Connect with us

National

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ചു

അതിര്‍ത്തി പ്രദേശങ്ങളിലെ നിയന്ത്രണം ഡിസംബര്‍ 18 വരെ

Published

|

Last Updated

ഇംഫാല്‍| മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ചു. എന്നാല്‍ ചില ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഡിസംബര്‍ 18 വരെ നിയന്ത്രണങ്ങള്‍ തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ചന്ദേല്‍, കാക്ചിംഗ്, ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍, കാങ്പോക്പി, ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, തൗബല്‍, തെങ്നൗപാല്‍, കാക്ചിംഗ്പി എന്നീ ജില്ലകളിലെ സമീപ പ്രദേശങ്ങളില്‍ 2 കിലോമീറ്റര്‍ ചുറ്റളവില്‍ സേവനങ്ങള്‍ നിര്‍ത്തിവെക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് ക്രമസമാധാന നില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. കൂടാതെ നിരോധനം നീണ്ടതിനാല്‍ പൊതുജനങ്ങള്‍ നേരിടുന്ന അസൗകര്യങ്ങളും കണക്കിലെടുത്താണ് ഇളവ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് കമ്മീഷണര്‍ ടി.രഞ്ജിത് സിംഗ് പറഞ്ഞു.

മണിപ്പൂരിലെ വിമത ഗ്രൂപ്പായ യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടുമായി കഴിഞ്ഞ മാസം കേന്ദ്രസര്‍ക്കാര്‍ സമാധാന കരാര്‍ ഒപ്പിട്ടതിനെ തുടര്‍ന്നാണ് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം നീക്കാന്‍ തീരുമാനിച്ചത്. സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചതിന് ശേഷം യു.എന്‍.എല്‍.എഫ് പ്രവര്‍ത്തകര്‍ ആയുധങ്ങള്‍ വെച്ച് കീഴടങ്ങുന്നതിന്റെ വീഡിയോയും ആഭ്യന്തര മന്ത്രി അമിത് ഷാ എക്‌സില്‍ പങ്കുവെച്ചിരുന്നു.