Kerala
പ്രസവത്തിനിടെ ഡോക്ടര്‍ക്ക് ഗുരുതര പിഴവ് പറ്റിയെന്ന് ആരോപണം; നെടുമങ്ങാട് ജില്ലാ ആശുപത്രിക്കെതിരെ പരാതിയുമായി യുവതി
പ്രസവത്തെത്തുടര്‍ന്ന് എപ്പിസിയോട്ടമി ഇട്ടതില്‍ ഡോക്ടര്‍ക്ക് പിഴവുണ്ടായെന്നാണ് ആരോപണം.
തിരുവനന്തപുരം|നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ സ്വാഭാവിക പ്രസവത്തിനിടെ ഡോക്ടര്‍ക്ക് ഗുരുതര പിഴവ് പറ്റിയെന്ന് പരാതി. വിതുര സ്വദേശിനിയായ 23കാരിയാണ് പരാതിക്കാരി. ആറ് മാസമായി യുവതി കടുത്ത ദുരിതത്തിലാണ്. യുവതിയ്ക്ക് മലവിസര്‍ജനത്തിന് തടസമുണ്ട്. യോനിയിലൂടെയാണ് മലം പോകുന്നത്. മലം വയറ്റില്‍ കെട്ടിക്കിടന്ന് അണുബാധയുണ്ടായെന്നും പറയുന്നു. ചികിത്സാ പിഴവ് മറച്ചുവെച്ച് ഡോക്ടര്‍ മുറിവ് തുന്നി കെട്ടിയെന്നും ആരോപണമുണ്ട്. പ്രസവത്തെത്തുടര്‍ന്ന് എപ്പിസിയോട്ടമി ഇട്ടതില്‍ ഡോക്ടര്‍ന്ന് പിഴവുണ്ടായെന്നാണ് ആരോപണം. മലദ്വാരത്തിലെ ഞരമ്പ് മുറിഞ്ഞതാണ് പ്രശ്നത്തിന് കാരണമെന്ന് സ്‌കാനിംഗില്‍ കണ്ടെത്തിയത്.
പിഴവ് മറച്ചു വെച്ച് ഡോക്ടര്‍ മുറിവ് തുന്നി കെട്ടി പ്രസവം പൂര്‍ത്തിയാക്കി വാര്‍ഡിലേക്ക് മാറ്റിയെന്നും യുവതി പരാതിയില്‍ പറയുന്നു. യുവതി മെഡിക്കല്‍ കോളജിലും രണ്ട് സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി. കോസ്റ്റോമി ശസ്ത്രക്രിയയും പ്ലാസ്റ്റിക് സര്‍ജറിയും ചെയ്തു. ഇനി രണ്ട് ശസ്ത്രക്രിയകള്‍ കൂടി ചെയ്യണം. ഇതുവരെ ആറ് ലക്ഷം രൂപ ചികിത്സയ്ക്ക് ചെലവായെന്ന് കുടുംബം പറയുന്നു. വിഷയത്തില്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. അതേസമയം, വാഹനത്തില്‍ ഇരുന്ന് യാത്ര ചെയ്തതാണ് മലദ്വാരത്തിലെ ഞരമ്പ് മുറിയാന്‍ കാരണമെന്നാണ് പ്രസവം നടത്തിയ ഡോക്ടര്‍ നല്‍കുന്ന വിശദീകരണം.




