Uae
ഷാർജ അൽ മജാസിൽ തീപിടിത്തത്തിൽ ഇന്ത്യക്കാരി മരിച്ചു
11 നിലകളുള്ള ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലെ എട്ടാം നിലയിലെ ഒരു അപ്പാർട്ട്‌മെന്റിലാണ് തീപിടിത്തമുണ്ടായത്.

ഷാർജ|ഷാർജയിലെ അൽ മജാസ് 2ൽ ഒരു അപ്പാർട്ട്‌മെന്റിൽ തീപിടിത്തമുണ്ടായി. തീപിടിത്തത്തെ തുടർന്ന് 46 കാരിയായ ഇന്ത്യൻ സ്ത്രീ മരിച്ചതായി അധികൃതർ അറിയിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. വീട്ടിൽ പ്രത്യേക പ്രാർത്ഥന നടത്തുകയായിരുന്ന സ്ത്രീ ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ തീപിടിത്തത്തിൽ പെടുകയായിരുന്നു. 11 നിലകളുള്ള ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലെ എട്ടാം നിലയിലെ ഒരു അപ്പാർട്ട്‌മെന്റിലാണ് തീപിടിത്തമുണ്ടായത്. അടിയന്തിര സന്ദേശം ലഭിച്ചതിനെ തുടർന്ന് സിവിൽ ഡിഫൻസ് ടീമും പോലീസും നാഷണൽ ആംബുലൻസും ഉടൻ സ്ഥലത്തെത്തി. സ്ത്രീയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഫോറൻസിക് ലാബിലേക്ക് മാറ്റി.
തീ മറ്റു ഫ്‌ലാറ്റുകളിലേക്ക് പടർന്നിരുന്നില്ല. മുൻകരുതൽ നടപടികളുടെ ഭാഗമായി കെട്ടിടത്തിന്റെ എട്ടാം നില പൂർണ്ണമായും അടച്ചിരിക്കുകയാണ്. താമസക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നും തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നും അധികൃതർ വ്യക്തമാക്കി.