Kerala
'കുഞ്ഞുങ്ങളെല്ലാം തനിക്ക് ഒരുപോലെ, എതിര്‍ക്കുന്നവര്‍ എതിര്‍ക്കട്ടെ'; സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ച് പ്രൊഫ. എം ലീലാവതി
കുഞ്ഞുങ്ങള്‍ ഏത് നാട്ടിലാണെങ്കിലും വിശക്കുന്നത് കാണാന്‍ വയ്യ. അതില്‍ ജാതിയും മതവും ഒന്നുമില്ല. എതിര്‍ക്കുന്നവരോട് യാതൊരു ശത്രുതയുമില്ല. ഇതാദ്യമായല്ല എതിര്‍പ്പുകളെ നേരിടുന്നത്.

തിരുവനന്തപുരം | ഗസ്സായിലെ പട്ടിണിയിലായ കുഞ്ഞുങ്ങളെക്കുറിച്ച് പറഞ്ഞതിന് തനിക്കെതിരെ ഉയരുന്ന സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ച് പ്രൊഫ. എം ലീലാവതി. കുഞ്ഞുങ്ങളെല്ലാം തനിക്ക് ഒരുപോലെയാണെന്നും എതിര്‍ക്കുന്നവര്‍ എതിര്‍ക്കട്ടെ എന്നും ലീലാവതി ടീച്ചര്‍ പറഞ്ഞു. കുഞ്ഞുങ്ങള്‍ ഏത് നാട്ടിലാണെങ്കിലും വിശക്കുന്നത് കാണാന്‍ വയ്യ. അതില്‍ ജാതിയും മതവും ഒന്നുമില്ല. 2019 ലെ ഓണത്തിന് വയനാട്ടിലെ കുഞ്ഞുങ്ങള്‍ വിശന്നിരിക്കുന്നത് കണ്ടുവെന്നും അതിനാല്‍ അന്ന് കഞ്ഞിയാണ് താന്‍ കുടിച്ചതെന്നും ടീച്ചര്‍ പറഞ്ഞു.
എതിര്‍ക്കുന്നവരോട് യാതൊരു ശത്രുതയുമില്ല. ഇതാദ്യമായല്ല എതിര്‍പ്പുകളെ നേരിടുന്നത്. നിരവധി എതിര്‍പ്പുകളെ നേരിട്ടു കൊണ്ടാണ് തന്റെ ജീവിതമെന്നും ലീലാവതി ടീച്ചര്‍ പറഞ്ഞു.
ഗസ്സായിലെ വയറൊട്ടിയ കുഞ്ഞുങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ തനിക്ക് ആഘോഷങ്ങളൊന്നും വേണ്ടെന്ന് തന്റെ 98-ാം പിറന്നാള്‍ ദിനത്തില്‍ ലീലാവതി ടീച്ചര്‍ പരാമര്‍ശിച്ചതിനു പിന്നാലെയാണ് അവര്‍ക്കെതിരെ വ്യാപക സൈബര്‍ ആക്രമണങ്ങളുണ്ടായത്. ഗസ്സായെ പിന്തുണച്ചു എന്ന് കുറ്റപ്പെടുത്തിയാണ് ആക്രമണം. എന്നാല്‍, ലീലാവതിയുടെ പരാമര്‍ശത്തെ പിന്തുണച്ചും സൈബര്‍ ആക്രമണങ്ങളെ ശക്തമായി അപലപിച്ചും പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേരാണ് രംഗത്തെത്തിയത്.