International
ദോഹയിലെ ഇസ്റാഈൽ ആക്രമണം: ഖത്വർ പ്രധാനമന്ത്രിയോട് മാപ്പ് പറഞ്ഞ് നെതന്യാഹു
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വൈറ്റ്‌ഹൗസിൽ വെച്ച് കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നെതന്യാഹു ഖത്വർ പ്രധാനമന്ത്രിയെ ടെലിഫോണിൽ വിളിച്ച് മാപ്പപേക്ഷിച്ചത്.

വാഷിംഗട്ൺ | ഗസ്സയിലെ ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ട് സെപ്റ്റംബർ 11-ന് ദോഹയിൽ ഇസ്റാഈൽ നടത്തിയ വ്യോമാക്രമണത്തിൽ ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഖത്വർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനിയോട് ക്ഷമ ചോദിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വൈറ്റ്‌ഹൗസിൽ വെച്ച് കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നെതന്യാഹു ഖത്വർ പ്രധാനമന്ത്രിയെ ടെലിഫോണിൽ വിളിച്ച് മാപ്പപേക്ഷിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശക്തമായ സമ്മർദത്തെ തുടർന്നാണ് മാപ്പപേക്ഷയെന്നാണ് റിപ്പോർട്ടുകൾ.
സമാധാന ചർച്ചകൾക്കായി ദോഹയിൽ ഒത്തുകൂടിയ മുതിർന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടുള്ള അപ്രതീക്ഷിത ആക്രമണത്തിനാണ് നെതന്യാഹു ഖേദം പ്രകടിപ്പിച്ചത്. ഇസ്റാഈലിന്റെ ഈ നടപടി അമേരക്കയുൾപ്പടെ പല രാജ്യങ്ങളിൽ നിന്നും വ്യാപകമായ വിമർശനത്തിന് ഇടയാക്കിയിരുന്നു.
ഇസ്റാഈലും ഹമാസും തമ്മിലുള്ള മുൻ ഒത്തുതീർപ്പ് ചർച്ചകളിൽ നിർണായക പങ്ക് വഹിച്ച ഖത്വറിൽ നിന്നുള്ള പ്രതിനിധി സംഘം ഗസ്സയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി തിങ്കളാഴ്ച വൈറ്റ്‌ഹൗസിൽ എത്തുമെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥൻ റൊയിട്ടേഴ്‌സിനോട് അറിയിച്ചിരുന്നു.
ട്രംപിന്റെ സമാധാന നിർദ്ദേശത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ദോഹയിൽ ഒരുമിച്ച ഹമാസിന്റെ രാഷ്ട്രീയ നേതൃത്വത്തെ ലക്ഷ്യമിട്ടാണ് സെപ്റ്റംബർ 11-ന് ഇസ്റാഈൽ വ്യോമാക്രമണം നടത്തിയത്. അമേരിക്കയുടെ സഖ്യകക്ഷിയും മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളങ്ങളിലൊന്ന് സ്ഥിതിചെയ്യുന്നതുമായ ഖത്വറിനെ ലക്ഷ്യമിട്ടുള്ള ഈ ആക്രമണം ട്രംപിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന ഒന്നായി.
ഈ ആക്രമണത്തിൽ യുഎസ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ആക്രമണത്തെക്കുറിച്ച് യുഎസിന് മുന്നറിയിപ്പ് നൽകാതിരുന്നതിൽ ട്രംപ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ആക്രമണം നടത്താനുള്ള തീരുമാനം ‘വിവേകമുള്ളതല്ല’ എന്ന് നെതന്യാഹുവിനെ അറിയിച്ചതായും മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ വോള സ്ട്രീറ്റ് ജേർണലിനോട് പറഞ്ഞു.
എന്നാൽ, ആക്രമണത്തിന് മുമ്പ് നെതന്യാഹു ട്രംപിനോട് സംസാരിച്ചതായി ആക്‌സിയോസ് (Axios) റിപ്പോർട്ട് ചെയ്തു. അതായത്, വ്യോമാക്രമണത്തെക്കുറിച്ച് യുഎസിന് അറിവുണ്ടായിരുന്നു. അതേസമയം, മിസൈലുകൾ ആകാശത്ത് എത്തിയ ശേഷമാണ് വിവരമറിയിച്ചതെന്നും, അതിനാൽ ആക്രമണത്തെ എതിർക്കാൻ ട്രംപിന് അവസരം ലഭിച്ചില്ലെന്നും വൈറ്റ്‌ഹൗസ് അവകാശപ്പെട്ടു.
ആഗോള പ്രതിഷേധങ്ങൾ ഉണ്ടായിട്ടും, തീവ്രവാദികൾക്ക് അഭയം നൽകുന്നുവെന്ന് ആരോപിച്ച് നെതന്യാഹു ഖത്വറിനെതിരെ പലതവണ ആക്രമണം നടത്തിയിരുന്നു. കൂടുതൽ ആക്രമണങ്ങളെക്കുറിച്ച് സൂചന നൽകുകയും ചെയ്തു. എന്നാൽ, ഡൊണാൾഡ് ട്രംപും മുതിർന്ന യുഎസ് ഉദ്യോഗസ്ഥരും ഖത്വർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും, ഗൾഫ് രാജ്യത്തെ ഒരു “മഹത്തായ സഖ്യകക്ഷി” എന്ന് ട്രംപ് പ്രശംസിക്കുകയും ഇസ്റാഈൽ ഇനി ഖത്വർ മണ്ണിൽ ആക്രമണം നടത്തില്ലെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തിരുന്നു.