Malappuram
അന്താരാഷ്ട്ര ഓഷ്യൻമാൻ നീന്തൽ: ഇന്ത്യയെ പ്രതിനിധീകരിച്ച് കൊണ്ടോട്ടി സ്വദേശി
രണ്ടുമാസം മുമ്പ് ഗോവയിലാണ് നടന്ന ദേശീയമത്സരത്തില്‍ നിന്നാണ് ശഫീഖ് തിരഞ്ഞെടുക്കപ്പെട്ടത്.
കൊണ്ടോട്ടി | നാളെ ദുബൈയിൽ നടക്കുന്ന അന്താരാഷ്ട്ര ഓപൺ വാട്ടർ ഓഷ്യൻമാൻ നീന്തൽ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കൊണ്ടോട്ടി സ്വദേശി ശഫീഖ് മുഹമ്മദ്. മിലിട്ടറിയിൽ എൻജിനീയറിംഗ് വിഭാഗത്തിൽ സൈനികനായ മുഹമ്മദ് സ്കൂൾ പഠനകാലം തൊട്ടെ നീന്തൽ മത്സരങ്ങളിൽ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.
രണ്ടുമാസം മുമ്പ് ഗോവയിലാണ് നടന്ന ദേശീയമത്സരത്തില്‍നിന്നാണ് ശഫീഖ് തിരഞ്ഞെടുക്കപ്പെട്ടത്. തൃശൂർ കേരളവർമ കോളജിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയതിന് ശേഷമാണ് മിലിട്ടറിയിൽ നിയമനം ലഭിക്കുന്നത്. ഗോവയിൽ അറേബ്യൻ സമുദ്രത്തിൽ അഞ്ച് കിലോമീറ്റർ നീന്തൽ മത്സരത്തിൽ വിജയിയായാണ് ശഫീഖ് മുഹമ്മദ് അന്താരാഷ്ട്ര മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കൊണ്ടോട്ടി മണ്ണാരിൽ മുഹമ്മദലി-സുഹറ ദമ്പതികളുടെ മകനാണ് 36 കാരനായ ശഫീഖ്. മൂന്ന് സഹോദരന്മാരും ഒരു സഹോദരിയും ഉണ്ട്. സഹോദരന്മാരും നീന്തൽ വിദഗ്ധർ തന്നെയാണ്. സഹോദരൻ ശരീഫ് മുഹമ്മദ് ദേശീയ നീന്തൽ മത്സരങ്ങളിൽ സ്വർണ മെഡൽ നേടിയിട്ടുണ്ട്.


