Kerala
എസ് എഫ് ഐ മുന്‍ നേതാവിനെ മര്‍ദിച്ച സംഭവം: സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
നിലവില്‍ ആലപ്പുഴ ഡി വൈ എസ് പി ആയ മധു ബാബുവിനെതിരെ കേസെടുക്കണമെന്നാണ് എസ് എഫ് ഐ പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണന്‍ തണ്ണിത്തോടിന്റെ ആവശ്യം.
കൊച്ചി | എസ് എഫ് ഐ പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണന്‍ തണ്ണിത്തോടിനെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. 2012 ഒക്ടോബറില്‍ കോന്നി സി ഐ ആയിരുന്ന മധു ബാബുവിനെതിരെയാണ് ആരോപണം.
നിലവില്‍ ആലപ്പുഴ ഡി വൈ എസ് പി ആയ മധു ബാബുവിനെതിരെ കേസെടുക്കണമെന്നാണ് ജയകൃഷ്ണന്‍ തണ്ണിത്തോടിന്റെ ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മര്‍ദനവുമായി ബന്ധപ്പെട്ട് 2016 ല്‍ മധു ബാബുവിനെതിരെ പത്തനംതിട്ട എസ് പി നല്‍കിയ റിപോര്‍ട്ട് നടപ്പാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
പോലീസിന്റെ കസ്റ്റഡി മര്‍ദനം വിവരിച്ച് ജയകൃഷ്ണന്‍ തണ്ണിത്തോട് നേരത്തെ ഫേസ് ബുക്കില്‍ പോസ്റ്റിട്ടിരുന്നു. തന്റെ ചെവിയുടെ ഡയഫ്രം മധു ബാബു അടിച്ചുപൊളിച്ചുവെന്നും കണ്ണിലും ശരീരത്തിലും മുളക് സ്‌പ്രേചെയ്തുവെന്നും കാലടിയിലെ വെള്ള അടിച്ചു പൊട്ടിച്ചുവെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു.
നിരവധി ക്രിമിനല്‍ സംഭവങ്ങളില്‍ ആരോപണ വിധേയനാണ് മധു ബാബു. പള്ളിപ്പുറം സ്വദേശി സിദ്ധാര്‍ഥനെ മര്‍ദിച്ച കേസില്‍ മധു ബാബുവിനെ ഒരു മാസം തടവിനും 1000 രൂപ പിഴയടയ്ക്കാനും ചേര്‍ത്തല ജുഡീഷ്യന്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത് കഴിഞ്ഞ വര്‍ഷം ശിക്ഷിച്ചിരുന്നു. 2006 ആഗസ്റ്റില്‍ ചേര്‍ത്തല എസ് ഐ ആയിരിക്കെയായിരുന്നു മര്‍ദനം.




