Connect with us

International

ചൈനയുമായി വ്യാപാര ബന്ധം വര്‍ധിപ്പിക്കുന്നത് 'വളരെ അപകടകരം'; ബ്രിട്ടന് മുന്നറിയിപ്പുമായി ട്രംപ്

അമേരിക്കയും ചൈനയും തമ്മില്‍ കടുത്ത വ്യാപാരയുദ്ധം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപ് ബ്രിട്ടന് മുന്നറിയിപ്പ് നല്‍കുന്നത്

Published

|

Last Updated

വാഷിങ്ടണ്‍  | ബിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ ചൈനയുമായി വ്യാപാര ബന്ധം വര്‍ധിപ്പിക്കുന്നത് ‘വളരെ അപകടകരമാണെന്ന്’ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . ചൈനയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനായി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി സ്റ്റാര്‍മര്‍ ബീജിംഗിലെത്തിയ പശ്ചാത്തലത്തിലാണ് ട്രംപിന്റെ  പ്രതികരണം.

തന്റെ ഭാര്യ മെലാനിയയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രീമിയറില്‍ വെച്ച്, ബ്രിട്ടന്‍ ചൈനയുമായി ബിസിനസ്സ് ബന്ധം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇപ്പോള്‍ ‘ശക്തമായ നിലയിലാണ്’ എന്ന് സ്റ്റാര്‍മര്‍ പറഞ്ഞിരുന്നു.

അമേരിക്കയും ചൈനയും തമ്മില്‍ കടുത്ത വ്യാപാരയുദ്ധം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപ് ബ്രിട്ടന് മുന്നറിയിപ്പ് നല്‍കുന്നത്. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ചൈനയുമായി അടുക്കുന്നത് സുരക്ഷാ ഭീഷണിയാണെന്ന നിലപാടാണ് ട്രംപ് ഭരണകൂടം സ്വീകരിക്കുന്നത്. എന്നാല്‍ ബ്രിട്ടന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ലോകത്തിലെ വലിയ ശക്തികളുമായുള്ള സഹകരണം അത്യാവശ്യമാണെന്നാണ് സ്റ്റാര്‍മറുടെ പക്ഷം.

 

ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ചൈനയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാനുള്ള അനുമതി സ്റ്റാര്‍മറുടെ സന്ദര്‍ശനത്തോടെ സാധ്യമായിട്ടുണ്ട്. സ്‌കോച്ച് വിസ്‌കിക്ക് മേലുള്ള നികുതി 10 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറച്ചു. ഇത് ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയ്ക്ക് 250 ദശലക്ഷം പൗണ്ടിന്റെ നേട്ടമുണ്ടാക്കുമെന്ന് കണക്കാക്കപ്പെടുന്നു.ചൈനയില്‍ നിര്‍മ്മാണ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി മരുന്ന് കമ്പനിയായ അസ്ട്രാസെനെക  10.9 ബില്യണ്‍ പൗണ്ട് നിക്ഷേപിക്കാനും ധാരണയായി. സംഘടിത കുറ്റകൃത്യങ്ങള്‍ തടയുന്നതിനും നിയമവിരുദ്ധമായ കുടിയേറ്റം നിയന്ത്രിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മില്‍ സഹകരിക്കും.

കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ചൈന സന്ദര്‍ശിക്കുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് കീര്‍ സ്റ്റാര്‍മര്‍. ഹോങ്കോങ് പ്രശ്‌നം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന തണുപ്പന്‍ ബന്ധം അവസാനിപ്പിക്കാനാണ് ഈ യാത്രയിലൂടെ അദ്ദേഹം ലക്ഷ്യമിടുന്നത്.

Latest