Connect with us

Kerala

ആവശ്യക്കാരേറി; നാളികേരത്തിന് പിന്നാലെ ചിരട്ടക്കും വില കുതിക്കുന്നു

ആക്രി തൊഴിലാളികള്‍ അടക്കം വീടുകള്‍ കയറിയിറങ്ങി ചിരട്ട വാങ്ങുന്നുണ്ട്

Published

|

Last Updated

പാലക്കാട് | നാളികേരത്തിനൊപ്പം ചിരട്ടക്കും വില കുതിക്കുന്നു. ഒരു കിലോ ചിരട്ടക്ക് 32 രൂപയാണ് വിപണി വില. മുന്‍കാലങ്ങളില്‍ നിസ്സാര വിലക്ക് കിട്ടിയിരുന്ന ചിരട്ടക്കാണ് ഇപ്പോള്‍ വില കുതിക്കുന്നത്. തേങ്ങവിലയില്‍ ഉണ്ടായ കുതിപ്പും ചാഞ്ചാട്ടവുമാണ് ചിരട്ടയുടെ ഡിമാന്റിന് കാരണം. പത്ത് തേങ്ങയുടെ ചിരട്ടയുണ്ടെങ്കില്‍ ഒരു കിലോയോളമാകും. കടകളില്‍ 27 രൂപ മുതലാണ് ഇതിന് വില നല്‍കുന്നത്.

തമിഴ്‌നാട്ടിലേക്ക് എത്തുമ്പോള്‍ 32 രൂപ വരെ ലഭിക്കുന്നുണ്ട്. ചിരട്ടക്കരി ഉത്പാദിപ്പിക്കുന്ന കമ്പനികളിലേക്കാണ് കേരളത്തില്‍ നിന്നുള്ള ചിരട്ട പ്രധാനമായും കയറ്റിയയക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. സൗന്ദര്യവര്‍ധക ഉത്പന്നങ്ങളിലും പഴച്ചാര്‍, പഞ്ചസാര, വെള്ളം എന്നിവ ശുദ്ധീകരിക്കാനുമാണ് ചിരട്ടക്കരി പ്രധാനമായും ഉപയോഗിക്കുന്നത്. ക്വിന്റല്‍ കണക്കിന് ചിരട്ടയാണ് ഏജന്റുമാര്‍ കേരളത്തില്‍ നിന്ന് സംഭരിച്ച് തമിഴ്‌നാട്ടിലേക്ക് എത്തിക്കുന്നത്.

ആക്രി തൊഴിലാളികള്‍ അടക്കം വീടുകള്‍ കയറിയിറങ്ങി ചിരട്ട വാങ്ങുന്നുണ്ട്. ഇവര്‍ തുച്ഛമായ വിലയാണ് നല്‍കുന്നത്. കൗതുക വസ്തുക്കളും കരകൗശല വസ്തുക്കളും നിര്‍മിക്കുന്നവര്‍ക്കും ചിരട്ട ഏറെ പ്രധാനപ്പെട്ട അസംസ്‌കൃത വസ്തുവാണ്.

 

 

Latest