Connect with us

aathmeeyam

അധ്യാപനത്തിലെ അകംപൊരുളുകൾ

അധ്യാപനത്തിലെ വീഴ്ചകൾ സമൂഹത്തിന്റെ തന്നെ തകർച്ചയാണുണ്ടാക്കുക. പുസ്തകങ്ങൾക്കുള്ളിലെ അക്ഷരക്കൂട്ടങ്ങൾ വിഴുങ്ങി പരീക്ഷാഹാളിൽ വിളമ്പുന്ന വിദ്യാഭ്യാസ രീതി സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ സൃഷ്ടിക്കുകയില്ല. ഒരു പാത്രം നിറക്കലല്ല വിദ്യാഭ്യാസം, മറിച്ച് ഒരു ജ്വാലക്ക് തിരി കൊളുത്തലാണ്.

Published

|

Last Updated

വിദ്യാഭ്യാസ സംവിധാനത്തിലെ മര്‍മപ്രധാന ഘടകമാണ് അധ്യാപകർ. ലോകത്തെ ഏറ്റവും വലിയ കലാകാരന്മാരാണവർ. സ്വയം പ്രകാശിക്കുകയും മറ്റുള്ളവരിലേക്ക് പ്രകാശം പകര്‍ന്നു നല്‍കുകയും ചെയ്യുന്നവരാണ് വിജയിക്കുന്ന അധ്യാപകർ. വിദ്യാഭ്യാസത്തിന്റെ മൗലിക ലക്ഷ്യം സ്വഭാവ ഗുണം ആർജിക്കലാണെന്നാണ് വിദ്യാഭ്യാസ വിചക്ഷണനും മുൻ രാഷ്ട്രപതിയുമായിരുന്ന ഡോ. എസ് രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടത്. സ്വഭാവഗുണം ആര്‍ജിക്കാന്‍ പറ്റാത്ത വിദ്യാഭ്യാസം ആപത്കരവും ഉപയോഗശൂന്യവുമാണെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. സ്‌നേഹവും സഹാനുഭൂതിയുമാണ് അധ്യാപന കലകളിലെ പ്രഥമ ഗുണം. പ്രചോദിപ്പിച്ചും പ്രോത്സാഹിപ്പിച്ചും മാര്‍ഗദര്‍ശനം നടത്തിയും ദിശാബോധം നൽകിയും കുട്ടികളെ കൃത്യമായ ലക്ഷ്യങ്ങളിലേക്ക് വഴി നടത്താൻ സാധിക്കുമ്പോഴാണ് അധ്യാപന കല സാർഥകമാകുന്നത്.

അധ്യാപകരാണ് ലോകത്ത് ഏറ്റവും ഉത്തരവാദിത്വമുള്ളവരും പ്രാധാന്യമുള്ളവരും. കാരണം, അവരുടെ പ്രവൃത്തികൾ ലോകത്തിന്റെ ഭാവിയെ തന്നെ സ്വാധീനിക്കാൻ ശേഷിയുള്ളതാണ്. ഒരു ഡോക്ടർക്ക് എന്തെങ്കിലും വീഴ്ച സംഭവിച്ചാൽ രോഗി മരിച്ചേക്കാം, ഒരു എൻജിനീയർക്ക് വീഴ്ച വന്നാൽ പാലമോ കെട്ടിടമോ തകർന്നേക്കാം, എന്നാൽ ഒരു അധ്യാപകന് സംഭവിക്കുന്ന വീഴ്ചകൾ ഒരു തലമുറയെയാണ് ബാധിക്കുന്നത്. മാനുഷിക മൂല്യങ്ങൾ, സാമൂഹിക ബാധ്യതകൾ, കുടുംബ കർത്തവ്യങ്ങൾ, ഉദാത്തമായ രാഷ്ട്രീയ വീക്ഷണങ്ങൾ, ഫലപ്രദമായ വിദ്യാഭ്യാസം, ഉന്നതമായ സംസ്കാരം, ധാർമിക ബോധം, ആരോഗ്യകരമായ സൗഹൃദം തുടങ്ങിയ മൂല്യവത്തായ ഗുണങ്ങളെ വിദ്യാർഥികളുടെ മനസ്സിൽ വിതയ്ക്കാൻ കഴിവുള്ള മോട്ടിവേറ്റർ കൂടിയാകണം അധ്യാപകൻ. എങ്കിൽ മാത്രമേ കളങ്കരഹിതമായ വിദ്യാർഥികളുടെയും ആശയങ്ങളുടെ അക്ഷയ ഖനിയായ അധ്യാപകന്റേയും മനസ്സുകൾ തമ്മിൽ ലയിക്കുന്ന ഇടമായി വിദ്യാലയങ്ങൾ പരിവർത്തിതമാകുകയുള്ളൂ. അത്തരം കലാലയങ്ങളിലെ സന്തതികൾക്കാണ് വ്യക്തി വിശുദ്ധി വരുത്താൻ കഴിയുന്നതും ലോകത്ത് മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കുന്നതും.
അനതിസാധാരണമായ പ്രതിഭാത്വം പ്രകടിപ്പിക്കുന്ന ഏതൊരാളുടെയും പിന്നിൽ ഒരു നല്ല അധ്യാപകന്റെ കൈയൊപ്പുണ്ടാകും. അത് നീണ്ട വർഷങ്ങളിലെ പ്രയത്നമോ ഒരു നിമിഷത്തെ തലോടലോ ആകാം. പാഠപുസ്തകങ്ങൾ ചെറുതാവുകയും പഠനം വലുതാവുകയുമാണ് വേണ്ടത്. ഗുരുവിനും ശിഷ്യനുമിടയിൽ പുസ്തകങ്ങൾ ഒരു തടസ്സമാകരുത്. ഗുരുവാണ് ഏറ്റവും വലിയ പുസ്തകം. ഗുരുവിനെ ശിഷ്യരുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു പാഠപുസ്തകമായാണ് രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി വിശേഷിപ്പിച്ചത്. ക്ലാസ് മുറിയിൽ അധ്യാപകൻ ഗുരു എന്ന തലത്തിലേക്ക് മാറുകയും വിദ്യാര്‍ഥി ശിഷ്യനാവുകയും ചെയ്യുമ്പോഴാണ് അറിവിന്റെ പ്രസരണം അർഥവത്താകുന്നത്.

മനഃശാസ്ത്രപരവും ശിശു സൗഹൃദവുമായ സമീപനമാണ് അധ്യാപകരിൽ നിന്നുണ്ടാവേണ്ടത്. ലോകത്തെ മാതൃകാ അധ്യാപകനായി നിയോഗിക്കപ്പെട്ട മുഹമ്മദ് നബി(സ)യുടെ ജീവിതത്തിൽ മാതൃകാ അധ്യാപനത്തിന്റെ അനേകം മോഡലുകൾ ദർശിക്കാവുന്നതാണ്. വ്യഭിചരിക്കാന്‍ അനുവാദം തേടിയ ശിഷ്യന്റെ മനസ്സില്‍നിന്ന് ആ ദുര്‍ചിന്തയെ മനഃശാസ്ത്രപരമായി പിഴുതെറിഞ്ഞ ലോക ഗുരു തിരുനബി(സ)യുടെ ഉദാത്തമാതൃക പുതിയകാല അധ്യാപക സമൂഹം പഠന വിധേയമാക്കേണ്ടതുണ്ട്. പ്രസ്തുത ആവശ്യം ഉന്നയിച്ച പ്രിയ ശിഷ്യനോട് അവിടുന്ന് തിരിച്ചു ചോദിച്ചു, “നിന്റെ ഉമ്മയെ, നിന്റെ സഹോദരിയെ ഒരാള്‍ വ്യഭിചരിക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടമാണോ?’ ആ മറുചോദ്യത്തില്‍ മനം മാറ്റം സംഭവിച്ച് ദുർചിന്തകളെ വിപാടനം ചെയ്തു നന്മയുടെ വഴിയിൽ സഞ്ചരിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

അധ്യാപനത്തിലെ വീഴ്ചകൾ സമൂഹത്തിന്റെ തന്നെ തകർച്ചയാണുണ്ടാക്കുക. പുസ്തകങ്ങൾക്കുള്ളിലെ അക്ഷരക്കൂട്ടങ്ങൾ വിഴുങ്ങി പരീക്ഷാഹാളിൽ വിളമ്പുന്ന വിദ്യാഭ്യാസ രീതി സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ സൃഷ്ടിക്കുകയില്ല. ഒരു പാത്രം നിറക്കലല്ല വിദ്യാഭ്യാസം, മറിച്ച് ഒരു ജ്വാലക്ക് തിരി കൊളുത്തലാണ്. അധ്യാപകർ ‘വിജ്ഞാന വിൽപ്പനക്കാർ’ (knowledge sellers) എന്നത് തെറ്റായ സങ്കൽപ്പമാണ്. “മുന്നിലിരിക്കുന്നത് സ്വന്തം കുഞ്ഞുങ്ങളല്ലെന്ന് തോന്നുന്ന നിമിഷം നിങ്ങള്‍ വിദ്യാലയത്തിന്റെ പടിയിറങ്ങുക’ എന്ന ഗുരു നിത്യചൈതന്യയതിയുടെ വാക്കുകള്‍ ശ്രദ്ധേയമാണ്.

ലോകത്തിനു ഭാരതം സമ്മാനിച്ച മഹത്തായ പദമാണ് ഗുരു എന്നത്. “അന്ധകാരം’ എന്നർഥമുള്ള “ഗു’ എന്ന അക്ഷരവും അകറ്റൽ എന്നർഥമുള്ള “രു’ എന്നതും ചേർന്നാണ് “ഗുരു’ എന്ന പദം രൂപപ്പെട്ടത്. അജ്ഞാനമാകുന്ന അന്ധകാരം മാറ്റി വിദ്യാർഥികളിൽ ജ്ഞാനപ്രകാശം നിറയ്ക്കുന്നവനാണ് അക്ഷരാർഥത്തിലുള്ള ഗുരു. പുതിയ തലമുറയെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ലഹരി, മതസ്പർധ, ജാതി വിവേചനം, ലൈംഗിക അതിക്രമം, മനുഷ്യത്വ രഹിതമായ പ്രവർത്തനം തുടങ്ങിയ അന്ധതകളിൽ നിന്നെല്ലാം ഇളം തലമുറയെ സംരക്ഷിച്ച് സമൂഹത്തിന്റെ പുരോഗതിക്കുതകുന്ന പൗരന്മാരായി ഉയർത്തേണ്ടത് ഗുരുക്കളുടെ ബാധ്യതയാണ്. ഇത്തരത്തിലുള്ള ഉദാത്ത സംസ്കാരങ്ങളുടെയും അറിവിന്റേയും ഉത്പാദന ഉറവിടമായി വിദ്യാലയങ്ങൾ ഉയരണം. അതിന് മൂല്യബോധവും ഉന്നത കാഴ്ചപ്പാടും വെച്ചുപുലർത്തുന്ന പ്രതിഭാശാലികളായ അനേകം ഗുരുനാഥന്മാർ സമൂഹത്തിലുണ്ടാകണം.

വളരുന്ന ചെടികള്‍ക്ക് സൂര്യപ്രകാശം പോലെയാണ് കുട്ടികള്‍ക്ക് അധ്യാപകര്‍. അവരുടെ ജീവിതം ഒരു തുറന്ന പുസ്തകമാകണം. കുട്ടികള്‍ക്ക് അനുധാവനം ചെയ്യാൻ പറ്റുന്ന മാതൃകാ വ്യക്തിത്വങ്ങളായി ഉയര്‍ന്നുനില്‍ക്കാന്‍ അവര്‍ക്ക് സാധിക്കണം. സമയനിഷ്ഠ പാലിക്കുന്ന, ഉത്തരവാദിത്വങ്ങള്‍ വീഴ്ചകൂടാതെ നിര്‍വഹിക്കുന്ന, സത്യസന്ധരും ആത്മാർഥരുമായ അധ്യാപകരെയാണ് കാലം ആവശ്യപ്പെടുന്നത്. കുട്ടികളുടെ ഹൃദയങ്ങളില്‍ സ്‌നേഹത്തോടെ വസിക്കുന്ന ഒരു അധ്യാപകനാണോ താനെന്ന ചോദ്യം ഓരോ അധ്യാപകന്റെയും മനോമുകുരത്തിൽ തികട്ടി വരേണ്ടതുണ്ട്.