Connect with us

Articles

യു എസ് പിന്മാറ്റം പുതിയ ലോകക്രമത്തിന്റെ തുടക്കമോ?

സമാധാനവും സന്തോഷവും നിറഞ്ഞ അഫ്ഗാനല്ല അമേരിക്ക ലക്ഷ്യം വെച്ചത്,

Published

|

Last Updated

അമേരിക്കയുടെ അവസാന യുദ്ധ വിമാനവും അഫ്ഗാനില്‍ നിന്ന് യാത്രയായിരിക്കുകയാണ്. സോവിയറ്റ് സൈന്യത്തിന്റെ അഫ്ഗാനില്‍ നിന്നുള്ള മടക്കത്തെ ഓര്‍മപ്പെടുത്തുന്ന വിധമുള്ള ഈ പിന്മാറ്റം ലോകം കൗതുകത്തോടെ നോക്കി നില്‍ക്കുന്നു. സാമ്രാജ്യത്വത്തിന്റെ ശവപ്പറമ്പെന്ന് വിളിക്കപ്പെടുന്ന അഫ്ഗാന്റെ മണ്ണില്‍ നിന്ന് ഒരു സാമ്രാജ്യത്വ ശക്തികൂടി പരാജയപ്പെട്ട് പിന്മാറുകയാണ്. 20 വര്‍ഷത്തെ അധിനിവേശ യുദ്ധത്തിന് വിരാമം കുറിച്ചിരിക്കുന്നു. പത്ത് വര്‍ഷത്തെ സോവിയറ്റ് അധിനിവേശവും 20 വര്‍ഷത്തെ അമേരിക്കന്‍ അധിനിവേശവും മറികടന്ന് അഫ്ഗാനിലെ താലിബാന്‍ വീണ്ടും അധികാരത്തില്‍ എത്തി ആഴ്ചകളാകുന്നു. ഭൂമിശാസ്ത്രപരമായ പ്രാധാന്യം കൊണ്ട് തന്നെയാണ് അഫ്ഗാനിസ്ഥാനെ ഇത്രക്കും ശ്രദ്ധിക്കപ്പെടാന്‍ കാരണം. ബഫര്‍ സ്റ്റേറ്റ് എന്ന് വിളിക്കാവുന്ന രാജ്യം. ഏഷ്യ, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ഗേറ്റ് വേ. കൂടാതെ മധ്യ ഏഷ്യയിലും ദക്ഷിണ ഏഷ്യയിലും ഉള്‍പ്പെടാവുന്ന രാജ്യം. ഒരു വശത്ത് സാമ്രാജ്യത്വ ശക്തിയായ അമേരിക്കയുടെ തോല്‍വി ആഘോഷിക്കുമ്പോള്‍, മറുവശത്ത് താലിബാന്‍ വിജയത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുകയാണ്. അതേസമയം, അഫ്ഗാനിലെ ജനത ആശങ്കയുടെ മുള്‍മുനയിലും. അഫ്ഗാനിസ്ഥാന്‍ ഒരു രാജ്യം മാത്രമല്ല. അഫ്ഗാനിലെ രാഷ്ട്രീയ മാറ്റങ്ങള്‍ ലോക രാഷ്ട്രീയത്തില്‍ തന്നെ മാറ്റങ്ങളുണ്ടാക്കുന്നതാണ്. അതിന് ചരിത്രം സാക്ഷിയാണ്.

20 വര്‍ഷത്തെ അമേരിക്കയുടെ അഫ്ഗാന്‍ അധിനിവേശത്തിന് എടുത്തു പറയത്തക്ക ഒരു നേട്ടവും ഉണ്ടായിട്ടില്ല. താലിബാനില്‍ നിന്ന് തുടങ്ങി താലിബാനില്‍ അവസാനിക്കുന്ന ഒന്നായി അമേരിക്കയുടെ അധിനിവേശത്തെ ചരിത്രത്തില്‍ രേഖപ്പെടുത്തും. പിന്നെ എന്തിനീ സാഹസികത കാണിച്ചു, എന്തിന് ആയിരക്കണക്കിന് ജനങ്ങളെ കുരുതിക്ക് കൊടുത്തു, ട്രില്യന്‍ കണക്കിന് ഡോളറുകള്‍ എന്തിന് ചെലവാക്കി തുടങ്ങിയ ചോദ്യങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. അല്‍ഖാഇദയെ ഒതുക്കാന്‍ കഴിഞ്ഞെങ്കിലും താലിബാന്റെ കാര്യത്തില്‍ അതൊരു സമ്പൂര്‍ണ പരാജയമായിരുന്നു. 20 വര്‍ഷങ്ങള്‍ ഉണ്ടായിട്ടും ആവശ്യമായ സൈനിക പരിശീലനം അഫ്ഗാന്‍ സൈന്യത്തിന് നല്‍കാന്‍ അമേരിക്ക തയ്യാറായില്ല എന്നത് തന്നെ സംശയാസ്പദമാണ്. സമാധാനവും സന്തോഷവും നിറഞ്ഞ അഫ്ഗാനല്ല അമേരിക്ക ലക്ഷ്യം വെച്ചത്, മറിച്ച് ചില രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുക്കുക എന്ന നിലയിലേക്ക് അത് ചുരുങ്ങി എന്ന് കാര്യങ്ങള്‍ വ്യക്തമാകുന്നു. അരക്ഷിതവും കലുഷിതവുമായി അഫ്ഗാനെ മാറ്റിമറിച്ച് അവസാനം തോറ്റോടുന്നു എന്ന രീതിയില്‍ കാര്യങ്ങള്‍ പോകുമ്പോള്‍ അമേരിക്കക്ക് മുന്നില്‍ ഇനിയെന്ത് എന്ന ചോദ്യമുയരുന്നു. ഒരിടത്ത് അമേരിക്ക തളരുമ്പോള്‍ മറ്റൊരിടത്ത് ചൈന വളരുന്ന കാഴ്ചയാണ് കാണുന്നത്.

ലോക രാഷ്ട്രീയ ചര്‍ച്ചകളെത്തന്നെ ഇളക്കി മറിച്ച സംഭവമായിരുന്നു 2001ലെ സെപ്തംബര്‍ പതിനൊന്ന് ആക്രമണം. നാല് വിമാനങ്ങള്‍ റാഞ്ചിയെടുത്ത് ആക്രമണം നടത്തുകയായിരുന്നു. ലോകം കണ്ട ഏറ്റവും വലിയ തീവ്രവാദ ആക്രമണങ്ങളില്‍ ഒന്നായി അത് വ്യാഖ്യാനിക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും ശക്തമായ പ്രതിരോധ സംവിധാനമുള്ള രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് അല്‍ഖാഇദ ആക്രമണം നടത്തുകയായിരുന്നു. ന്യൂയോര്‍ക്ക് നഗരത്തിലെ ലോക വ്യാപാര സെന്റര്‍, വാഷിംഗ്ടണ്‍ ഡി സിയിലെ പെന്റഗണ്‍, പിന്നെ പെന്‍സില്‍വാനിയ തുടങ്ങിയവയായിരുന്നു മൂന്ന് ആക്രമണ കേന്ദ്രങ്ങള്‍. മൂവ്വായിരത്തിനടുത്ത് ആളുകള്‍ കൊലചെയ്യപ്പെട്ട അക്രമത്തില്‍ 25,000 പേര്‍ക്ക് പരുക്കേറ്റു. പത്ത് ബില്യന്‍ ഡോളറിന്റെ നഷ്ടവും സംഭവിച്ചു. ലോക വ്യാപാര കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ചപ്പോള്‍ സാമ്പത്തികമായ പ്രതിസന്ധിക്ക് അത് കാരണമാകുകയും ചെയ്തു. ഈ ആക്രമണത്തിന്റെ ഉത്തരവാദികളായ അല്‍ഖാഇദയെ താലിബാന്‍ സംരക്ഷിക്കുന്നു എന്ന് ആരോപിച്ചായിരുന്നു അമേരിക്ക അഫ്ഗാനിസ്ഥാനില്‍ അധിനിവേശം നടത്തിയത്. അധിനിവേശം നടത്തി വര്‍ഷങ്ങള്‍ വേണ്ടിവന്നു ലാദനെ കണ്ടെത്തി വധിക്കാന്‍. അധിനിവേശത്തിന്റെ 20 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ തുടങ്ങിയയിടത്ത് തന്നെ തിരിച്ചെത്തിയ അവസ്ഥയാണുള്ളത്. അമേരിക്ക താലിബാന് മുന്നില്‍ മുട്ട് മടക്കിയെന്ന തരത്തില്‍ പ്രചാരണം നടക്കുന്നുണ്ട്.

ചൈന വലിയ ഒരു സാമ്പത്തിക ശക്തിയായി ഉയര്‍ന്നുവരികയും സമാന്തരമായി സൈനിക ശക്തിയില്‍ അത് പ്രതിഫലിക്കുകയും ചെയ്താല്‍ ലോക രാഷ്ട്രീയത്തിന്റെ ഗതിയെ അത് മാറ്റിമറിക്കും. ചൈനയുടെ അതിവേഗമുള്ള സാമ്പത്തിക വളര്‍ച്ച വൈകാതെ തന്നെ അമേരിക്കയെ മറികടക്കാന്‍ സഹായിക്കുമെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ പ്രവചിക്കുന്നു. കൊവിഡ് മഹാമാരി തീര്‍ത്ത ആഘാതം അമേരിക്കയുടെ സാമ്പത്തിക മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചപ്പോള്‍ ചൈനക്ക് കാര്യമായ ആഘാതമൊന്നും ഈ കാലയളവില്‍ ഉണ്ടായിട്ടില്ല എന്ന് കണക്കുകള്‍ പറയുന്നു. നിലവില്‍ വെറും 6.2 ട്രില്യന്‍ ഡോളറിന്റെ കുറവ് മാത്രമേ അമേരിക്കയെ മറികടക്കാന്‍ ചൈനക്ക് ആവശ്യമുള്ളൂ. അത് 2019ല്‍ 7.1 ട്രില്യന്‍ ഡോളര്‍ ആയിരുന്നു എന്ന് സി എന്‍ ബി സി റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കക്ക് നഷ്ടമുള്ളിടത്ത് ചൈനക്ക് ലാഭമുണ്ടാകുന്ന അവസ്ഥ. 2026നും 28നും ഇടയില്‍ ചൈന അമേരിക്കയെ മറികടക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. കൊവിഡിന്റെ തുടക്കത്തില്‍ ചൈനക്ക് ചില തിരിച്ചടികള്‍ ഉണ്ടായെങ്കിലും പിന്നീട് അതിനെ മറികടക്കാനായി. കൊവിഡ് കാലത്ത് ജി ഡി പി വളര്‍ച്ചയില്‍ അമേരിക്കക്ക് രണ്ടര ശതമാനം കുറവുണ്ടായിടത്ത് ചൈനക്ക് രണ്ടര ശതമാനം വളര്‍ച്ചയുണ്ടായി. സാമ്പത്തികമായ തിരിച്ചടികളോടൊപ്പം രാഷ്ട്രീയമായ വെല്ലുവിളികള്‍ കൂടി ഉയര്‍ന്നുവന്നാല്‍ നിലവിലെ അനുകൂല സ്ഥിതി മാറും. ലോക പോലീസ് വേഷം അഴിച്ചുവെക്കേണ്ടി വരും എന്ന് സാരം.

അമേരിക്കന്‍ വിരുദ്ധ ചേരിയുടെ സാധ്യതകളാണ് ഇനിയുള്ളത്. ചൈനയും പാക്കിസ്ഥാനും സഖ്യ സമാനമായ ബന്ധത്തിലാണ് ഇപ്പോഴുള്ളത്. ചരിത്രപരമായി അമേരിക്കന്‍ വിരുദ്ധത കൈമുതലുള്ള റഷ്യ കൂടി ചൈനീസ് പക്ഷത്ത് ചേരാനുള്ള സാധ്യതകള്‍ തെളിയുന്നുണ്ട്. അതോടൊപ്പം ഇറാനും അമേരിക്കന്‍ വിരുദ്ധത പരസ്യമായി പ്രകടിപ്പിക്കുന്ന രാജ്യമാണ്. ഇറാനും ചൈനയുമായി കൂടുതല്‍ അടുക്കുന്ന സാഹചര്യം വരാനിടയുണ്ട്. പ്രധാനമായും ഈ രാജ്യങ്ങളാണ് താലിബാനെ അംഗീകരിക്കാനായി മുന്നോട്ട് വന്നിരിക്കുന്നത്. തുര്‍ക്കിയും ചില യൂറോപ്യന്‍ രാജ്യങ്ങളും കൂടി താലിബാനെ അംഗീകരിച്ചെന്ന് വരാം. ഖത്വര്‍ ആണ് താലിബാന് ചര്‍ച്ചകള്‍ നടത്താന്‍ ഇടം കൊടുത്തത്. അങ്ങനെ വരുമ്പോള്‍ ഖത്വറില്‍ നിന്ന് വ്യത്യസ്തമായ ഒരു രാഷ്ട്രീയ നിലപാട് പ്രതീക്ഷിക്കാം.

ചൈനയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച വലിയ സാമ്പത്തിക പദ്ധതിയാണ് ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനീഷിയേറ്റീവ്. സില്‍ക്ക് റൂട്ടിന്റെ പുതിയ രൂപം. ലോക ജി ഡി പിയുടെ പകുതി ഉള്‍പ്പെടുന്ന രീതിയില്‍ 71 രാജ്യങ്ങളാണ് അതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ചൈനയുടെ സാമ്പത്തികമായ ഒരു ലീഡര്‍ഷിപ്പ് ഉയര്‍ന്നുവരും. അമേരിക്കക്ക് ലോകത്തിന് മുകളിലുള്ള നിയന്ത്രണങ്ങള്‍ നഷ്ടപ്പെടുന്ന നിലക്കാണ് കാര്യങ്ങള്‍ പോകുന്നത്. അങ്ങനെ വന്നാല്‍ പുതിയ ലോകക്രമം രൂപപ്പെടും. അന്താരാഷ്ട്ര ബന്ധങ്ങളിലെ പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെടേണ്ട യു എന്‍ അടക്കമുള്ള സംഘടനകള്‍ ദുര്‍ബലമാകുന്നിടത്ത് രൂപപ്പെടുന്ന വിരുദ്ധ സഖ്യ സാധ്യതകളെ ഭയപ്പെടണം.

താലിബാന്റെ വിജയം മറ്റ് സമാന രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള സംഘങ്ങള്‍ക്ക് പ്രചോദനമാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇസ്‌ലാമോഫോബിയ മൊത്തമായും ചില്ലറയായും വിറ്റഴിക്കുന്ന ഇക്കാലത്ത് താലിബാന്‍ മുന്നോട്ട് വെക്കുന്ന ആക്രമണ രാഷ്ട്രീയത്തിന് ഇസ്‌ലാമിക ലോകവും മുസ്‌ലിംകളും മറുപടി പറയേണ്ടിവരുക എന്നത് പരിതാപകരമായ ഒരവസ്ഥയാണ്. തോക്ക് ചൂണ്ടിയും ആളുകളെ ഭയപ്പെടുത്തിയും പേടിപ്പിച്ചും തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നവരാണ് താലിബാനികള്‍. ഇസ്‌ലാമിന്റെ പേരില്‍ വാളെടുക്കുകയും തോക്കെടുക്കുകയും ചെയ്യുന്ന സമാന സംഘടനകള്‍ ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലുണ്ട്. ഐ എസിന്റെ ശക്തി ക്ഷയിച്ചെങ്കിലും പലയിടത്തും തീവ്ര ഗ്രൂപ്പുകള്‍ സജീവമായി നിലനില്‍ക്കുന്നുണ്ട്. മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഇത്തരം ഗ്രൂപ്പുകള്‍ പല ആഫ്രിക്കന്‍ രാജ്യങ്ങളിലും സമാധാന ജീവിതത്തിന് ഭീഷണിയാണ്. യൂറോപ്യന്‍ യൂനിയന്റെ സുരക്ഷാ പഠന റിപ്പോര്‍ട്ടില്‍ ഇത്തരം ഗ്രൂപ്പുകളുടെ വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാന്നിധ്യത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

താലിബാന്‍ ഇത്തരം ഗ്രൂപ്പുകളെ നേരിട്ട് സഹായിച്ചില്ലെങ്കിലും, ഇത്തരം ഗ്രൂപ്പുകള്‍ അവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാല്‍ അപകടകരമായ അവസ്ഥ വരും. അത് സമാധാന ജീവിതത്തിന് ഭീഷണിയാകും. അത്തരം സാഹചര്യങ്ങള്‍ പുതിയ ലോകക്രമത്തില്‍ ഉണ്ടാകാതെ നോക്കേണ്ടതുണ്ട്. കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിലേക്ക് ലോക രാഷ്ട്രീയക്രമവും അതോടൊപ്പം പ്രാദേശിക രാഷ്ട്രീയ സ്ഥിതിയും മാറാതിരിക്കട്ടെ എന്ന് പ്രതീക്ഷിക്കാം. അത്തരം സാഹചര്യങ്ങളെ നിയന്ത്രിക്കേണ്ട യു എന്‍ അടക്കമുള്ള സംഘടനകള്‍ ദുര്‍ബലമാകുന്നത് ആശങ്കകള്‍ ഏറ്റുകയും ചെയ്യുന്നു.

റിസര്‍ച്ച് സ്‌കോളർ, ജെ എന്‍ യു

Latest