Kozhikode
അന്താരാഷ്ട്ര മീലാദ് സമ്മേളനം: പ്രചാരണം ഊര്‍ജിതമാക്കണമെന്ന് നേതാക്കള്‍
അന്താരാഷ്ട്ര മീലാദ് കോണ്‍ഫറന്‍സ് സവിശേഷ പരിപാടിയാക്കി തീര്‍ക്കാന്‍ എല്ലാ പോഷക സംഘടനകളും രംഗത്തിറങ്ങണം.

കോഴിക്കോട് | ‘മദീന ചാര്‍ട്ടര്‍- ബഹുസ്വരതയുടെ മഹനീയ മാതൃക’ എന്ന പ്രമേയത്തില്‍ ഒക്ടോബര്‍ ഒന്നിന് കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര മീലാദ് കോണ്‍ഫറന്‍സ് വന്‍ വിജയമാക്കാനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് നേതാക്കള്‍ ആഹ്വാനം ചെയ്തു. സമ്മേളനവുമായി ബന്ധപ്പെട്ട പോസ്റ്റര്‍ പതിപ്പിച്ചും ചുവരെഴുത്ത് നടത്തിയും ഫ്‌ളക്സുകളും ഹോര്‍ഡിംഗുകളും സ്ഥാപിച്ചും നാട്ടിലും മറുനാടുകളിലും യൂനിറ്റ് തലം മുതല്‍ പ്രചാരണം ശക്തമാക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി ബദറുസ്സാദാത്ത് സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു.
കൊവിഡ് മഹാമാരിയുടെ ഭീഷണി ഒഴിഞ്ഞതിനു ശേഷം ആദ്യമായി നടക്കുന്ന അന്താരാഷ്ട്ര മീലാദ് കോണ്‍ഫറന്‍സ് സവിശേഷ പരിപാടിയാക്കി തീര്‍ക്കാന്‍ എല്ലാ പോഷക സംഘടനകളും രംഗത്തിറങ്ങണം. സുല്‍ത്വാനുല്‍ ഉലമയുടെ വാര്‍ഷിക മദ്ഹുര്‍റസൂല്‍ പ്രഭാഷണം മുഖ്യ പരിപാടിയായ കോണ്‍ഫറന്‍സില്‍ ലോകത്തുടനീളമുള്ള പണ്ഡിതരും നയതന്ത്ര പ്രതിനിധികളും യൂണിവേഴ്സിറ്റി ചാന്‍സലര്‍മാരും സമസ്ത നേതാക്കളും പങ്കെടുക്കുന്നുണ്ട്.
സമ്മേളനം അവിസ്മരണീയ അനുഭവമാക്കാനുള്ള പ്രവര്‍ത്തനത്തിലാകട്ടെ നമ്മുടെ വരും നാളുകളെന്നും പൊതുജനങ്ങള്‍ക്ക് പ്രയാസമില്ലാത്ത രീതിയിലായിരിക്കണം ബോര്‍ഡുകളും മറ്റും സ്ഥാപിക്കേണ്ടതെന്നും നേതാക്കള്‍ ഉണര്‍ത്തി.