Eduline
ഇന്ത്യ സി എം എ
ഒരു സ്ഥാപനത്തിലെ ചെലവുകൾ ഫലപ്രദമായി നിയന്ത്രിക്കുക, ഭാവിയിൽ വരാൻ പോകുന്ന ചെലവുകൾ മുൻകൂട്ടി കണ്ട് അതിനാവശ്യമായ സാമ്പത്തികമായ പ്ലാനിംഗ് നടത്തുക തുടങ്ങിയവയാണ് കോസ്റ്റ് ആൻഡ് മാനേജ്മന്റ് അക്കൗണ്ടന്റിന്റെ ഉത്തരവാദിത്വം
കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടന്റ്‌സി (സി എം എ) എന്ന കോഴ്‌സ് വിദ്യാർഥികൾക്കിടയിൽ വൻ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ നൽകുന്ന പ്രൊഫഷനൽ യോഗ്യതയാണ് സി എം എ. ഒരു സ്ഥാപനത്തിലെ ചെലവുകൾ ഫലപ്രദമായി നിയന്ത്രിക്കുക, ഭാവിയിൽ വരാൻ പോകുന്ന ചെലവുകൾ മുൻകൂട്ടി കണ്ട് അതിനാവശ്യമായ സാമ്പത്തികമായ പ്ലാനിംഗ് നടത്തുക തുടങ്ങിയവയാണ് കോസ്റ്റ് ആൻഡ് മാനേജ്മന്റ് അക്കൗണ്ടന്റിന്റെ ഉത്തരവാദിത്വം. ഈ വിഷയങ്ങളിൽ ആവശ്യമായ പരിശീലനം നൽകുന്ന ഉന്നത നിലവാരമുള്ള കോഴ്സാണിത്.
സി എം എ കോഴ്‌സ് പൂർത്തിയാകുന്നതോടെ ചെലവ് നിയന്ത്രണത്തിലും സാമ്പത്തിക തന്ത്രങ്ങളിലും വിദഗ്‌ധരെ ആവശ്യമുള്ള കമ്പനികളിൽ ഉന്നത നിലവാരത്തിലുള്ള ജോലികൾ ലഭിക്കും.
മൂന്ന് ലെവലുകൾ
സി എം എ കോഴ്‌സിന് മൂന്ന് ലെവലുകളാണുള്ളത്. ഫൗണ്ടേഷൻ ലെവൽ, ഇന്റർമീഡിയറ്റ് ലെവൽ, ഫൈനൽ ലെവൽ എന്നിവയാണത്. ഇത് കൂടാതെ പ്രായോഗിക പരിശീലനം കൂടി ലഭിച്ചാൽ മാത്രം സി എം എ കോഴ്‌സ് പൂർത്തിയാകുകയുള്ളു. സി എ, സി എസ് കോഴ്‌സുകളെ അപേക്ഷിച്ച് താരതമ്യേന എളുപ്പമുള്ള കോഴ്സാണിത് .സി എം എ പരീക്ഷക്ക് മൊത്തം 20 പേപ്പറുകളാണുള്ളത്. ഫൗണ്ടേഷൻ ലെവലിൽ നാലും ഇന്റർമീഡിയറ്റ് ലെവലിൽ രണ്ട് ഗ്രൂപ്പുകളിലായി എട്ടും ഫൈനൽ ലെവലിൽ രണ്ട് ഗ്രൂപ്പുകളിലായി എട്ടും പേപ്പറുകൾ എഴുതണം. ഫൈനൽ ലെവലിലെ നാല് പേപ്പറിൽ മൂന്നെണ്ണം നിർബന്ധമായും എഴുതണം. ഒരു പേപ്പർ എലെക്റ്റീവാണ്.
പ്രവേശനം
ഫൗണ്ടേഷൻ ലെവലിലേക്ക് പ്രവേശനത്തിന് എപ്പോൾ വേണമെങ്കിലും അപേക്ഷിക്കാം. എന്നാൽ, ജൂണിൽ പരീക്ഷ എഴുതേണ്ടവർ ജനുവരി 31ന് മുമ്പും ഡിസംബറിൽ പരീക്ഷ എഴുതേണ്ടവർ ജൂലൈ 31ന് മുമ്പും അപേക്ഷിക്കണം. എല്ലാ അപേക്ഷകരും ആവശ്യമായ രേഖകൾ സഹിതം ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ www.icmai.inഎന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം .
ഫൗണ്ടേഷൻ പരീക്ഷ എഴുതാൻ +2 യോഗ്യത നേടിയിരിക്കണം. പത്താം ക്ലാസ്സ് പാസ്സായവർക്ക് ഫൗണ്ടേഷൻ കോഴ്‌സിൽ ചേർന്ന് പഠനം തുടങ്ങാം. ഫൗണ്ടേഷൻ ലെവൽ പരീക്ഷ വിജയിച്ചവർക്ക് ഇന്റർമീഡിയറ്റ് കോഴ്‌സിന് രജിസ്റ്റർ ചെയ്യാം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ തന്നെ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ അക്കൗണ്ടിംഗ് ടെക്‌നീഷ്യൻസ് പരീക്ഷ വിജയിച്ചവർക്കും ഇന്റർമീഡിയറ്റ് ലെവലിലേക്ക് പ്രവേശനം ലഭിക്കും. നിശ്ചിത ദൈർഘ്യമുള്ള സ്‌കിൽ ട്രെയിനിംഗ് പൂർത്തിയാക്കിയാൽ ഇന്റർമീഡിയറ്റ് പരീക്ഷ എഴുതാം. ഫൈൻ ആർട്‌സ് ഒഴികെ മറ്റ് ഡിഗ്രി യോഗ്യത നേടിയവർക്ക് നേരിട്ട് ഇന്റർമീഡിയറ്റ് ലെവലിലേക്ക് പ്രവേശനം ലഭിക്കും.
സി എ കോഴ്‌സ് ഇന്റർമീഡിയറ്റ് യോഗ്യത നേടിയവർക്കും ഇന്റർമീഡിയറ്റ് ലെവലിലേക്ക് നേരിട്ട് പ്രവേശനം നേടാനാകും. ഇന്റർമീഡിയറ്റ് പരീക്ഷ വിജയിച്ച ശേഷം ആവശ്യമായ വിഷയങ്ങളിൽ സ്‌കിൽ ട്രെയിനിംഗും നിശ്ചിത ഇൻഡസ്ട്രി ഓറിയന്റഡ് ട്രെയിനിംഗും 15 മാസത്തെ പ്രായോഗിക പരിശീലനവും പൂർത്തിയാക്കിയാൽ ഫൈനൽ ലെവൽ പരീക്ഷക്ക് അപേക്ഷിക്കാം. ഫൈനൽ പരീക്ഷ വിജയിച്ച് ഓറിയന്റേഷൻ പ്രോഗ്രാമും പൂർത്തിയാക്കിയാൽ സി എം എ മെംബർഷിപ്പിന് അർഹത നേടും. കൂടുതൽ വിവരങ്ങൾക്ക് www.icmai.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

