Kerala
ഇന്ദിരാ ഗാന്ധിയുടെ ഓര്‍മ്മകള്‍ക്ക് ഇന്നേക്ക് 40 വര്‍ഷം
1984 ഒക്ടോബര്‍ 31 ന് രാവിലെ 9.10നാണ് സ്വന്തം വസതിയില്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വം വഹിച്ചത്
തിരുവനന്തപുരം | ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഓര്‍മ്മകള്‍ക്ക് ഇന്നേക്ക് 40 വര്‍ഷം. 1984 ഒക്ടോബര്‍ 31 ന് രാവിലെ 9.10നാണ് സ്വന്തം വസതിയില്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വം വഹിച്ചത്.
ഡല്‍ഹി സഫ്ദര്‍ജംഗ് റോഡിലെ ഒന്നാം നമ്പര്‍ വസതിയില്‍ നിന്ന് അക്ബര്‍ റോഡിലെ ഓഫീസിലേക്കുള്ള പുല്‍ത്തകിടിയിലൂടെ നടക്കുകയായിരുന്ന ഇന്ദിരാ ഗാന്ധി വെടിയേറ്റു വീഴുകയായിരുന്നു. ബ്രിട്ടീഷ് ചലചിത്രകാരന്‍ പീറ്റര്‍ ഉസ്റ്റിനോവ് അഭിമുഖത്തനായി കാത്തുനിന്നിരുന്നു. പെട്ടെന്ന് കവാടത്തില്‍ കാവല്‍നിന്നവരുടെ തോക്കുകളില്‍ നിന്ന് വെടിയുണ്ടകളേറ്റ് അവര്‍ രക്തം ചിന്തി വീണു. ഇന്ത്യ കണ്ട ഏറ്റവും കരുത്തയായ വനിതാ നേതാവിന്റെ അന്ത്യവാര്‍ത്ത കേട്ട് ലോകം നടുങ്ങി.
ഒമ്പതു വര്‍ഷം ജീവന്‍ കാത്തുസൂക്ഷിച്ച അംഗരക്ഷകരാണ് ഇന്ദിരാ ഗാന്ധിയുടെ ജീവനെടുത്തത്. ഖലിസ്ഥാന്‍ വിഘടനവാദികളെ അടിച്ചമര്‍ത്താന്‍ സുവര്‍ണ ക്ഷേത്രത്തിലേക്ക് സൈന്യത്തെ അയക്കാനെടുത്ത തീരുമാനത്തിനുള്ള പ്രതികാരമായിരുന്ന ആ വെടിയുണ്ടകള്‍ക്കു പിന്നില്‍. സുവര്‍ണ ക്ഷേത്രത്തില്‍ ഖലിസ്ഥാന്‍ ഭീകരവാദി ബിന്ദ്രന്‍വാലയുടെ നേതൃത്വത്തില്‍ തമ്പടിച്ച തീവ്രവാദികളെ അമര്‍ച്ച ചെയ്യാനായി നടത്തിയ ‘ഓപ്പറേഷന്‍ ബ്ലൂസ്റ്റാറി’ല്‍ പ്രകോപിതരായ സബ് ഇന്‍സ്പക്ടര്‍ ബിയാന്ത് സിങും കോണ്‍സ്റ്റബിള്‍ സത്‌വന്ത് സിങും ചേര്‍ന്ന് ആ ധീര നേതാവിന്റെ വിരിമാറിലേക്ക് വെടിയുതിര്‍ത്തു.
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിലൂടെ അര്‍ധ ഫാഷിസ്റ്റ് വാഴ്ചയെന്ന ആരോപണത്തിന് അവര്‍ ഇരയായി. ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്ദിരാ ഗാന്ധിയെപ്പോലെ ആരാധാനയ്ക്കും വിമര്‍ശനത്തിനും പാത്രമായ മറ്റൊരു പ്രധാനമന്ത്രിയുണ്ടാകില്ല. രാജ്യത്തെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിടാന്‍ മുന്‍കൈയെടുത്തത് അടക്കം ജനാധിപത്യ വിരുദ്ധ നീക്കങ്ങളില്‍ അവര്‍ നിരന്തരം വിമര്‍ശിക്കപ്പെട്ടു.
ഇന്ത്യന്‍ വികസന സങ്കല്‍പ്പങ്ങള്‍ ഇന്ദിരാഗാന്ധി തിരുത്തിയെഴുതി. ബാങ്ക് ദേശസാത്കരണം, ഹരിത വിപ്ലവം, മതേതരത്വത്തിന്റെ സംരക്ഷണത്തിനായി എടുത്ത ധീര നിലപാടുകള്‍ എല്ലാം ഇന്ദിരാഗാന്ധിയുടെ പ്രതിച്ഛായ ഉയര്‍ത്തി. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി രക്തസാക്ഷിയായ നേതാവിന്റെ ഓര്‍മകള്‍ നാലു പതിറ്റാണ്ടിനിപ്പുറവും ഒരു വികാരമായി ജ്വലിച്ചു നില്‍ക്കുന്നു.