Business
സ്വര്‍ണവിലയില്‍ ഇടിവ്; പവന് 5,240 രൂപ കുറഞ്ഞു
8,600 രൂപയിലധികമായിരുന്നു ഇന്നലെ കൂടിയത്.
കൊച്ചി|സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്നലെയുണ്ടായ വന്‍ മുന്നേറ്റത്തിനുശേഷം ഇന്ന് കുത്തനെ കുറയുകയായിരുന്നു. പവന് 5,240 രൂപ കുറഞ്ഞ് 1,25,120 രൂപയാണ് ഇന്നത്തെ വില. ഇന്നലെ രാവിലെ 1,31,160 രൂപയായിരുന്നു വില. 8,600 രൂപയിലധികമായിരുന്നു ഇന്നലെ കൂടിയത്. വൈകിട്ട് 800 രൂപ കുറയുകയും ചെയ്തിരുന്നു.
ഗ്രാം വില ഇന്ന് 655 രൂപ താഴ്ന്ന് 15,640 രൂപയായി. 18 കാരറ്റ് സ്വര്‍ണവില ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിര്‍ണയപ്രകാരം ഗ്രാമിന് 540 രൂപ കുറഞ്ഞ് 12,930 രൂപയായി.
അന്താരാഷ്ട്രാ വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുക. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ താരിഫ് യുദ്ധം, ഇറാന്‍-യുഎസ് സംഘര്‍ഷ ഭീതി, യുക്രെയ്ന്‍-റഷ്യ യുദ്ധം, ഗ്രീന്‍ലന്‍ഡിനെ ചൊല്ലി യുഎസ്-യൂറോപ്പ് ഭിന്നത, യുഎസ് കേന്ദ്രബേങ്കായ ഫെഡറല്‍ റിസര്‍വിന്റെ പണനയം, ഫെഡറല്‍ റിസര്‍വിന്റെ പുതിയ ചെയര്‍മാനെ പ്രഖ്യാപിക്കാനുള്ള ട്രംപിന്റെ നീക്കം എന്നീ വിഷയങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇന്നലെ രാജ്യാന്തര സ്വര്‍ണവില വന്‍ മുന്നേറ്റം നടത്തിയത്. എന്നാല്‍, ഈ മുന്നേറ്റം മുതലെടുത്ത് നിക്ഷേപകര്‍ ഗോള്‍ഡ് ഇടിഎഫ് പോലുള്ള നിക്ഷേപ പദ്ധതികളില്‍ ലാഭമെടുപ്പ് നടത്തിയതോടെ വില കുത്തനെ താഴുകയായിരുന്നു.




