Connect with us

From the print

ഭക്ഷണവുമായി വന്ന ട്രക്ക് ആക്രമിച്ച് ഇസ്റാഈൽ

അഞ്ച് മരണം

Published

|

Last Updated

ഗസ്സ | ഗസ്സയിൽ ഇസ്റാഈലിന്റെ ക്രൂരത ഭക്ഷണ ട്രക്കുകൾക്ക് നേരെയും. തെക്കൻ ഗസ്സയിൽ ഭക്ഷണ മാവ് കൊണ്ടുവരികയായിരുന്ന ട്രക്കിന് ചുറ്റും കൂടിയിരുന്ന ആളുകളെ ലക്ഷ്യമിട്ട് ഇസ്റാഈൽ നടത്തിയ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 50 പേർക്ക് പരുക്കേറ്റു. പട്ടിണിയിലായ ഫലസ്തീനികൾക്കുള്ള ഭക്ഷ്യവസ്തുക്കളും മരുന്നുകളുമായി എത്തിയ ലോറികൾക്ക് സംരക്ഷണം നൽകിയ ഫലസ്തീൻ സുരക്ഷാ ജീവനക്കാരാണ് കൊല്ലപ്പെട്ടതെന്ന് ഹമാസ് അറിയിച്ചു. ഇസ്റാഈൽ സൈന്യം സാധരണക്കാരെ കൊല്ലുന്നത് വിനോദമാക്കിയിരിക്കുകയാണെന്ന് ഹമാസ് ആരോപിച്ചു. ഉപരോധം ഗസ്സയെ കൊടും പട്ടിണിയിലാക്കിയതിനെ തുടർന്ന് ബ്രിട്ടൻ അടക്കമുള്ള വിവിധ രാജ്യങ്ങൾ രംഗത്തെത്തിയതോടെയാണ് ഇസ്റാഈൽ 119 സഹായ ട്രക്കുകൾ കടത്തി വിടാൻ അനുമതി നൽകിയത്.

കരീം ശാലോം കവാടത്തിലൂടെയാണ് ഗസ്സയിലേക്ക് സഹായ ട്രക്കുകൾ കടത്തിവിട്ടത്. ഖാൻ യൂനുസിൽ ഭക്ഷണം കടത്തിക്കൊണ്ടുപോകുന്നത് തടയുന്നതിനായി ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിന് കാവൽ നിൽക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. എന്നാൽ, ആക്രമണത്തിൽ ഇസ്റാഈൽ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, ഗസ്സയിലേക്ക് എത്തിച്ച മാനുഷിക സഹായം തികയില്ലെന്ന് യു എൻ അറിയിച്ചു. ദിവസം 600 ട്രക്കുകളിൽ സഹായം എത്തിച്ചാൽ മാത്രമേ ഗസ്സക്കാരെ രക്ഷിക്കാൻ കഴിയൂവെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലായി 29 കുഞ്ഞുങ്ങൾ പട്ടിണി കിടന്ന് മരിച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെറിക്കോക്ക് വടക്ക് സ്ഥിതി ചെയ്യുന്ന അൽ-ഔജ വെള്ളച്ചാട്ട പ്രദേശത്തെ ഫലസ്തീൻ കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്ന ജല പൈപ്പുകൾ ഇസ്റാഈൽ കുടിയേറ്റക്കാർ നശിപ്പിച്ചു.
ഫലസ്തീനികൾ അവരുടെ ഭൂമി ഉപേക്ഷിച്ച് പോകുന്നതിന് വേണ്ടി കുടിയേറ്റക്കാർ ജലവിതരണം തടസ്സപ്പെടുത്തുകയാണെന്ന് അൽ-ബൈദർ ഓർഗനൈസേഷൻ ജനറൽ സൂപർവൈസർ ഹസൻ മൈഹാത്ത് വഫ പറഞ്ഞു.

അതേസമയം, ഖാൻയുനുസിൽ ഇസ്റാഈൽ വെടിവെപ്പ് തുടരുന്നതിനാൽ യൂറോപ്യൻ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരെയും മറ്റുള്ളവരെയും രക്ഷപ്പെടുത്താൻ കഴിയുന്നില്ലെന്ന് ഗസ്സാ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മെഡിക്കൽ ഉപകരണങ്ങൾക്കും ആരോഗ്യ മേഖലയിലെ ജീവനക്കാർക്കും സംരക്ഷണം നൽകാൻ അന്താരാഷ്ട്ര സമൂഹം ഇസ്റാഈലിനോട് ആവശ്യപ്പെടണമെന്നും മന്ത്രാലയം അറിയിച്ചു.

Latest