operation sindoor
ഇന്ത്യ- പാക് സംഘര്‍ഷം; രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ ശനിയാഴ്ച വരെ അടച്ചു
മെയ് 10 വരെയാണ് ഇത് ബാധകമാവുക.

ന്യൂഡല്‍ഹി| പഹല്‍ഗാമിലെ ഭീകരാക്രണത്തിന്റെ മറുപടിയായ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദേശം. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ അടച്ചു. മെയ് 10 വരെയാണ് ഇത് ബാധകമാവുക. ശ്രീനഗര്‍, ജമ്മു, ലേ, ചണ്ഡീഗഢ്, അമൃത്സര്‍, ലുധിയാന, പട്യാല, ബതിന്ദ, ഹല്‍വാര, പത്താന്‍കോട്ട്, ഭുന്തര്‍, ഷിംല, ഗഗ്ഗല്‍, ധര്‍മശാല, കിഷന്‍ഗഡ്, ജയ്‌സാല്‍മീര്‍, ജോധ്പൂര്‍, ബിക്കാനീര്‍, മുണ്ട്ര, ജാംനഗര്‍, രാജ്‌കോട്ട്, ഭുണ്ഡ്ലി, പ്ളോര്‍ജ്ല എന്നീ വിമാനത്താവളങ്ങളാണ് അടച്ചിട്ടത്. സുരക്ഷാ മുന്‍കരുതലിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ 250ഓളം വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. അതേസമയം ഇന്ത്യ- പാക് സംഘര്‍ഷ പശ്ചാത്തലത്തില്‍ കശ്മീരില്‍ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പഹല്‍ഗാമിലെ ഭീകരാക്രണത്തിന്റെ മറുപടി ഓപ്പറേഷല്‍ സിന്ദൂരില്‍ അവസാനിക്കില്ലെന്ന് വ്യക്തമാക്കുകയാണ് ഇന്ത്യ. ഇനിയും പാക് പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാനാണ് തീരുമാനം. പാകിസ്താന്റെ കൂടുതല്‍ തീവ്രവാദ ക്യാമ്പുകള്‍ ഇന്ത്യ ഉന്നം വയ്ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നിയന്ത്രണ രേഖയിലെ സാധാരണക്കാര്‍ക്ക് നേരെയുള്ള നടപടിക്ക് തക്കതായ തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് സ്വാതന്ത്ര്യം നല്‍കി. അതിനിടെ അടിയന്തിര സാഹചര്യം പരിഗണിച്ച് നേപ്പാള്‍-പാക്ക് അതിര്‍ത്തിയിലുള്ള സംസ്ഥാനങ്ങള്‍ അവശ്യ വസ്തുക്കള്‍ ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദേശിച്ചു. ദുരന്ത നിവാരണ സേന, സിവില്‍ ഡിഫന്‍സ്, ഹോം ഗാര്‍ഡുകള്‍ എന്നിവര്‍ ഏത് സാഹചര്യത്തെയും നേരിടാന്‍ സജ്ജരാകണമെന്നാണ് നിര്‍ദ്ദേശം.