Connect with us

Uae

യു എ ഇയില്‍ ത്രിവര്‍ണം നിറച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷം

ഇന്ത്യന്‍ സമൂഹത്തിന് വളരാന്‍ അവസരം നല്‍കിയതിന് നന്ദി പറഞ്ഞ് കോണ്‍സല്‍ ജനറല്‍.

Published

|

Last Updated

ദുബൈ | ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം യു എ ഇയില്‍ വര്‍ണാഭമായി ആഘോഷിച്ചു. അബൂദബി ഇന്ത്യന്‍ എംബസിയിലും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും നടന്ന ചടങ്ങില്‍ നൂറുകണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ പങ്കെടുത്തു. കുടുംബങ്ങളും കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ ആറിനു തന്നെ മിഷനുകളുടെ അങ്കണത്തില്‍ എത്തിയിരുന്നു. ത്രിവര്‍ണ നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിച്ചും പതാകകള്‍ വീശിയും കുട്ടികള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു. ദേശീയ ഗാനം ആലപിച്ച ശേഷം എംബസിയില്‍ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീറും ദുബൈയില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവനും പതാക ഉയര്‍ത്തി.

സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ ഇന്ത്യയുടെ വളര്‍ച്ചയെക്കുറിച്ചും രാജ്യത്തിന്റെ പുരോഗതിയില്‍ പ്രവാസികളുടെ പങ്കിനെക്കുറിച്ചും ഇരുവരും പരാമര്‍ശിച്ചു. ഇന്ത്യന്‍ സമൂഹത്തിന് വളരാന്‍ അവസരം നല്‍കിയതിന് യു എ ഇ സര്‍ക്കാരിനും ഭരണാധികാരികള്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബുര്‍ജ് ഖലീഫയില്‍ ഇന്ത്യന്‍ പതാകയുടെ വര്‍ണങ്ങള്‍ തെളിഞ്ഞു.

മാധ്യമപ്രവര്‍ത്ത കൂട്ടായ്മ
ദുബൈ യു എ ഇയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ദുബൈ ഖിസൈസ് കാലിക്കറ്റ് നോട്ട് ബുക്ക് റെസ്റ്റോറന്റ് ഹാളില്‍ നടന്ന ചടങ്ങില്‍ അക്കാഫ് അസോസിയേഷന്‍ പ്രസിഡന്റ് പോള്‍ ടി ജോസഫ് സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. കൂട്ടായ്മ നടത്തിയ ‘ഫ്രീഡം ക്വിസ്’ മത്സരത്തില്‍ സമ്മാനം നേടിയ ഷിന്‍സ് സെബാസ്റ്റ്യന്‍, ഷിനോജ് ഷംസുദ്ദീന്‍, ഭാസ്‌കര്‍ രാജ് എന്നിവര്‍ക്ക് പോള്‍ ടി ജോസഫ് സമ്മാനങ്ങള്‍ നല്‍കി. വനിത വിനോദ് സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രതീകാത്മകമായി ദേശീയ പതാക ഉയര്‍ത്തുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്തു. മധുര പലഹാരങ്ങളും വിതരണം ചെയ്തു. റോയ് റാഫേല്‍ സ്വാഗതവും യാസിര്‍ അറാഫത്ത് നന്ദിയും പറഞ്ഞു.

അക്കാഫ്
ദുബൈ അക്കാഫ് അസോസിയേഷന്‍ അസോസിയേഷന്‍ ഹാളില്‍ ദേശീയ പതാക ഉയര്‍ത്തി ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. അക്കാഫ് അസോസിയേഷന്‍ പ്രസിഡന്റ് പോള്‍ ടി ജോസഫ് ദേശീയ പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി ഷൈന്‍ ചന്ദ്രസേനന്‍, ട്രഷറര്‍ രാജേഷ് പിള്ള, ഫ്‌ളവേഴ്സ് ടി വി ബിസിനസ് ഹെഡ് ജോസഫ് ഫ്രാന്‍സിസ്, ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ആര്‍ സുനില്‍ കുമാര്‍, മുന്‍ പ്രസിഡന്റുമാരായ മുഹമ്മദ് റഫീഖ്, മച്ചിങ്ങല്‍ രാധാകൃഷ്ണന്‍, സാനു മാത്യു, കോളജ് അലുംനി പ്രതിനിധി സഞ്ജു പിള്ള സംസാരിച്ചു. വിവിധ കോളജ് അലുംനി മെമ്പര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

Latest