Connect with us

Ongoing News

രണ്ട് ഗോളില്‍ വീണ് ഇന്ത്യ; സഊദി ക്വാര്‍ട്ടറില്‍

മുഹമ്മദ് ഖലീല്‍ മറാനാണ് സഊദിയുടെ രണ്ടു ഗോളും സ്‌കോര്‍ ചെയ്തത്.

Published

|

Last Updated

ഹാങ്ചൗ | അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ കരുത്തരായ സഊദി അറേബ്യയോട് തോറ്റ് ഇന്ത്യ പുറത്ത്. പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് സഊദിയുടെ ജയം.

മുഹമ്മദ് ഖലീല്‍ മറാനാണ് സഊദിയുടെ രണ്ടു ഗോളും സ്‌കോര്‍ ചെയ്തത്. ജയത്തോടെ സഊദി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

രണ്ടാം പകുതിയിലാണ് സഊദിയുടെ ഗോളുകള്‍ പിറന്നത്. ഹാങ്ചൗവിലെ ഹുവാങ്ലോങ് സ്പോര്‍ട്സ് സെന്റര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 52, 58 മിനുട്ടുകളിലായിരുന്നു ഖലീല്‍ മറാന്‍ ഇന്ത്യയുടെ വല കുലുക്കിയത്.

ഹെഡ്ഡറിലൂടെയായിരുന്നു മറാന്റെ ആദ്യ ഗോള്‍. മുഹമ്മദ് അല്‍ ഷമാദ് ബോക്സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്തില്‍ തലവച്ചാണ് ലക്ഷ്യം കണ്ടത്. എട്ട് മിനുട്ടുകള്‍ക്കു ശേഷം താരം വീണ്ടും ഗോള്‍ കണ്ടെത്തി. പന്തുമായി ബോക്സിലേക്ക് പ്രവേശിച്ച മറാന്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ധീരജിനേയും മറികടന്ന് പന്ത് ഗോളിലെത്തിച്ചു.

ടൂര്‍ണമെന്റിലെ വമ്പന്മാരായ സഊദിയെ രണ്ട് ഗോളിലൊതുക്കാന്‍ സാധിച്ചത് ഇന്ത്യയെ സംബന്ധിച്ച് അഭിനന്ദനീയമാണ്. ആദ്യപകുതി മുഴുവന്‍ സഊദിയെ പിടിച്ചുനിര്‍ത്താന്‍ ഇന്ത്യക്കായി. മികച്ച പ്രതിരോധമൊരുക്കിയാണ് ഇത് സാധ്യമാക്കിയത്.

ഏഷ്യന്‍ ടീമുകളില്‍ അഞ്ചാം റാങ്കിലുള്ള ടീമാണ് സഊദി. ഫിഫ ലോക റാങ്കിംഗില്‍ 57-ാമതും. എന്നാല്‍, യഥാക്രമം 18ഉം 102ഉം സ്ഥാനങ്ങളിലാണ് ഇന്ത്യ.

Latest