From the print
ഗസ്സ പിടിച്ചെടുക്കാന്‍ ഇസ്‌റാഈല്‍ നീക്കം
പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം.

തെല്‍ അവീവ് | ഗസ്സ മുനമ്പ് പൂര്‍ണമായും പിടിച്ചെടുക്കാനുള്ള പദ്ധതിയുമായി ഇസ്റാഈല്‍. ഹമാസിനെതിരെയുള്ള സൈനിക നീക്കം വിപുലീകരിച്ച് ഗസ്സ നിയന്ത്രണത്തിലാക്കാനാണ് തീരുമാനം. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാ ക്യാബിനറ്റ് പദ്ധതിക്ക് ഏകകണ്ഠമായി അംഗീകാരം നല്‍കി. മന്ത്രിസഭാ തീരുമാനത്തിന് പിന്നാലെ റിസര്‍വിലുള്ള ആയിരക്കണക്കിന് സൈനികരോട് തിരികെ വരാന്‍ സൈനിക മേധാവി നിര്‍ദേശിച്ചു.
തെക്കില്‍ ഒതുക്കും
പദ്ധതിയുടെ ഭാഗമായി വടക്കന്‍ ഗസ്സ പൂര്‍ണമായും ഒഴിപ്പിക്കും. 23 ലക്ഷം വരുന്ന ഫലസ്തീനികളെ തെക്കന്‍ ഗസ്സയിലൊതുക്കും. ഇവിടെ മാനുഷിക സഹായം നടത്താന്‍ ഹമാസിനെ അനുവദിക്കില്ല. മാനുഷിക സഹായങ്ങളുടെ നിയന്ത്രണം ഇസ്റാഈല്‍ ഏറ്റെടുക്കും. പിടിച്ചെടുക്കുന്ന പ്രദേശം ഘട്ടം ഘട്ടമായി വിപുലപ്പെടുത്താനാണ് നീക്കം. നിലവില്‍ ഗസ്സയുടെ മൂന്നിലൊന്നും ഇസ്‌റാഈലിന്റെ നിയന്ത്രണത്തിലാണ്. ഗസ്സയില്‍ ബന്ദികളാക്കപ്പെട്ടവരുടെ മോചനവും ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുകയുമാണ് ലക്ഷ്യമെന്നാണ് ഇസ്റാഈല്‍ ഡിഫന്‍സ് ഫോഴ്സ് (ഐ ഡി എഫ്) അവകാശപ്പെടുന്നത്. പുതിയ നീക്കം ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കുമെന്ന മുന്നറിയിപ്പും സൈനിക നേതൃത്വം ഇസ്റാഈല്‍ മന്ത്രിമാരെ അറിയിച്ചിട്ടുണ്ട്.
ദേശീയ സുരക്ഷാ കൗണ്‍സില്‍ മേധാവി ആവിഷ്‌കരിച്ച പദ്ധതി നേരത്തേ ഇസ്റാഈല്‍ ഭരണകൂടം പരിഗണിച്ചിരുന്നുവെങ്കിലും യു എസ് പ്രസിഡന്റായിരുന്ന ജോ ബൈഡന്‍ വിയോജിപ്പ് പ്രകടിപ്പിച്ചതും അന്താരാഷ്ട്ര സമൂഹത്തിന്റെ എതിര്‍പ്പും പരിഗണിച്ച് മാറ്റിവെക്കുകയായിരുന്നു.
യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്തയാഴ്ച നടത്തുന്ന പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിന് ശേഷം മാത്രമേ പദ്ധതി നടപ്പാക്കൂവെന്നും അതുവരെ ഹമാസുമായി വെടിനിര്‍ത്തലും ബന്ദിമോചന കരാറും പാലിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ഇസ്റാഈല്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.