Connect with us

National

വീണ്ടും കനത്ത തിരിച്ചടി; പാക് വ്യോമ പ്രതിരോധ സംവിധാനം തകർത്ത് ഇന്ത്യ

ശ്രീനഗർ, പത്താൻകോട്ട്, അമൃത്സർ, ലുധിയാന, ചണ്ഡീഗഢ് എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങളിൽ പാകിസ്ഥാൻ ആക്രമണം നടത്താൻ ശ്രമിച്ചതിന് മറുപടിയായി ഇന്ത്യൻ സേന ലാഹോർ ഉൾപ്പെടെയുള്ള നിരവധി സ്ഥലങ്ങളിൽ പാകിസ്ഥാന്റെ വ്യോമ പ്രതിരോധ റഡാറുകളും സംവിധാനങ്ങളും തകർത്തു.

Published

|

Last Updated

ന്യൂഡൽഹി | രാജ്യത്തിന്റെ വടക്കൻ, പടിഞ്ഞാറൻ മേഖലകളിലെ 15 സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള പാകിസ്ഥാന്റെ ആക്രമണ ശ്രമത്തിന് കനത്ത തിരിച്ചടി നൽകി ഇന്ത്യ. ശ്രീനഗർ, പത്താൻകോട്ട്, അമൃത്സർ, ലുധിയാന, ചണ്ഡീഗഢ് എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങളിൽ പാകിസ്ഥാൻ ആക്രമണം നടത്താൻ ശ്രമിച്ചതിന് മറുപടിയായി ഇന്ത്യൻ സേന ലാഹോർ ഉൾപ്പെടെയുള്ള നിരവധി സ്ഥലങ്ങളിൽ പാകിസ്ഥാന്റെ വ്യോമ പ്രതിരോധ റഡാറുകളും സംവിധാനങ്ങളും തകർത്തു.

പാക് സേന ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചെങ്കിലും ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ അവയെ നിർവീര്യമാക്കി. പാകിസ്ഥാന്റെ വ്യോമ പ്രതിരോധം തകർക്കാൻ ഇന്ത്യ ഹാർപ്പി ഡ്രോണുകൾ ഉപയോഗിച്ചെന്നും, പിന്നീട് ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യമിട്ടെത്തിയ മിസൈലുകൾ റഷ്യൻ നിർമ്മിത എസ്-400 പ്രതിരോധ സംവിധാനം ഉപയോഗിച്ച് വെടിവെച്ചിട്ടെന്നും വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

തകർന്ന ഡ്രോണുകളുടെയും മിസൈലുകളുടെയും അവശിഷ്ടങ്ങൾ ഇന്ത്യ ശേഖരിക്കുന്നുണ്ട്. പാകിസ്ഥാനോ പാക് രഹസ്യാന്വേഷണ ഏജൻസികളോ ഇന്ത്യക്കെതിരായ ഭീകരവാദത്തിന് സാമ്പത്തിക സഹായവും സൈനിക പരിശീലനവും നൽകുന്നുവെന്ന ഇന്ത്യയുടെ ആരോപണങ്ങൾക്ക് തെളിവായി ഇത് മാറുമെന്നും സർക്കാർ വ്യക്തമാക്കി.

ജമ്മു കശ്മീർ, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യാഴാഴ്ച പുലർച്ചെയും ബുധനാഴ്ച രാത്രിയുമാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്. ഇത് ഇന്ത്യ കൃത്യമായി തടഞ്ഞു. പാകിസ്ഥാൻ നടത്തിയ ആക്രമണത്തിന്റെ അതേ രീതിയിലും അതേ തീവ്രതയിലുമായിരുന്നു ഇന്ത്യയുടെ പ്രതികരണമെന്ന് സർക്കാർ അറിയിച്ചു.

ഏപ്രിൽ 22ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ബുധനാഴ്ച പുലർച്ചെ പാകിസ്ഥാനിലെ നാല് ഭീകര ക്യാമ്പുകളിലും പാക് അധീന കാശ്മീരിലെ അഞ്ച് ക്യാമ്പുകളിലും ഇന്ത്യൻ സൈന്യം തകർത്തിരുന്നു. ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന് പേരിട്ട ഈ സൈനിക നടപടി 25 മിനിറ്റ് നീണ്ടുനിന്നു. ഹാമർ സ്മാർട്ട് ബോംബുകൾ, സ്കാൽപ് മിസൈലുകൾ ഉൾപ്പെടെ 24 മിസൈലുകൾ ഉപയോഗിച്ച് ഭീകര സംഘടനകളുടെ ആസ്ഥാനങ്ങളും പരിശീലന കേന്ദ്രങ്ങളുമാണ് തകർത്തത്. ഈ ആക്രമണത്തിൽ 100 ലധികം ഭീകരർ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു.

ലഷ്‌കർ-ഇ-തൊയ്ബയുടെ പോഷക സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ടിൽ നിന്നുള്ള നാല് ഭീകരർ ജമ്മു കശ്മീർ തലസ്ഥാനമായ ശ്രീനഗറിൽ നിന്ന് 70 കിലോമീറ്റർ മാത്രം അകലെയുള്ള ബൈസാരൻ താഴ്‌വരയിൽ 26 പേരെ കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ സൈനിക നടപടി.

ഇന്ത്യൻ സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയാൽ കൂടുതൽ തിരിച്ചടികൾ ഉണ്ടാകുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാകിസ്ഥാന്റെ പ്രകോപനങ്ങൾക്ക് അനുസരിച്ച് ഓപ്പറേഷൻ സിന്ദൂർ “തുടരുകയാണെന്ന്” പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് രാവിലെ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗത്തിൽ വ്യക്തമാക്കി.