Connect with us

Ongoing News

അല്‍ബേനിയയോട് തുടക്കത്തില്‍ വിറച്ചു; അതിജീവിച്ച് ഇറ്റലി

ഒന്നിനെതിരെ രണ്ട് ഗോളിനാണ് നിലവിലെ ചാമ്പ്യന്മാര്‍ അല്‍ബേനിയയുടെ പോരാട്ട വീര്യത്തെ മറികടന്നത്.

Published

|

Last Updated

മ്യൂണിച്ച് | കളി തുടങ്ങി സെക്കന്‍ഡുകള്‍ക്കുള്ളില്‍ കുടുങ്ങിയ ഗോളിന്റെ ആഘാതത്തില്‍ നിന്ന് ഉയിര്‍ത്തെണീറ്റ ഇറ്റലിക്ക് അല്‍ബേനിയക്കെതിരെ വിജയം. ഒന്നിനെതിരെ രണ്ട് ഗോളിനാണ് നിലവിലെ ചാമ്പ്യന്മാര്‍ അല്‍ബേനിയയുടെ പോരാട്ട വീര്യത്തെ മറികടന്നത്.

മത്സരത്തിന്റെ 23-ാം സെക്കന്‍ഡില്‍ ഗോള്‍ നേടിയ അല്‍ബേനിയ അസൂറിപ്പടയെ ഞെട്ടിച്ചു കളഞ്ഞു. ഇറ്റാലിയന്‍ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത നെദിം ബജ്‌രാമിയാണ് അല്‍ബേനിയക്കായി പന്ത് ലക്ഷ്യത്തിലെത്തിച്ചത്. യൂറോ കപ്പിലെ ഒരു മത്സരത്തില്‍ ഏറ്റവും വേഗം സ്‌കോര്‍ ചെയ്യപ്പെടുന്ന ഗോളായി ഇത് ചരിത്രത്തില്‍ ഇടംപിടിച്ചു.

നടുക്കത്തില്‍ നിന്ന് അതിവേഗം കരകയറിയ ഇറ്റലി തുടര്‍ച്ചയായ പ്രത്യാക്രമണങ്ങള്‍ സംഘടിപ്പിച്ചു. മിനുട്ടുകള്‍ക്കകം ഇത് ഫലം കണ്ടു. 11-ാം മിനുട്ടില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് വന്ന പന്തിന് വിദഗ്ധമായി തലവെച്ച് അലസ്സാന്‍ഡ്രോ ബസ്സോണി ഇറ്റലിക്കായി സമനില നേടി.

പിന്നീട് തുടരെത്തുടരെ അല്‍ബേനിയന്‍ പ്രതിരോധത്തെ കീറിമുറിച്ച് ഇറ്റലി മുന്നേറ്റങ്ങള്‍ നടത്തുന്നതാണ് കണ്ടത്. 16-ാം മിനുട്ടില്‍ തന്നെ ഇറ്റലി ലീഡെടുത്തു. നിക്കോളോ ബരെല്ലയായിരുന്നു സ്‌കോറര്‍.

രണ്ടാം പകുതിയിലും പന്ത് കൈവശം വെക്കുന്നതിലും വേഗമേറിയ മുന്നേറ്റങ്ങള്‍ സംഘടിപ്പിക്കുന്നതിലും ഇറ്റലി മികവ് കാണിച്ചെങ്കിലും കൂടുതല്‍ ഗോള്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു.

4-3-3 ഫോര്‍മേഷനിലിറങ്ങിയ അല്‍ബേനിയയെ 4-2-3-1 ഫോര്‍മേഷനിലാണ് ഇറ്റലി നേരിട്ടത്. ഇറ്റലിയും അല്‍ബേനിയയും ഉള്‍പ്പെട്ട ബി ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ സ്‌പെയിന്‍ ക്രൊയേഷ്യയെ ഏകപക്ഷീയമായ മൂന്ന് ഗോലിന് തകര്‍ത്തിരുന്നു.

 

 

Latest