Kerala
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; നടന്‍ ജയറാമിനെ ചോദ്യം ചെയ്ത് എസ്‌ഐടി, കേസില്‍ സാക്ഷിയാക്കിയേക്കും
പോറ്റിയുമായി ശബരിമലയില്‍ വെച്ചുള്ള ബന്ധമാണെന്നും പോറ്റിയെ വിശ്വാസമായിരുന്നുവെന്നും ജയറാം
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. പോറ്റിയുമായി ശബരിമലയില്‍ വെച്ചുള്ള ബന്ധമാണെന്നും പോറ്റിയെ വിശ്വാസമായിരുന്നുവെന്നും ജയറാം മൊഴി നല്‍കിയതായാണ് അറിയുന്നത്. നിരവധി തവണ പൂജകള്‍ക്കായി പോറ്റി വീട്ടിലെത്തിയിട്ടുണ്ടെന്നും ജയറാം മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേ സമയം കേസില്‍ ജയറാമിനെ സാക്ഷിയാക്കിയേക്കുമെന്നും സൂചനകളുണ്ട്.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സാമ്പത്തിക ഇടപാടോ, തട്ടിപ്പോ സംബന്ധിച്ച് അറിയില്ലെന്നും ജയറാം എസ്ഐടിയോട് പറഞ്ഞു. താനൊരു കടുത്ത അയ്യപ്പ ഭക്തനാണ്. എല്ലാവര്‍ഷവും ശബരിമലയില്‍ പോകാറുണ്ട്. അവിടെ വെച്ചാണ് പോറ്റിയെ പരിചയപ്പെടുന്നതെന്ന് ജയറാം മൊഴി നല്‍കി. ശബരിമലയിലെ പാളികള്‍ ജയറാമിന്റെ വീട്ടില്‍ വെച്ച് പൂജ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു.
വീട്ടില്‍ നടതിനു പുറമേ, ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ച് നടത്തിയ പൂജയിലും പോറ്റി ക്ഷണിച്ചത് അനുസരിച്ച് പോയിരുന്നു. കോട്ടയം ഇളപ്പള്ളി ക്ഷേത്രത്തില്‍ പാളികളെത്തിച്ച് ഘോഷയാത്ര നടത്തിയപ്പോഴും പങ്കെടുത്തിരുന്നു. പോറ്റിയുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റി അറിയില്ല. പോറ്റിയുമായി ഒരു പണമിടപാടും നടത്തിയിട്ടില്ലെന്നും ജയറാം മൊഴി നല്‍കിയതായാണ് വിവരം.


