Connect with us

International

ഗസ്സയിൽ താത്കാലിക വെടിനിർത്തലിന് ഒരുക്കമെന്ന് ഇസ്റാഈൽ പ്രസിഡന്റ്

‘വംശഹത്യ യുദ്ധം’ അവസാനിക്കുന്നതുവരെ ബന്ദികളാക്കപ്പെട്ടവരെക്കുറിച്ചുള്ള ചർച്ചകൾ ഹമാസ് നിരസിച്ചു.

Published

|

Last Updated

ഗസ്സ സിറ്റി | ഇസ്റാഈലി തടവുകാരെ മോചിപ്പിക്കാൻ അനുവദിക്കുന്നതിനും കൂടുതൽ മാനുഷിക സഹായം ലഭ്യമാക്കുന്നതിന് സാഹചര്യമൊരുക്കാനും ഗസ്സയിൽ താൽകാലിക വെടിനിർത്തലിന് തയ്യാറാണെന്ന് ഇസ്റാഈൽ പ്രസിഡന്റ് ഐസക് ഹെർസോഗ്. അംബാസഡർമാരുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അതേസമയം, ‘വംശഹത്യ യുദ്ധം’ അവസാനിക്കുന്നതുവരെ ബന്ദികളാക്കപ്പെട്ടവരെക്കുറിച്ചുള്ള ചർച്ചകൾ ഹമാസ് നിരസിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഏത് സംരംഭത്തിനും തങ്ങൾ തയ്യാറാണെന്നും മുതിർന്ന ഹമാസ് ഉദ്യോഗസ്ഥൻ ബാസെം നയിം പ്രസ്താവനയിൽ പറഞ്ഞു.

ഖത്തറിന്റെ മധ്യസ്ഥതയെ തുടർന്ന് ഗസ്സയിൽ നവംബർ അവസാനം ആറ് ദിവസത്തെ താത്കാലിക വെടിനിർത്തൽ നിലവിൽ വന്നിരുന്നു. ഇരുപക്ഷത്ത് നിന്നും ഏതാനും ബന്ധികളുടെ മോചനത്തിന് ഇത് വഴിയൊരുക്കി. ആദ്യം നാല് ദിവസത്തെ വെടിനർത്തലാണ് ഇസ്റാഈൽ അംഗീകരിച്ചത്. പിന്നീട് ലോകരാഷ്ട്രങ്ങളുടെ സമ്മർദത്തെ തുടർന്ന് ഇത് രണ്ട് ദിവസം കൂടി ദീർഘീപ്പിക്കുകയായിരുന്നു. ഒക്ടോബർ ഏഴിന് തുടങ്ങിയ നരനായാട്ടിനിടെ ആകെ ലഭിച്ച ആശ്വാസ ദിനങ്ങളായിരുന്നു ഇത്.

അതിനിടെ, കഴിഞ്ഞ രണ്ട് മാസമായി തുടരുന്ന ആക്രമണത്തിൽ ഗസ്സയിൽ മരിച്ച ഫലസ്തീനികളടെ എണ്ണം 19,667 ആയതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 52,586 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആദ്യം വടക്കൻ ഗസ്സയിൽ തുടങ്ങിയ ആക്രമണം ഇപ്പോൾ തെക്കൻ ഗസ്സയിലേക്കും വ്യാപിപ്പിച്ച് കൂടുതൽ കടുപ്പിച്ചിരിക്കുകയാണ് ഇസ്റാഈൽ.

Latest