From the print
യമൻ തലസ്ഥാനമായ സൻആയിൽ ഇസ്റാഈൽ ആക്രമണം
മൂന്ന് പേർ കൊല്ലപ്പെട്ടു • 38 പേർക്ക് പരുക്ക്

സൻആ | യമൻ തലസ്ഥാനമായ സൻആയിൽ ഇസ്റാഈൽ വ്യോമാക്രമണം. വിമാനത്താവളത്തിന് ചുറ്റുമുള്ള പ്രദേശം വിട്ടുപോകാൻ ഇസ്റാഈൽ സൈന്യം മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. സൻആ അന്താരാഷ്ട്ര വിമാനത്താവളത്തിന് ചുറ്റുമുള്ള പ്രദേശത്ത് നിന്ന് ഒഴിവാകാതിരിക്കുന്നത് നിങ്ങളെ അപകടത്തിലാക്കുമെന്നായിരുന്നു ഇസ്റാഈൽ സൈന്യത്തിന്റെ മുന്നറിയിപ്പ്.
സൻആ വിമാനത്താവളത്തിലും സിമെന്റ്ഫാക്ടറിയിലും പ്രദേശത്തെ ചില പ്രധാന സ്ഥലങ്ങളിലും നടന്ന ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 38 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഹൂതി നിയന്ത്രണത്തിലുള്ള അൽ മസീറ ടി വി റിപോർട്ട് ചെയ്തു.
ഇസ്റാഈലിലെ ബെൻ ഗരിയോൺ വിമാനത്താവളത്തിന് സമീപം ഹൂതികൾ ഞായറാഴ്ച നടത്തിയ മിസൈൽ ആക്രമണത്തിന് മറുപടിയായി തിങ്കളാഴ്ച യമൻ തുറമുഖമായ ഹുദൈദയിൽ ഇസ്റാഈൽ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ സൻആയിലും ആക്രമണമുണ്ടായത്. ഹുദൈദ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും 39 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഹൂതികളുടെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, സൻആയിൽ നടത്തിയ ആക്രമണങ്ങൾ ഇസ്റാഈൽ സ്ഥിരീകരിച്ചു. സൻആയിലെ വിമാനത്താവളവും തലസ്ഥാന നഗരിയിലെ നിരവധി പ്രധാന വൈദ്യുത നിലയങ്ങളും ഉൾപ്പെടെ യമനിലെ ഹൂതി കേന്ദ്രങ്ങൾ ആക്രമിച്ചതായി സൈന്യം അവകാശപ്പെട്ടു.
സൻആക്ക് വടക്കുള്ള അൽ ഇംറാൻ സിമെന്റ്ഫാക്ടറിക്ക് നേരെയും ആക്രമണം നടത്തിയിട്ടുണ്ട്. ഇസ്റാഈലിന് ഭീഷണി ഉയർത്തുന്ന ഏതൊരു ഗ്രൂപ്പിനെയും പിന്തുടർന്ന് ബലപ്രയോഗത്തിലൂടെ ആക്രമിക്കുമെന്നും ഇസ്റാഈൽ സൈന്യം പ്രസ്താവനയിൽ
പറഞ്ഞു. ഇസ്റാഈലിലെ ബെൻ ഗരിയോൺ വിമാനത്താവളത്തിന് സമീപം ഹൂതികൾ തൊടുത്തുവിട്ട മിസൈൽ പതിച്ചതിനെത്തുടർന്ന് തിരിച്ചടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു.