Editorial
തിര. കമ്മീഷന്‍ ബി ജെ പിയുടെ കാവലാളോ?
വോട്ടര്‍ ലിസ്റ്റ് കുറ്റമറ്റതാക്കാന്‍ വിവിധ മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നിട്ടും പട്ടികയില്‍ വ്യാപകമായ ക്രമക്കേട് വരുന്നുവെങ്കില്‍ അധികാരി വര്‍ഗത്തിന്റെ പിന്തുണയോടെയല്ലാതെ അത് സംഭവിക്കുകയില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടി ഇതിന് കൂട്ടുനിന്നാല്‍ ജനാധിപത്യത്തിന്റ തകര്‍ച്ചയായിരിക്കും ഫലം.
ബി ജെ പി വിവിധ സംസ്ഥാനങ്ങളില്‍ ആധിപത്യം നേടിയത് ജനപിന്തുണ കൊണ്ടല്ല, വോട്ടുകൊള്ളയിലൂടെയാണെന്ന പ്രതിപക്ഷ ആരോപണത്തെ ശരിവെക്കുന്നതാണ് വോട്ടര്‍പ്പട്ടികകളിലെ ക്രമക്കേടുകളെ സംബന്ധിച്ച് നിരന്തരം പുറത്തു വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍. ഹരിയാനയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി നടത്തിയ വോട്ടുകൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മാധ്യമ സമ്മേളനത്തില്‍ പുറത്തുവിട്ടു. അവിടെ പോള്‍ ചെയ്ത വോട്ടുകളില്‍ എട്ടിലൊന്ന് വ്യാജമാണെന്നാണ് രാഹുല്‍ ആരോപിക്കുന്നത്. ബ്രസീലിയന്‍ മോഡലിന്റെ ചിത്രമുള്ള ഒരു വോട്ടര്‍ റായ് മണ്ഡലത്തിലെ പത്ത് ബൂത്തുകളിലായി 22 തവണ വോട്ട് ചെയ്തതിന്റെ തെളിവ് ഹാജരാക്കിയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. ഹോടല്‍ മണ്ഡലത്തില്‍ ഒരു ബി ജെ പി നേതാവിന്റെ മേല്‍വിലാസത്തില്‍ 66 വോട്ടര്‍മാരുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പായി ഹരിയാനയില്‍ 3.5 ലക്ഷം പേരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കിയതായും ഇവരില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസ്സ് വോട്ടര്‍മാരാണെന്നും രാഹുല്‍ പറയുന്നു.
ഒരു വര്‍ഷം മുമ്പാണ് ഹരിയാന തിരഞ്ഞെടുപ്പ് നടന്നത്. അന്നത്തെ വോട്ടര്‍പ്പട്ടിക പരിഷ്‌കരണ സമയത്ത് എന്തുകൊണ്ട് കോണ്‍ഗ്രസ്സ് പരാതി ഉന്നയിച്ചില്ലെന്ന ചോദ്യത്തിലൊതുങ്ങുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിനുള്ള തിര. കമ്മീഷന്റെ മറുപടി. അതിലപ്പുറം രാഹുല്‍ ഗാന്ധി തെളിവു സഹിതം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കമ്മീഷന് വ്യക്തമായ മറുപടിയില്ല. 2024 വോട്ടര്‍പ്പട്ടിക പരിഷ്‌കരണ ഘട്ടത്തില്‍ ഈ വോട്ടുകൊള്ള കോണ്‍ഗ്രസ്സിന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലായിരിക്കാം. രാഹുല്‍ നടത്തിയ അന്വേഷണത്തിലായിരിക്കണം വിവരങ്ങള്‍ ലഭ്യമായത്. ഇതടിസ്ഥാനത്തില്‍ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വസ്തുതാ പരമായി മറുപടി പറയുകയോ അന്വേഷണത്തിന് ഉത്തരവിടുകയോ ചെയ്യേണ്ടതാണ് തിര. കമ്മീഷന്‍. ഭരണഘടന പ്രകാരം സുതാര്യവും നീതിപൂര്‍വകവുമായ വോട്ടര്‍പ്പട്ടിക തയ്യാറാക്കലും തിരഞ്ഞെടുപ്പ് നടത്തലും കമ്മീഷന്റെ ചുമതലയാണ്. വോട്ടര്‍പ്പട്ടികയില്‍ ക്രമക്കേട് ആരോപിക്കപ്പെട്ടാല്‍ അത് പരിശോധിക്കാനുള്ള ബാധ്യതയും കമ്മീഷനുണ്ട്.
ഹരിയാനയിലേതിനു സമാനമായ വോട്ടുകൊള്ള കര്‍ണാടകയിലും മഹാരാഷ്ട്രയിലും നടന്നതായി ആരോപണം ഉയര്‍ന്നതാണ്. കോണ്‍ഗ്രസ്സും പ്രതിപക്ഷ പാര്‍ട്ടികളും മാത്രമല്ല, പൗരാവകാശ സംഘടനയായ ‘വോട്ട് ഫോര്‍ ഡെമോക്രസി’യുടെ അന്വേഷണ റിപോര്‍ട്ടും ശരിവെക്കുന്നുണ്ട് മഹാരാഷ്ട്ര വോട്ടെടുപ്പിലെ ക്രമക്കേടുകള്‍. വോട്ടെടുപ്പ് ദിവസം അഞ്ച് മണിക്ക് 59.22 ശതമാനമായിരുന്നു അവിടെ വോട്ടിംഗ് ശതമാനം. വോട്ടെടുപ്പ് അവസാനിച്ചപ്പോഴേക്കും ശതമാനം 66.05 ലെത്തി. ഇതനുസരിച്ച് 48 ലക്ഷം വോട്ടര്‍മാര്‍ (ശരാശരി ഒരു മണ്ഡലത്തില്‍ 600 വോട്ടര്‍മാര്‍ വീതം) വോട്ട് ചെയ്തിട്ടുണ്ടാകണം അഞ്ച് മണിക്കു ശേഷം. അഞ്ച് മണിക്ക് ശേഷവും വോട്ടിംഗ് സമയം മണിക്കൂറുകള്‍ നീണ്ടെങ്കിലേ സാധാരണഗതിയില്‍ ഇത്രയും വോട്ടുകള്‍ രേഖപ്പെടുത്താനാകൂ. അങ്ങനെ സമയം നീട്ടിയതായി ഔദ്യോഗിക സ്ഥിരീകരണമില്ല. വൈകിയ വേളയിലെ ‘വോട്ട് പ്രവാഹ’ത്തില്‍ ‘വോട്ട് ഫോര്‍ ഡെമോക്രസി’ ദുരൂഹത ചൂണ്ടിക്കാട്ടുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം മാസങ്ങള്‍ക്കകം സംസ്ഥാനത്ത് 46 ലക്ഷം വോട്ടര്‍മാരെ പുതുതായി ചേര്‍ത്തതിലും ദുരൂഹത പ്രകടിപ്പിക്കുന്നു റിപോര്‍ട്ട്.
രാജ്യത്ത് പല അസംബ്ലി- പാര്‍ലിമെന്റ് മണ്ഡലങ്ങളിലും ബലാബലമാണ് മുഖ്യ കക്ഷികള്‍ക്കിടയിലെയും മുന്നണികള്‍ക്കിടയിലെയും അംഗബലം. ആയിരത്തില്‍ താഴെ വോട്ടുകളാണ് തിരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കുന്നത്. സൈദ്ധാന്തികമായി അംഗബലത്തിലെ തുല്യത ജനാധിപത്യത്തിന് ശക്തി പകരുന്നതാണെങ്കിലും ഇത്തരം മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് ഫലത്തില്‍ അട്ടിമറിക്കുള്ള സാധ്യത കൂടുതലാണ്. രാഷ്ട്രീയ ധാര്‍മികത കൈമോശം വന്ന നിലവിലെ സാഹചര്യത്തില്‍ വിശേഷിച്ചും. പലപ്പോഴും വോട്ടര്‍പ്പട്ടികയിലെ തെറ്റുകളോ ബൂത്ത് ലെവല്‍ സ്വാധീനങ്ങളോ അവസാന നിമിഷ തന്ത്രങ്ങളോ ആയിരിക്കും ഫലം നിര്‍ണയിക്കുന്നത്. ഹരിയാനയില്‍ കോണ്‍ഗ്രസ്സ് തോറ്റ എട്ട് മണ്ഡലങ്ങളില്‍ ആകെ വോട്ട് വ്യത്യാസം 22,729 മാത്രമാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസ്സ് അധികാരത്തിലെത്തുമെന്നായിരുന്നു എക്‌സിറ്റ്‌പോള്‍ ഫലം. പോസ്റ്റല്‍ വോട്ടുകളിലും കോണ്‍ഗ്രസ്സിന് മികച്ച ഭൂരിപക്ഷം ലഭിച്ചു. എന്നിട്ടും ബി ജെ പി അധികരത്തിലെത്തിയതില്‍ അന്നേ കോണ്‍ഗ്രസ്സ് സന്ദേഹം പ്രകടിപ്പിക്കുകയും വോട്ടിംഗില്‍ കൃത്രിമത്വം ആരോപിക്കുകയും ചെയ്തതാണ്. രാഹുല്‍ ഗാന്ധി കണ്ടെത്തിയ വോട്ടുകൊള്ള കോണ്‍ഗ്രസ്സിന്റെ സന്ദേഹത്തിന് ശക്തിപകരുന്നു.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറയാണ് തിരഞ്ഞെടുപ്പ്. വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട് ഇത് ദുര്‍ബലമാക്കും. പൗരന്റെ തുല്യാധികാരത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമാണ് വോട്ട്. വോട്ടിന്റെ വിശ്വാസ്യത നഷ്ടമായാല്‍ തിരഞ്ഞെടുപ്പ് സുതാര്യതയും നീതിയും നഷ്ടമാകും. വോട്ടര്‍പ്പട്ടികയുടെ വിശ്വാസ്യതയില്‍ സന്ദേഹം ജനിച്ചാല്‍, അധികാരത്തിലിരിക്കുന്ന പാര്‍ട്ടി തിരഞ്ഞെടുപ്പ് സംവിധാനങ്ങളെ അവര്‍ക്കനുകൂലമായി അട്ടിമറിച്ചതായി ആരോപണം ഉയര്‍ന്നാല്‍, ആ പാര്‍ട്ടിക്കനുകൂലമായ നിലപാട് സ്വീകരിക്കുകയും അവരെ ന്യായീകരിക്കുകയുമല്ല, തുറന്ന അന്വേഷണം നടത്തി വോട്ടര്‍പ്പട്ടിക ശുദ്ധീകരിക്കുകയാണ് കമ്മീഷന്‍ ചെയ്യേണ്ടത്. വോട്ടിംഗിന്റെ വിശ്വാസ്യത ഉറപ്പാക്കുക വഴി ജനാധിപത്യത്തിന്റെ കാവലാളായി നിലയുറപ്പിക്കേണ്ട ഭരണഘടനാ പദവിയാണ് തിര. കമ്മീഷന്‍.
ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് നിലവില്‍ വോട്ടര്‍പ്പട്ടിക തയ്യാറാക്കുന്നത്. ആധാര്‍ ബന്ധനം, ഓണ്‍ലൈന്‍ അപ്ഡേറ്റുകള്‍, ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ പരിശോധന തുടങ്ങി വോട്ടര്‍ ലിസ്റ്റ് കുറ്റമറ്റതാക്കാന്‍ വിവിധ മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നിട്ടും പട്ടികയില്‍ വ്യാപകമായ ക്രമക്കേട് വരുന്നുവെങ്കില്‍ അധികാരി വര്‍ഗത്തിന്റെ പിന്തുണയോടെയല്ലാതെ അത് സംഭവിക്കുകയില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടി ഇതിന് കൂട്ടുനിന്നാല്‍ ജനാധിപത്യത്തിന്റ തകര്‍ച്ചയായിരിക്കും ഫലം.



