From the print
ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്‌റാഈല്‍ നരനായാട്ട്
വെസ്റ്റ് ബാങ്കില്‍ വ്യാപക അറസ്റ്റും.
		
      																					
              
              
            ഗസ്സ സിറ്റി | ഗസ്സയില്‍ ഇസ്റാഈല്‍ സൈന്യം നിരപരാധികളുടെ ചോരചിന്തുന്നത് നിര്‍ബാധം തുടരുന്നു. കഴിഞ്ഞ ദിവസം രാത്രി നടത്തിയ വ്യോമാക്രമണത്തില്‍ തെക്കന്‍ ഖാന്‍ യൂനുസില്‍ 13ഉം വടക്കന്‍ ഗസ്സയിലെ ജബലിയ്യയില്‍ ഒമ്പതും മധ്യഗസ്സയിലെ നുസ്വീറത് അഭയാര്‍ഥി ക്യാമ്പില്‍ 14ഉം അല്‍ മവാസിയില്‍ നാലും അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ തുബസില്‍ അഞ്ചും ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. നബ്്ലസിലും തുല്‍കാരിം അഭയാര്‍ഥി ക്യാമ്പിലും കര സൈന്യവും ആക്രമണം നടത്തി.
അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ബെത്ലഹേമില്‍ വ്യത്യസ്ത റെയ്ഡുകളിലായി മൂന്ന് കൗമാരക്കാരെ ഇസ്റാഈല്‍ സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഖാന്‍ യൂനുസില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ കുട്ടിയാണ്. വടക്കുപടിഞ്ഞാറന്‍ റാമല്ലയിലെ ബെയ്ത് റിമ, റന്തീസ് എന്നിവിടങ്ങളില്‍ നിന്ന് രണ്ട് മുതിര്‍ന്നവരെയും പിടികൂടി. ഹെബ്രോണില്‍ 17 പേരെയാണ് അറസ്റ്റ് ചെയ്തത്. മൊത്തം 30 പേരെ വെസ്റ്റ് ബാങ്കില്‍ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തുബസില്‍ വ്യോമാക്രമണത്തിന് പുറമെ ഇസ്റാഈല്‍ സൈന്യം മണിക്കൂറുകളോളം ഉപരോധിക്കുകയും ചെയ്തു. ഇവിടെ കൊല്ലപ്പെട്ടവരില്‍ എല്ലാവരും 25 വയസ്സിന് താഴെയുള്ളവരാണ്. നഗര കവാടം അടക്കുകയും തുര്‍ക്കിഷ് സര്‍ക്കാര്‍ ആശുപത്രിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ചെയ്തു. ഫലസ്തീന്‍ റെഡ് ക്രസന്റിന്റെ ആംബുലന്‍സ് സ്ഥലത്തേക്ക് പ്രവേശിക്കുന്നതും തടഞ്ഞു. തുല്‍കാരിമില്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ അഞ്ച് പ്രവര്‍ത്തകരെ ഇസ്റാഈല്‍ സൈന്യം കസ്റ്റഡിയിലെടുത്തു. രാവിലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇസ്റാഈല്‍ സൈനിക വാഹനം ഫലസ്തീന്‍ സായുധ സംഘം സ്ഫോടനത്തില്‍ തകര്‍ത്തിട്ടുണ്ട്.
സൈനികര്‍ കൊല്ലപ്പെട്ടു
റഫയില്‍ ഇസ്റാഈല്‍ സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് രണ്ട് സൈനികര്‍ മരിച്ചു. പരുക്കേറ്റ സൈനികനെ കൊണ്ടുപോകാനെത്തിയതായിരുന്നു കോപ്റ്റര്‍. വെസ്റ്റ് ബാങ്കിലെ ഗിവത് അസ്സാഫില്‍ കൈയേറ്റ കെട്ടിടത്തിന് സമീപത്ത് കാറിടിച്ച് ഇസ്റാഈല്‍ പൗരന് പരുക്കേറ്റു. ഇവിടെ സൈനിക ചെക്ക് പോയിന്റിലേക്ക് ലോറി ഇടിച്ചുകയറി സൈനികനും പരുക്കേറ്റു.
അതിനിടെ, ഗസ്സയിലെ കൂട്ടക്കുരുതിക്കെതിരെ ആസ്ത്രേലിയയില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മെല്‍ബെണില്‍ നടന്ന പ്രതിഷേധത്തില്‍ 1,200 പേര്‍ പങ്കെടുത്തു. ഗ്രനേഡുകള്‍, ഫ്‌ലാഷ് അടിക്കുന്ന ഉപകരണങ്ങള്‍, ചൊറിച്ചിലുണ്ടാക്കുന്ന വസ്തുക്കളുടെ സ്പ്രേ എന്നിവ ഉപയോഗിച്ച് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ശ്രമിച്ചു.
വെള്ള ഫോസ്ഫറസ്
അതേസമയം, ലബനാനില്‍ രാത്രി ഇസ്റാഈല്‍ കനത്ത ആക്രമണം നടത്തി. 15ലേറെ തവണയാണ് ആക്രമണമുണ്ടായത്. ഒരു ഹിസ്ബുല്ല അംഗം കൊല്ലപ്പെട്ടതായി ഇസ്റാഈല്‍ സൈന്യം അറിയിച്ചു. തെക്കന്‍ നഗരമായ ഖിയാമില്‍ വെള്ള ഫോസ്ഫറസ് രാസവസ്തു ഇസ്റാഈല്‍ പ്രയോഗിച്ചതായി ലബനാന്‍ ദേശീയ വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഷെല്ലുകള്‍, ബോംബുകള്‍, റോക്കറ്റുകള്‍ എന്നിവയിലാണ് ഈ രാസവസ്തു ഉള്‍പ്പെടുത്തിയത്. ഇവ പൊട്ടുമ്പോള്‍ വായുവില്‍ കലര്‍ന്ന് ജനങ്ങള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാകും. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമം അനുസരിച്ച് വെള്ള ഫോസ്ഫറസ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. 907 കിലോ വരുന്ന അമേരിക്കന്‍ നിര്‍മിത എം കെ- 84 ബോംബ് ആണ് കഴിഞ്ഞ ദിവസം ഗസ്സയിലെ അല്‍ മവാസിയില്‍ ഇസ്റാഈല്‍ സൈന്യം പ്രയോഗിച്ചത്. ആക്രമണത്തെ തുടര്‍ന്ന് ഭൂകമ്പത്തിന് സമാന പ്രകമ്പനമാണുണ്ടായത്.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
