Uae
അപകടം വരുത്തി രക്ഷപ്പെട്ട ഇന്ത്യൻ ഡ്രൈവറെ അറസ്റ്റ് ചെയ്തു
അനധികൃതമായി വാഹനം നന്നാക്കിയ ഗ്യാരേജ് ഉടമയും പിടിയിൽ

ദുബൈ| ഗുരുതരമായ വാഹനാപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോയ ഡ്രൈവറെയും ഈ വാഹനം ഗതാഗത വകുപ്പിന്റെ അനുമതിയില്ലാതെ നന്നാക്കിയ ഗ്യാരേജ് ഉടമയെയും അറസ്റ്റ് ചെയ്തു. 33 വയസ്സുള്ള ഇന്ത്യക്കാരനാണ് ഡ്രൈവർ. ഗ്യാരേജ് ഉടമ പാകിസ്ഥാനിയുമാണ്. ജൂലൈ 20ന് ഹോർ അൽ അൻസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.ദുബൈ പോലീസ് ഉടൻ തന്നെ പ്രതികളെ പിടികൂടുകയും 48 മണിക്കൂറിനുള്ളിൽ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
ഒരാളെ ഇടിച്ചിട്ട ശേഷം ഡ്രൈവർ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. പരുക്കേറ്റയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും അധികൃതർ അറിയിച്ചു. ഗ്യാരേജ് ഉടമ കേസിൽ രണ്ടാം പ്രതിയാണ്.
അശ്രദ്ധമായ ഡ്രൈവിംഗ്, അലംഭാവം, റോഡ് ഉപയോഗിക്കുന്നവരെ പരിഗണിക്കാത്തത് എന്നിവയാണ് അപകടത്തിന് കാരണമെന്ന് അധികൃതർ അറിയിച്ചു. പരുക്കുകളുള്ള അപകടം വരുത്തിയ ശേഷം സ്ഥലം വിട്ടുപോകുന്നത് ഗുരുതരമായ കുറ്റമാണെന്നും അടിയന്തിര സാഹചര്യങ്ങളിൽ മാത്രമേ ഇത് അനുവദിക്കൂ എന്നും ട്രാഫിക് പ്രോസിക്യൂഷൻ മേധാവി സീനിയർ അഡ്വ. ജനറൽ കൗൺസിലർ സലാ ബു ഫറൂശ അൽ ഫലാസി വ്യക്തമാക്കി. അപകടം സംഭവിച്ചാൽ മൂന്ന് മണിക്കൂറിനുള്ളിൽ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണം. ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നവരെ ശക്തമായ നിയമനടപടിക്ക് വിധേയരാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.