബെൽറ്റിൽ തോക്ക് തൂങ്ങിക്കിടക്കുന്നു. പക്ഷേ, പുഞ്ചിരിയിൽ ചാലിച്ച സ്വീകരണം എല്ലാ ആധികളെയും അസ്ഥാനത്താക്കി. നേരെ കാണുന്നത് ബാത്ത് റൂം കോംപ്ലക്സാണ്. ശരാശരി വൃത്തിയുണ്ട്. അംഗശുദ്ധി വരുത്തി അകത്തേക്ക് നടന്നു.

വെയിലുണ്ടെങ്കിലും നിലത്തെ മാർബിൾ വിരിപ്പ് തണുപ്പ് മാറിയിട്ടില്ല. സോക്സിടാതെ നടക്കാൻ പ്രയാസമാണ്. അകത്തേക്ക് കയറുന്തോറും ഏതോ കാന്തിക തരംഗങ്ങൾ പിടിച്ചു വലിക്കുന്ന പോലെ. “എന്നെ ഫിടിച്ചവർ ഏതും ഫേടിക്കണ്ട, യെന്നെ ഫിടിച്ചോർക്ക് ഞാൻ കാവൽ എന്നോവർ’ എന്നാണ് മുഹ്‌യിദ്ദീൻ മാലയിലെ വരികൾ. ഖാദിരിയ്യത്തിന്റെ ആ സ്നേഹവും കരുതലും പ്രതീക്ഷിച്ചാണല്ലോ ഇത്രയും ദൂരം താണ്ടി ഹള്റതുൽ ഖാദിരിയ്യയുടെ തിരുമുറ്റത്തെത്തിയത്.

മുൻ സന്ദർശനങ്ങളിൽ നിന്ന് വ്യത്യസ്തമായി നിർമിതികളെല്ലാം നവീകരിച്ചിട്ടുണ്ട്. തുർക്കി പ്രസിഡന്റ്ഉർദുഗാന്റെ നിർദേശ പ്രകാരമാണ് അതെന്ന് ജീലാനി മസ്ജിദിനകത്തെ ശിലാഫലകം സൂചിപ്പിക്കുന്നു. ശൈഖ് അബൂ സഈദ് മഖ്റമി സ്ഥാപിച്ച മദ്റസയായിരുന്നു ആദ്യകാലത്ത് ഇവിടെ ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ വിയോഗാനന്തരം ജീലാനി തങ്ങളായിരുന്നു മദ്റസയുടെ മേൽനോട്ടം. ശീഈ ഭരണകാലത്ത് മഖ്ബറയും അനുബന്ധ കെട്ടിടങ്ങളും നശിപ്പിച്ചിരുന്നു. ഉസ്മാനിയ്യാ ഖലീഫ സുലൈമാനാണ് ഇന്ന് കാണുന്ന രീതിയിൽ കൂറ്റൻ ഖുബ്ബകളും മിനാരങ്ങളും പണിത് ഹള്റതുൽ ഖാദിരിയ്യ ആകർഷണീയമാക്കിയത്. 2007ൽ മഖ്ബറക്ക് നേരെ ഭീകരാക്രമണമുണ്ടായി. ഇരുപത്തിനാല് പേർക്ക് സ്ഫോടനത്തിൽ ജീവൻ നഷ്ടമായി. മഖ്ബറക്കും മിനാരങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു.
പേര്‍ഷ്യയിലെ ഗീലാനിൽ ഹി.470/ ക്രി.1077 റമസാൻ ഒന്നിനാണ് ശൈഖ് ജീലാനി ജനിക്കുന്നത്. പിതാവ് സ്വാലിഹ് ഇബ്നു ജം‌ഗിദോസ്ത്(റ). ഹസന്‍(റ)ലേക്കാണ് പിതൃപരമ്പര ചെന്നെത്തുന്നത്. മാതാവ് ഉമ്മുൽഖൈർ(റ).

മാതൃപരമ്പര ഹുസൈന്‍(റ)വിൽ സന്ധിക്കുന്നു. കുഞ്ഞുപ്രായം മുതൽ അത്ഭുതങ്ങൾ നിറഞ്ഞതായിരുന്നു ഗൗസുൽ അഅളമിന്റെ ജീവിതം. റമസാന്‍ പകലില്‍ മുലപ്പാൽ കുടിച്ചിരുന്നില്ല. ആരാധനാ കർമങ്ങളിലൂടെ ഔന്നത്യങ്ങൾ കീഴടക്കിയ ശേഷമാണ് സാധാരണ ഗതിയില്‍ ഔലിയാക്കളില്‍ നിന്ന് കറാമത്തുകള്‍ ഉണ്ടാകാറുള്ളത്. എന്നാല്‍ ജനനം മുതൽ കറാമത്തുകള്‍ കൊണ്ടനുഗൃഹീതനായിരുന്നു ശൈഖ് ജീലാനി(റ). കുട്ടിത്തത്തിന്റെ ചാപല്യങ്ങളോ അപക്വതകളോ മഹാനവർകളിൽ പ്രകടമായിരുന്നില്ല.

പത്താം വയസ്സിലാണ് ശൈഖവര്‍കള്‍ ഔദ്യോഗിക പഠനമാരംഭിക്കുന്നത്. പ്രതിഭയുടെ തിളക്കം അന്ന് തന്നെ ഉസ്താദുമാരെ ആകർഷിച്ചു. ബഗ്ദാദിലായിരുന്നു ഉപരിപഠനം. വൈജ്ഞാനിക രംഗത്ത് ഏറെ അറിയപ്പെട്ട നഗരമായിരുന്നു അന്ന് ബഗ്ദാദ്. വീട്ടിൽ നിന്നും യാത്ര തിരിക്കുമ്പോൾ ഒരിക്കലും കളവ് പറയരുതെന്ന് ഉമ്മ പ്രത്യേകം ഉപദേശിച്ചിരുന്നു. വഴിയിൽ കൊള്ളക്കാരുടെ പിടിയിലകപ്പെട്ടിട്ടും ശൈഖവർകൾ മാതൃനിർദേശം ലംഘിച്ചില്ല. കൊള്ളസംഘം പശ്ചാതപിച്ച് മടങ്ങാൻ അത് കാരണമായി.

ബഗ്ദാദിൽ നിന്നു തന്നെയായിരുന്നു അധ്യാപനത്തിന്റെ തുടക്കവും. ജാമിഅതു അബീ സഊദില്‍ മഖ്‌റമി(റ)യിലായിരുന്നു ആദ്യം. പിന്നീട് ബഗ്ദാദിലെ ‘നിളാമിയ്യ’ യൂനിവേഴ്സിറ്റിയിലും. ഇസ്്ലാമിക ലോകത്തെ ഏറ്റവും വലിയ ദർസുകളിലൊന്നായിരുന്നു ശൈഖ് ജീലാനി(റ)യുടേത്. ഭരണാധികാരികൾക്ക് വരെ അസൂയ ജനിപ്പിക്കും വിധമുള്ള ജനസ്വീകാര്യതയും പ്രസിദ്ധിയും മഹാനവർകൾ നേടി. സ്വദേശിയരും വിദേശീയരുമായ ആയിരക്കണക്കിനാളുകളാണ് ആ ചാരത്തേക്ക് ഒഴുകിയെത്തിയത്.

ഉദാത്തമായ സ്വഭാവത്തിനുടമയായിരുന്നു ശൈഖവർകൾ. ശരീഅതിലും ത്വരീഖതിലും ഹഖീഖതിലും ഒരു പോലെ അവഗാഹമുണ്ടായിരുന്നു. ആദ്യം ശാഫിഇയ്യും പിന്നീട് ഹമ്പലി മദ്ഹബും പിന്തുടർന്നു. ആഴ്ചയില്‍ മൂന്ന് തവണയായിരുന്നു ശൈഖ് ജീലാനി വഅള് മജ്്ലിസുകൾ സംഘടിപ്പിച്ചത്. വിശ്വാസികളിൽ അവ മാറ്റത്തിന്റെ അലയൊലികൾ സൃഷ്ടിച്ചു. അവിശ്വാസികളിൽ പലരും ആ ഉപദേശങ്ങള്‍ കേട്ട് ഇസ്‌ലാമിലേക്ക് കടന്നുവന്നു. ‘മുഹ്‌യിദ്ദീന്‍’ അഥവാ ദീനിനെ ജീവിപ്പിച്ചവൻ എന്ന പേരിൽ ശൈഖ് ജീലാനി അറിയപ്പെടാൻ അത് കാരണമായി.
ശൈഖവർകളുടെ ജീവിതം പ്രമേയമായ നിരവധി ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. മുഹ്‌യിദ്ദീന്‍ മാലയും ഖുതുബിയ്യത്തും അവയിൽ ശ്രദ്ധേയമാണ്. ഹിജ്‌റ 561 റബീഉല്‍ ആഖിര്‍ പതിനൊന്നിനായിരുന്നു ശൈഖ് ജീലാനി(റ)യുടെ വിയോഗം.

---- facebook comment plugin here -----

Latest