National
ഗ്രാമീണ മേഖലയില്‍ 5ജി ട്രയല്‍സിന് തുടക്കമിട്ട് ഇന്ത്യ
ഗുജറാത്ത് ലൈസന്‍സ്ഡ് സര്‍വീസ് ഏരിയ (എല്‍എസ്എ) ടീമാണ് അജോള്‍ ഗ്രാമത്തില്‍ ഗ്രാമീണ 5ജി പരീക്ഷണങ്ങള്‍ നടത്തിയത്.

ന്യൂഡല്‍ഹി| ലോകത്ത് പല രാജ്യങ്ങളിലും 5ജി സേവനം പഴകിത്തുടങ്ങിയ ടെക്‌നോളജിയായിട്ടും ഇന്ത്യയില്‍ പൂര്‍ണ തോതില്‍ 5ജി സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ കാലതാമസം തുടരുകയാണ്. ഇപ്പോള്‍ ഗ്രാമീണ മേഖലയില്‍ 5ജി ട്രയല്‍സിന് തുടക്കമിട്ടിരിക്കുകയാണ് ഇന്ത്യ. ഗുജറാത്തിലെ ഗാന്ധിനഗര്‍ ജില്ലയിലെ അജോള്‍ ഗ്രാമത്തിലാണ് ഗ്രാമീണ 5ജി സാങ്കേതിക പരീക്ഷണങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. റൂറല്‍ മേഖലകളില്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് കൂടി വേണ്ടിയാണ് പരീക്ഷണം നടക്കുന്നത്. ഡിഒടിയും സ്വകാര്യ സേവന ദാതാക്കളും സംയുക്തമായിട്ടായിരുന്നു പരീക്ഷണം നടത്തിയത്.
അജോള്‍ ഗ്രാമത്തില്‍ നിന്നും 17 കിലോമീറ്റര്‍ അകലെയുള്ള ഗാന്ധിനഗര്‍ – ഉനാവ ടൗണില്‍ ബേസ് ട്രാന്‍സ്സിവര്‍ സ്റ്റേഷന്‍ (ബിടിഎസ്) സ്ഥാപിച്ചതിന് ശേഷമാണ് അജോള്‍ ഗ്രാമത്തില്‍ ലഭ്യമാകുന്ന ഡാറ്റ സ്പീഡിനെക്കുറിച്ച് പരീക്ഷണങ്ങള്‍ നടത്തിയത്. ഇതിനായി ടെലിക്കോം വകുപ്പില്‍ (ഡിഒടി) നിന്നുള്ള പ്രതിനിധികള്‍ അജോള്‍ ഗ്രാമം സന്ദര്‍ശിക്കുകയും ചെയ്തു. ഒപ്പം രാജ്യത്തെ രണ്ട് സ്വകാര്യ ടെലിക്കോം കമ്പനികളുടെ പ്രതിനിധികളും അജോളില്‍ സന്ദര്‍ശനം നടത്തി. 105.47 എംബിപിഎസ് ഡൗണ്‍ലോഡ് വേഗവും 58.77 എംബിപിഎസ് അപ്ലോഡ് വേഗവും ഗ്രാമത്തില്‍ ലഭ്യമായതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഗുജറാത്ത് ലൈസന്‍സ്ഡ് സര്‍വീസ് ഏരിയ (എല്‍എസ്എ) ടീമാണ് അജോള്‍ ഗ്രാമത്തില്‍ ഗ്രാമീണ 5ജി പരീക്ഷണങ്ങള്‍ നടത്തിയത്. സംഘത്തിനൊപ്പം ഡിഡിജിമാരായ അജാതശത്രു സൊമാനി, റോഷന്‍ ലാല്‍ മീണ, ഡയറക്ടര്‍മാരായ സുമിത് മിശ്ര, വികാസ് ദധിച്ച് എന്നിവരും ഉണ്ടായിരുന്നു. വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെയും നോക്കിയയുടെയും സാങ്കേതിക സംഘങ്ങളും വ്യാഴാഴ്ച ഗാന്ധിനഗറിലെ 5ജി ടെസ്റ്റിങ് സൈറ്റുകള്‍ സന്ദര്‍ശിച്ചു. നവംബര്‍ 19 ന്, ഗാന്ധിനഗര്‍ നഗരത്തിലെ മഹാത്മാ മന്ദിര്‍ 5ജി സൈറ്റിലും ഡിഒടി സംഘം ഡാറ്റ സ്പീഡ് പരിശോധിച്ചിരുന്നു. അന്ന് ഏകദേശം 1.5 ജിബിപിഎസ് (4ജിയെക്കാള്‍ 100 മടങ്ങ് വേഗം) വേഗതയുള്ളതായി കണ്ടെത്തിയിരുന്നു. നോണ്‍-സ്റ്റാന്‍ഡലോണ്‍ 5ജി മോഡിലാണ് സ്പീഡ് ടെസ്റ്റ് നടത്തിയത്.