Kerala
പീച്ചി പോലീസ് മര്‍ദനം: എസ് എച്ച് ഒ. പി എം രതീഷിന് സസ്‌പെന്‍ഷന്‍
ദക്ഷിണ മേഖലാ ഐ ജിയാണ് നടപടി സ്വീകരിച്ചത്. മര്‍ദനം നടന്ന് ഒന്നര വര്‍ഷത്തിനു ശേഷമാണ് നടപടി.

തൃശൂര്‍ | പീച്ചി പോലീസ് മര്‍ദനത്തില്‍ നടപടി. എസ് എച്ച് ഒ. പി എം രതീഷിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ദക്ഷിണ മേഖലാ ഐ ജിയാണ് നടപടി സ്വീകരിച്ചത്. മര്‍ദനം നടന്ന് ഒന്നര വര്‍ഷത്തിനു ശേഷമാണ് നടപടി.
കേസില്‍ അന്വേഷണം നേരിടുമ്പോഴും രതീഷിന് സ്ഥാനക്കയറ്റം നല്‍കിയിരുന്നു. നിലവില്‍ കടവന്ത്ര എസ് എച്ച് ഒ ആണ് രതീഷ്. അഡീഷണല്‍ എസ് പി. ശശിധരന്റെ അന്വേഷണത്തില്‍ രതീഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
2023 മേയിലാണ് ഹോട്ടല്‍ ഉടമയായ കെ പി ഔസേപ്പിന്റെ മകനെയും ജീവനക്കാരെയും അന്ന് പീച്ചി എസ് ഐ ആയിരുന്ന രതീഷ് കസ്റ്റഡിയിലെടുക്കുന്നത്. ഹോട്ടലിലെ ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കെ പി ഔസേപ്പ്, മകന്‍ പോള്‍ ജോസഫ്, ഹോട്ടല്‍ ജീവനക്കാര്‍ എന്നിവരെ പി എം രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസുകാര്‍ മര്‍ദിച്ചത്.
ക്രൂരമായി മര്‍ദനത്തിനു ശേഷം ഒത്തുതീര്‍പ്പ് നീക്കം നടത്തി. ഹോട്ടല്‍ ഉടമയായ പട്ടിക്കാട് സ്വദേശി ഔസേപ്പിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. മകനെതിരെ പോക്‌സോ വകുപ്പ് അടക്കം ചുമത്തുമെന്നും ഭീഷണിപ്പെടുത്തി. പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ അഞ്ച് ലക്ഷം രൂപ കൊടുത്തെന്നും അതില്‍ മൂന്ന് ലക്ഷം രൂപ പോലീസ് ഉദ്യോഗസ്ഥര്‍ക്കാണെന്നും രണ്ടുലക്ഷം രൂപ പരാതിക്കാരനായ ദിനേശിന് നല്‍കിയെന്നും ഔസേപ്പ് വ്യക്തമാക്കി. അതിനു ശേഷമാണ് സ്റ്റേഷനില്‍ നിന്ന് മകനെയും ജീവനക്കാരെയും കേസെടുക്കാതെ എസ് ഐ വിട്ടയച്ചതെന്നും ഹോട്ടല്‍ ഉടമ പറഞ്ഞു.