Connect with us

Kerala

മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്നും വെട്ടിമാറ്റിയ സംഭവം; നടപടി റദ്ദ് ചെയ്ത് ജോയിന്റ് ഡയറക്ടര്‍

2000 മുതല്‍ തുടര്‍ച്ചയായ അഞ്ച് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും ടി കെ സജീവ് മത്സരിച്ചപ്പോള്‍ വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍ നിലനിന്നിരുന്ന പേരാണ് വെട്ടിമാറ്റിയത് എന്ന് അപ്പീലില്‍ കണ്ടെത്തി.

Published

|

Last Updated

പത്തനംതിട്ട | കവിയൂര്‍ ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ വോട്ടര്‍പട്ടികയുടെ കരടു പ്രസിദ്ധീകരിച്ചപ്പോള്‍ ലിസ്റ്റില്‍ ഉണ്ടായിരുന്ന മുന്‍ പഞ്ചായത്ത് പ്രസിഡന്റും ഗ്രാമ പഞ്ചായത്ത് അംഗവുമായ ടി കെ സജീവിന്റെ പേര് ഒഴിവാക്കിയ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ കൂടി ആയ സെക്രട്ടറിയുടെ നടപടി റദ്ദ് ചെയ്ത് ജോയിന്റ് ഡയറക്ടറുടെ ഉത്തരവ്. 2000 മുതല്‍ തുടര്‍ച്ചയായ അഞ്ച് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും ടി കെ സജീവ് മത്സരിച്ചപ്പോള്‍ വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍ നിലനിന്നിരുന്ന പേരാണ് വെട്ടിമാറ്റിയത് എന്ന് പരിശോധനയില്‍ കണ്ടെത്തി.

സാധാരണ താമസക്കാരന്‍ എന്ന നിലയില്‍ ഹാജരാക്കിയ രേഖകളും പോസ്റ്റോഫീസില്‍ നിന്നും മേല്‍വിലാസത്തില്‍ ലഭിക്കുന്ന തപാല്‍ ഉരുപ്പടികളും കവിയൂര്‍ പഞ്ചായത്തില്‍ മറ്റൊരു മേല്‍വിലാസം ഇല്ലാ എന്നും ബോധ്യപ്പെട്ടതായി ഉത്തരവില്‍ പറയുന്നു. ലോക്‌സഭാ, നിയമസഭ അംഗങ്ങളും വിവിധ തലത്തിലുള്ള പഞ്ചായത്തുകള്‍, മുന്‍സിപ്പല്‍ കൗണ്‍സിലുകള്‍, മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍ എന്നിവയിലെ അംഗങ്ങളും അംഗമെന്ന നിലയിലുള്ള ചുമതലകള്‍ കാരണം അവരുടെ സാധാരണ താമസ സ്ഥലത്തല്ലെങ്കില്‍ കൂടി സ്വന്തം നിയോജകമണ്ഡലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാം എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശമുള്ളത് അവഗണിച്ചായിരുന്നു രജിസ്‌ട്രേഷന്‍ ഓഫീസര്‍ കൂടിയായ പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി. വോട്ടര്‍ പട്ടികയില്‍ നിന്നും നിലവില്‍ പഞ്ചായത്ത് അംഗമായ ടി കെ സജീവിനെ ഒഴിവാക്കിയതു അംഗീകരിക്കാന്‍ കഴിയില്ലെന്ന് അപ്പീല്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്.

കവിയൂര്‍ പഞ്ചായത്ത് സെക്രട്ടറി എടുത്ത നിയമവിരുദ്ധ നടപടിക്കെതിരെ അപ്പീല്‍ അനുവദിച്ചു തന്റെ വോട്ടവകാശം പുനസ്ഥാപിക്കുന്നതിന് ഉത്തരവിട്ട സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അപ്പീലധികാരിയുടെ നടപടിയെ ടി കെ സജീവ് സ്വാഗതം ചെയ്തു. ഒരു സാധാരണ പൗരന്‍ എന്ന നിലയിലും പഞ്ചായത്ത് അംഗം എന്ന നിലയിലുമുള്ള ജനാധിപത്യ അവകാശങ്ങള്‍ക്ക് സംരക്ഷണം നല്‍കിക്കൊണ്ടാണ് തന്റെ അപ്പീല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അംഗീകരിച്ചതെന്ന് സജീവ് പറഞ്ഞു. കവിയൂര്‍ ഗ്രാമപഞ്ചായത്തില്‍ വ്യാജ പരാതികളുടെ അടിസ്ഥാനത്തില്‍ നിരവധി വോട്ടര്‍മാര്‍ക്ക് അറിയിപ്പ് പോലും നല്‍കാതെ വോട്ടവകാശം നിഷേധിച്ചിട്ടുള്ളതായി അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പു കമ്മീഷന്‍ നല്‍കിയ ഉത്തരവാദിത്വം ലംഘിച്ചുകൊണ്ടാണ് പഞ്ചായത്ത് പ്രസിഡന്റിന്റെയും മറ്റും സ്വാധീനത്തില്‍ സെക്രട്ടറി പ്രവര്‍ത്തിച്ചതെന്ന് കവിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാമൂഹിക മാധ്യമത്തില്‍ നടത്തിയിട്ടുള്ള പ്രതികരണം കൊണ്ടു തന്നെ വ്യക്തമാണ് എന്ന് സജീവ് പറഞ്ഞു. തിരഞ്ഞെടുപ്പ് നടപടികളില്‍ സ്വാധീനത്തിനു വഴങ്ങിയ കവിയൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് എതിരെ നിയമപരമാ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്കും പരാതി നല്‍കിയിട്ടുള്ളതായും ടി കെ സജീവ് അറിയിച്ചു.

 

Latest