Articles
ഇന്ത്യന്‍ വിദ്യാര്‍ഥികളും യുദ്ധാനന്തര ഭാവിയും
യുക്രൈനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍ വിദ്യാഭ്യാസത്തെ സംബന്ധിച്ച് യാതൊരു ഉറപ്പും നല്‍കാന്‍ ഇന്ത്യന്‍ സര്‍ക്കാറിനോ യുക്രൈന്‍ അധികൃതര്‍ക്കോ കഴിഞ്ഞിട്ടില്ല. അതായത് ആ വിദ്യാര്‍ഥികളെ നടുക്കടലിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നു. ഇനി ഉണര്‍ന്നു ചിന്തിക്കാനുള്ള സമയമാണ്. ഇന്ത്യയിലേക്ക് തിരിച്ചുവന്ന വിദ്യാര്‍ഥികളുടെ തുടര്‍ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകേണ്ടത് എങ്ങനെയായിരിക്കണമെന്നതിനെ കുറിച്ചുള്ള ഗൗരവമായ ആലോചനകള്‍ ഒട്ടും വൈകാതെയുണ്ടാകണം.

സാമ്രാജ്യത്വ ശക്തിയായ റഷ്യ യുക്രൈനെ കാല്‍ക്കീഴിലാക്കാന്‍ വേണ്ടി നടത്തുന്ന യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നത് യുദ്ധം നടക്കുന്ന രാജ്യത്തെ ജനങ്ങള്‍ മാത്രമല്ല, പുറത്തു നിന്നുള്ളവരുമാണ്. വിവിധ രാജ്യങ്ങളിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഈ യുദ്ധത്തിന്റെയും ഇരകളായിത്തീര്‍ന്നിരിക്കുന്നു. കേരളമുള്‍പ്പെടെയുള്ള വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളും ഇതില്‍ ഉള്‍പ്പെടുന്നു. 64 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസ ലക്ഷ്യത്തില്‍ യുക്രൈനില്‍ പഠിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ഇന്ത്യയില്‍ നിന്നും ധാരാളം വിദ്യാര്‍ഥികള്‍ യുക്രൈനിലെത്തി മെഡിസിന്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസം നേടിക്കൊണ്ടിരിക്കുന്നുണ്ട്. യുദ്ധത്തിന്റെ മഹാ കെടുതികളില്‍ നിന്ന് രക്ഷപ്പെട്ട് അവരില്‍ വലിയൊരു വിഭാഗവും ഇന്ത്യയില്‍ തിരിച്ചെത്തിയിരിക്കുന്നു. പക്ഷേ അവരുടെ മടക്കം വളരെ ഗുരുതരമായ ഒരു അനിശ്ചിതാവസ്ഥ തുടര്‍ വിദ്യാഭ്യാസ കാര്യത്തില്‍ സൃഷ്ടിച്ചിരിക്കുന്നു. യുദ്ധം തുടരുന്നതിനാല്‍ തിരിച്ചുപോക്ക് എപ്പോള്‍, എങ്ങനെയെന്ന് പ്രവചിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്. അവരുടെ തുടര്‍ വിദ്യാഭ്യാസത്തെ സംബന്ധിച്ച് യാതൊരു ഉറപ്പും നല്‍കാന്‍ ഇന്ത്യന്‍ സര്‍ക്കാറിനോ യുക്രൈന്‍ അധികൃതര്‍ക്കോ കഴിഞ്ഞിട്ടില്ല. അതായത് ആ വിദ്യാര്‍ഥികളെ നടുക്കടലിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നു.
ഇനി ഉണര്‍ന്നു ചിന്തിക്കാനുള്ള സമയമാണ്. ഇന്ത്യയിലേക്ക് തിരിച്ചുവന്ന വിദ്യാര്‍ഥികളുടെ തുടര്‍ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകേണ്ടത് എങ്ങനെയായിരിക്കണമെന്നതിനെ കുറിച്ചുള്ള ഗൗരവമായ ആലോചനകള്‍ ഒട്ടും വൈകാതെയുണ്ടാകണം. പ്രാഥമികമായി പറയാനുള്ളത്, ഈ വിദ്യാര്‍ഥികളുടെയെല്ലാം തുടര്‍പഠന ബാധ്യത ഇന്ത്യന്‍ ഭരണകൂടം ഏറ്റെടുക്കണമെന്ന് തന്നെയാണ്. എന്തുകൊണ്ടെന്നാല്‍, ഈ വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ നിന്ന് യുക്രൈനിലെത്തി ഉന്നത പഠനം നിര്‍വഹിക്കാന്‍ നിര്‍ബന്ധിതരായതിന് പിന്നിലെ സാഹചര്യം സൃഷ്ടിച്ചത് ഇവിടുത്തെ ഭരണകൂടം തന്നെയാണ്. ഇന്ത്യയില്‍ ആവശ്യത്തിന് മെഡിക്കല്‍ കോളജുകളോ സീറ്റുകളോ ലഭ്യമല്ല. ആവശ്യത്തിന്റെ നൂറിലൊരു അംശം പോലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടെയില്ല, പ്രത്യേകിച്ചും സര്‍ക്കാര്‍ വിഭാഗത്തില്‍. ആകെയുള്ള 605 മെഡിക്കല്‍ കോളജുകളിലായി 90,825 സീറ്റുകള്‍ മാത്രമാണുള്ളത്. 2021ലെ നീറ്റ് പരീക്ഷയില്‍ 16 ലക്ഷം കുട്ടികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ അഞ്ച് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ എലിജിബിളായവരാണ്. പക്ഷേ, അവരില്‍ തൊണ്ണൂറായിരത്തോളം കുട്ടികളെ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയുള്ളവരുടെ തുടര്‍ വിദ്യാഭ്യാസ വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാറിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ആ വിദ്യാര്‍ഥികളില്‍ വലിയൊരു വിഭാഗം വിദേശങ്ങളിലാണ്. ഈ സാഹചര്യം നമ്മുടെ ഭരണകൂടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നതിനാല്‍, ഈ വിദ്യാര്‍ഥികളുടെ തുടര്‍ പഠനം ഉറപ്പാക്കേണ്ട സംവിധാനം ഇന്ത്യ ഒരുക്കിക്കൊടുക്കണം. അത് ഇന്ത്യയുടെ ധാര്‍മിക ബാധ്യതയാണ്. യുദ്ധം തുടര്‍ന്നുപോകുകയും തിരിച്ചുപോക്കിനും തുടര്‍ വിദ്യാഭ്യാസത്തിനും സാധ്യത അസ്തമിക്കുകയും ചെയ്താല്‍, മറ്റു രാജ്യങ്ങളുമായി ഈ വിദ്യാര്‍ഥികളുടെ തുടര്‍പഠന വിഷയത്തില്‍ ധാരണയുണ്ടാക്കാനും ഇന്ത്യന്‍ ഭരണകൂടം മുന്നോട്ടുവരണം. യുക്രൈനിന്റെ തന്നെ വിവിധ ഭാഗങ്ങളിലെ യൂനിവേഴ്സിറ്റികളിലോ, ബലാറസ്, ജോര്‍ജിയ തുടങ്ങി സമാന കോഴ്സുകള്‍ ചെയ്യുന്ന മറ്റു രാജ്യങ്ങളിലോ ഇവരുടെ തുടര്‍ പഠന വിഷയത്തില്‍ ധാരണയുണ്ടാക്കണം. വിദേശ പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ ഫോറിന്‍ ഗ്രാജ്വേറ്റ് എക്സാം എഴുതി പാസ്സാകണം. അപ്പോള്‍, തിരിച്ചു വന്ന വിദ്യാര്‍ഥികള്‍ക്ക് ആ പരീക്ഷ ഒരു മാനദണ്ഡമായി നടത്തി അവര്‍ക്ക് ഇന്ത്യയില്‍ തുടര്‍ പഠനം നടത്താന്‍ അവസരം ഒരുക്കണം. അതിനായി സ്പെഷ്യല്‍ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിക്കണം. എന്തായാലും, ആ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ഭാവികൊണ്ട് പന്താടാന്‍ സര്‍ക്കാര്‍ ശ്രമിക്കരുത്. വിദ്യാര്‍ഥികള്‍ സ്വന്തം നിലക്ക് സ്വകാര്യ പഠനം നടത്തുന്നവരാണ് എന്ന രീതിയിലുള്ള മനുഷ്യത്വവിരുദ്ധമായ, പൗരസംബന്ധമായ സങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധമായ രീതിയില്‍ അവരോട് പെരുമാറാന്‍ പാടില്ല. കാരണം യുദ്ധം ഏത് രാജ്യത്തും എപ്പോഴും ഉണ്ടാകാം. അതിന്റെ ഇരകളായി വരുന്നത് ഇപ്പോള്‍ വിദ്യാര്‍ഥികള്‍ കൂടിയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം യുക്രൈന്‍ പിടിച്ചടക്കാന്‍ ശ്രമിക്കുന്ന റഷ്യന്‍ സാമ്രാജ്യത്വ താത്പര്യങ്ങളുടെ പ്രധാന ഇരകള്‍ ഇവിടുത്തെ വിദ്യാര്‍ഥികളാണ്.
2014ല്‍ റഷ്യ ക്രിമിയ പിടിച്ചടക്കാന്‍ ശ്രമിച്ചപ്പോഴും സമാനമായി കുറെ വിദ്യാര്‍ഥികളുടെ പഠനം നഷ്ടപ്പെട്ടിരുന്നു. അന്ന് സര്‍ക്കാര്‍ അവരുടെ തുടര്‍ പഠനം ഏറ്റെടുക്കാന്‍ ശ്രമിച്ചില്ല എന്ന കാരണത്താല്‍ അവരുടെ ഭാവിപഠനം അവതാളത്തിലായി. അത്തരമൊരു സാഹചര്യം ഉണ്ടാകാതിരിക്കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്.
മറ്റൊരു രാജ്യത്ത് ഉന്നത വിദ്യാഭ്യാസം നടത്തി പാതിവഴിയില്‍ എത്തിയവര്‍ക്ക് ഇന്ത്യയില്‍ തുടര്‍ പഠനം നടത്താനുള്ള സംവിധാനം നിലവിലില്ല. പക്ഷേ, സ്പെഷ്യല്‍ കേസായി ഇതിനെ പരിഗണിച്ച് ഉത്തരവിറക്കിയാല്‍ തീരാവുന്നതേയുള്ളൂ ഈ പ്രശ്നം. വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം അവരുടെ തുടര്‍പഠനം തന്നെയാണ് വലിയ പ്രശ്നം. ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് തത്കാലം ഓണ്‍ലൈനില്‍ തുടര്‍ പഠനം സാധ്യമാകും. സാഹചര്യം അനുകൂലമാകുമ്പോള്‍ യുക്രൈനിലേക്ക് തിരിച്ചുപോകുകയും ചെയ്യാം. കോഴ്സുകളുടെ കാലാവധി നീട്ടുക എന്ന മറ്റൊരു ഉപാധി കൂടിയുണ്ട്. ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടെ ഏഴ് വര്‍ഷമാണ് യുക്രൈനിലെ മെഡിക്കല്‍ വിദ്യാഭ്യാസമെങ്കിലും പത്ത് വര്‍ഷത്തിനുള്ളില്‍ സബ്മിറ്റ് ചെയ്യാനും ഓപ്ഷനുണ്ട്. ഒരു വര്‍ഷമോ രണ്ട് വര്‍ഷമോ നഷ്ടപ്പെട്ടാലും കോഴ്സിന്റെ കാലാവധി നീട്ടിയെടുക്കാം.
എന്തായാലും, വിദ്യാര്‍ഥികളുടെ തുടര്‍ വിദ്യാഭ്യാസത്തെ സംബന്ധിക്കുന്ന കര്‍മപദ്ധതി അടിയന്തരമായി സ്വീകരിക്കണം. യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെയാണ് ഇതിനെ സമീപിക്കേണ്ടത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഡോക്ടര്‍-രോഗീ അനുപാതത്തിലെ വ്യത്യാസം വളരെ വലുതാണ്. അതുകൊണ്ട് കൂടുതല്‍ മെഡിക്കല്‍ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ നിലവില്‍ വരണം. ലാഭാധിഷ്ഠിതമായല്ലാതെ സാമൂഹിക ദൗത്യം എന്ന നിലക്ക് നടത്താന്‍ സാധിക്കുന്ന സര്‍വകലാശാലകളും മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളും ഉണ്ടാകണം.
യുക്രൈനിലേക്ക് ഉന്നത വിദ്യാഭ്യാസത്തിന് പോകാനുള്ള പ്രധാന ആകര്‍ഷണം കുറഞ്ഞ ഫീസാണ്. മൂന്നര ലക്ഷം രൂപ കൊണ്ട് മികച്ച മെഡിക്കല്‍ വിദ്യാഭ്യാസം നേടാന്‍ സാധിക്കുന്ന സ്ഥാപനങ്ങള്‍ അവിടെയുണ്ട്. യുക്രൈനിലെ ഇന്‍ഫ്രാസ്ട്രക്ടര്‍ സോവിയറ്റ് യൂനിയന്റെ കാലത്ത് സൃഷ്ടിക്കപ്പെട്ടതാണ്. അതിപ്പോഴും യുക്രൈന്‍ പരിപാലിച്ച് പോരുന്നു. പക്ഷേ റഷ്യയില്‍ അതത്ര മികച്ചതല്ലെന്ന് പറയാം. റഷ്യയില്‍ സാമൂഹിക അരക്ഷിതാവസ്ഥയും ക്രിമിനാലിറ്റിയും കൂടുതലാണ്. യുക്രൈന്‍ സ്ത്രീകള്‍ക്ക് മികച്ച സുരക്ഷിതത്വം നല്‍കുന്ന രാജ്യമാണ്. മികച്ച ഫാക്വല്‍റ്റികളാല്‍ സമ്പന്നമാണ് യുക്രൈന്‍. യുക്രൈനിലെ കോളജുകളില്‍ വിദ്യാര്‍ഥികളുടെ ഹാജരല്ല, ക്ലാസ്സുകളില്‍ എത്രത്തോളം അറ്റന്‍ഡീവാണ് എന്നതാണ് പ്രധാനം. ക്ലാസ്സില്‍ ഫിസിക്കലി ഹാജരല്ലെങ്കില്‍ പോലും ക്ലാസ്സിലെ പഠനത്തെ സംബന്ധിക്കുന്ന സ്‌കോറിനെ അടിസ്ഥാനപ്പെടുത്തിയാണ് ഗ്രേഡ് നിശ്ചയിക്കുന്നത്. ഇത്തരം പ്രത്യേകതകള്‍ യുക്രൈനെ വിദ്യാര്‍ഥികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു.
ലോകത്തുള്ള നൂറ് ടോപ് ഉന്നത മെഡിക്കല്‍ സ്ഥാപനങ്ങളില്‍ ഒന്ന് പോലും ഇന്ത്യയിലില്ല. ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാഭ്യാസം ലോകനിലവാരത്തില്‍ എത്തിയിട്ടില്ല എന്ന് ഇത് സൂചിപ്പിക്കുന്നു. ഇത്തരം സാഹചര്യങ്ങള്‍ കൊണ്ടെല്ലാമാണ് നമ്മുടെ കുട്ടികള്‍ വിദേശ രാജ്യങ്ങളിലെ യൂനിവേഴ്സിറ്റികളെ ആശ്രയിക്കുന്നത്. അതുകൊണ്ട് കുട്ടികള്‍ അവിടേക്ക് പോകുന്നുവെന്നത് തെറ്റായി കാണാന്‍ സാധിക്കില്ല. എന്തായാലും തിരിച്ചെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍ വിദ്യാഭ്യാസം മുടങ്ങാതിരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം. കുറച്ചുകൂടി കാത്തിരുന്നാല്‍ മാത്രമേ യുദ്ധത്തെ സംബന്ധിച്ചും ആ രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ചുമുള്ള കാര്യങ്ങള്‍ വ്യക്തമാകൂ. അത് വ്യക്തമാകുന്ന മുറക്കനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാം. അതിന് മുമ്പേ മുഖ്യമായ പരിഗണന നല്‍കേണ്ടത് വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തിന് ഇന്ത്യയില്‍ അവസരം സൃഷ്ടിക്കുന്നതിനാണ്. ഇന്റര്‍നാഷനല്‍ നിയമങ്ങള്‍ ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്തേണ്ടത് ഇത്തരം ഘട്ടങ്ങളിലാണെന്ന് കൂടി എല്ലാവരും ഓര്‍ത്തിരിക്കണം.