Ongoing News
സാമ്രാജ്യത്വ ധാര്‍ഷ്ട്യം; ഇന്ത്യ ഇങ്ങനെയായിരുന്നില്ല
അന്താരാഷ്ട്ര നിയമങ്ങളും ധാര്‍മികതയും ഉറക്കെ വിളിച്ചുപറഞ്ഞ പാരമ്പര്യമുള്ള രാജ്യമായിരുന്നു ഇന്ത്യ. രാജ്യങ്ങളുടെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും സംരക്ഷിക്കുക എന്നത് ഇന്ത്യയുടെ നിലപാടായിരുന്നു. പരമാധികാര രാജ്യങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ ഇന്ത്യ ചോദ്യം ചെയ്യാതിരുന്നിട്ടില്ല. എന്നാല്‍ ഇന്ന് അമേരിക്കക്ക് മുമ്പില്‍ ശിരസ്സ് നമിക്കുന്ന നിലപാടിലേക്ക് ഇന്ത്യ മാറിക്കഴിഞ്ഞു.
പരമാധികാര രാജ്യമായ വെനസ്വേലയില്‍ കടന്ന് പ്രസിഡന്റ് നികോളാസ് മദൂറോയെയും ഭാര്യ സിലിയ ഫ്ളോറസിനെയും തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഇന്ത്യയും ‘ആശങ്ക’ പ്രകടിപ്പിച്ചു. നാലാംകിട ഗുണ്ടാ സംഘത്തെപ്പോലെ അമേരിക്കയുടെ ആളുകള്‍ വെനസ്വേല പ്രസിഡന്റിനെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയി 24 മണിക്കൂര്‍ കഴിഞ്ഞാണ് അമേരിക്കയെ വേദനിപ്പിക്കാതെയുള്ള ഇന്ത്യയുടെ പ്രതിഷേധം പുറത്തു വന്നത്. നയതന്ത്ര രീതിയനുസരിച്ച് മറ്റു രാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍, പഠിച്ച് അഭിപ്രായം പറയുമ്പോള്‍ കാലതാമസം നേരിടുക സ്വാഭാവികമാണ്. എന്നാല്‍ ‘അഗാധമായ ആശങ്ക’ പ്രകടിപ്പിക്കാന്‍ ഒരു ദിവസത്തെ കാലതാമസം എന്തിനാണാവോ? അമേരിക്ക നടത്തിയിരിക്കുന്നത് ഐക്യരാഷ്ട്ര സഭാ ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും നഗ്നമായ ലംഘനമാണ്. എന്നിട്ടും ഇന്ത്യയുടെ പ്രതികരണം ദുര്‍ബലമായ വാക്കുകളില്‍ ഒതുക്കി.
‘വെനസ്വേലയിലെ സംഭവം വളരെയധികം ആശങ്കാജനകമാണ്. അവിടുത്തെ സംഭവങ്ങള്‍ ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വെനസ്വേലയിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷക്കും ഇന്ത്യ പിന്തുണ ഉറപ്പുവരുത്തും. സംഭാഷണങ്ങളിലൂടെ മേഖലയില്‍ സമാധാനവും സ്ഥിരതയും ഉറപ്പു വരുത്തണം. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട എല്ലാവരോടും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.’
വെനസ്വേലയിലെ സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യ പുറപ്പെടുവിച്ച ഔദ്യോഗിക പ്രസ്താവന ഇതായിരുന്നു. പ്രസ്താവനയില്‍ അമേരിക്കയെയോ പ്രസിഡന്റ് ട്രംപിനെയോ കുറിച്ച് പരാമര്‍ശമില്ല. പരമാധികാര രാജ്യമായ വെനസ്വേലയില്‍ കടന്നുകയറി പ്രസിഡന്റ് നികോളാസ് മദൂറോയെ തട്ടിക്കൊണ്ടുപോയതിനെ കുറിച്ചും ഇന്ത്യക്ക് മിണ്ടാട്ടമില്ല. ആര്, എന്ത് ചെയ്തു എന്ന് പറയാതിരിക്കാന്‍ ഇന്ത്യ നന്നായി ശ്രദ്ധിച്ചിട്ടുണ്ട്.
ഇന്ത്യ ഇങ്ങനെയായിരുന്നില്ല. ഏതൊരു പരമാധികാര രാജ്യത്തെയും ആക്രമിക്കാനും ഭരണാധികാരികളെ തട്ടിക്കൊണ്ടുപോകാനും തങ്ങള്‍ക്ക് അധികാരം ഉണ്ടെന്ന അമേരിക്കന്‍ ധാര്‍ഷ്ട്യത്തിന് കുടപിടിക്കുന്ന സമീപനമാണിത്. വെനസ്വേലക്ക് പിറകെ കൊളംബോ, ക്യൂബ, മെക്‌സിക്കോ, ഗ്രീന്‍ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ക്ക് നേരെയും ട്രംപ് ഭീഷണി മുഴക്കിയിരിക്കുകയാണ്.
നികോളാസ് മദൂറോക്കും ഭാര്യക്കും ആത്മീയ ബന്ധമുള്ള രാജ്യമാണ് ഇന്ത്യ. ഹിന്ദുത്വത്തിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്ന നരേന്ദ്ര മോദിയും കൂട്ടരും അതെങ്കിലും പരിഗണിക്കേണ്ടതായിരുന്നു. കാത്തലിക്കായി വളര്‍ന്ന ഫ്‌ളോറന്‍സിന് വിവാഹത്തിന് മുമ്പ് സത്യസായി ബാബയുമായി ബന്ധമുള്ളതായി എന്‍ ഡി ടി വി റിപോര്‍ട്ട് ചെയ്യുന്നു. വിവാഹത്തിന് ശേഷം മദൂറോയും സത്യസായി ബാബയുടെ ഭക്തനായി മാറി. വെനസ്വേലയുടെ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിന് മുമ്പ്, 2005ല്‍ ഇന്ത്യാ സന്ദര്‍ശന വേളയില്‍ മദൂറോയും ഭാര്യയും പുട്ടപര്‍ത്തിയിലെ പ്രശാന്തി നിലയത്തില്‍ സത്യസായി ബാബയെ സന്ദര്‍ശിക്കുകയുണ്ടായി. 2011ല്‍ സത്യസായി ബാബയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ദേശീയ അസംബ്ലിയില്‍ അന്ന് വെനസ്വേലയുടെ വിദേശകാര്യ മന്ത്രിയായിരുന്ന മദൂറോ പ്രമേയം അവതരിപ്പിച്ചതായും 2024ലെ വെനസ്വേല ദേശീയ ദിനാഘോഷ ക്ഷണപത്രികയില്‍ ‘ഓം’ എന്ന് മുദ്രണം ചെയ്തതായും എന്‍ ഡി ടി വി റിപോര്‍ട്ടില്‍ പറയുന്നു.
അന്താരാഷ്ട്ര നിയമങ്ങളും ധാര്‍മികതയും ഉറക്കെ വിളിച്ചുപറഞ്ഞ പാരമ്പര്യമുള്ള രാജ്യമായിരുന്നു ഇന്ത്യ. രാജ്യങ്ങളുടെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും സംരക്ഷിക്കുക എന്നത് ഇന്ത്യയുടെ നിലപാടായിരുന്നു. പരമാധികാര രാജ്യങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ ഇന്ത്യ ചോദ്യം ചെയ്യാതിരുന്നിട്ടില്ല. അമേരിക്കയിലെ തന്നെ പ്രതിപക്ഷ പാര്‍ട്ടികളും ന്യൂയോര്‍ക്ക് മേയറും ട്രംപിന്റെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്യുകയാണ്. അമേരിക്കയിലെ തീവ്ര വലതുപക്ഷക്കാരനും മുന്‍ കോണ്‍ഗ്രസ്സ് അംഗവുമായ മാറ്റ് ഗേറ്റ്സും ഭരണകക്ഷിയായ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ സെനറ്റര്‍ മൈക്ക് ലീയും വെനസ്വേല പ്രസിഡന്റിനെ അറസ്റ്റ് ചെയ്തതിലെ നിയമസാധുതയെ ചോദ്യം ചെയ്യുകയുണ്ടായി. അമേരിക്കന്‍ തെരുവുകളിലും പ്രതിഷേധമുയര്‍ന്നു. യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോ ട്രംപിനെ തിരുത്തുകയുണ്ടായി. വെനസ്വേല യു എസ് ഭരിക്കും എന്ന ട്രംപിന്റെ പ്രസ്താവനയാണ് റുബിയോ തിരുത്തിയത്. വെനസ്വേല ഭരിക്കാനും ആ രാജ്യവുമായി യുദ്ധത്തിനും അമേരിക്കയില്ല എന്ന് മാര്‍ക്കോ റുബിയോ പറഞ്ഞു.
ഇന്ത്യയും വെനസ്വേലയും തമ്മിലുള്ള നയതന്ത്ര ബന്ധം 1959ല്‍ തുടങ്ങിയതാണ്. ഇന്ത്യയുടെ എംബസി വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിലും വെനസ്വേലയുടെ എംബസി ന്യൂഡല്‍ഹിയിലും പ്രവര്‍ത്തിച്ചുവരുന്നു. മുന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് ഉള്‍പ്പെടെയുള്ള വെനസ്വേലന്‍ നേതാക്കള്‍ ഇന്ത്യയിലും ഇന്ത്യന്‍ നേതാക്കള്‍ വെനസ്വേലയിലും സന്ദര്‍ശനം നടത്തിയിരുന്നു. 2005ലെ ഹ്യൂഗോ ഷാവേസിന്റെ ഇന്ത്യാ സന്ദര്‍ശനം ഡല്‍ഹിയും കാരക്കാസും തമ്മിലുള്ള രാഷ്ട്രീയ ബന്ധം ശക്തിപ്പെടുത്തി. അന്നത്തെ പ്രസിഡന്റ്്എ പി ജെ അബ്ദുല്‍ കലാമുമായും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായും ഷാവേസ് ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി.
2012 ആഗസ്റ്റില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ- സി ഇ എല്‍ എ സി (ലാറ്റിന്‍ അമേരിക്കന്‍, കരീബിയന്‍ രാജ്യങ്ങളുടെ കൂട്ടായ്മ) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ അന്നത്തെ വെനസ്വേലന്‍ വിദേശകാര്യ മന്ത്രി നികോളാസ് മദൂറോ പങ്കെടുത്തു. 2013 മാര്‍ച്ചില്‍ ഷാവേസ് അന്തരിച്ചപ്പോള്‍, യു പി എ സര്‍ക്കാര്‍ അനുശോചനം രേഖപ്പെടുത്തി. കേന്ദ്ര മന്ത്രി സച്ചിന്‍ പൈലറ്റ് സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു. ഷാവേസിന്റെ മാതാവ് എലീന ഫ്രിയാസ് ഡി ഷാവേസിനെയും അന്നത്തെ ആക്ടിംഗ് പ്രസിഡന്റായിരുന്ന മദൂറോയെയും കേന്ദ്ര മന്ത്രി ഇന്ത്യയുടെ അനുശോചനം അറിയിച്ചു.
2016 സെപ്തംബറില്‍, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി വെനസ്വേലയില്‍ നടന്ന എന്‍ എ എം ഉച്ചകോടിയില്‍ പങ്കെടുത്തു. 2020 വരെ ഇന്ത്യ ഏറ്റവും കൂടുതല്‍ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്തത് വെനസ്വേലയില്‍ നിന്നായിരുന്നു. ശരാശരി ഒരു ദിവസം 4,00,000 ബാരല്‍ എണ്ണ വെനസ്വേലയില്‍ നിന്ന് ഇന്ത്യ വാങ്ങിയിരുന്നു. 2019ലെ യു എസ് ഉപരോധത്തെ തുടര്‍ന്ന് എണ്ണ ഇറക്കുമതിയുടെ അളവ് കുറഞ്ഞു. വെനസ്വേലയില്‍ നിന്ന് 2024ല്‍ ഇന്ത്യ ഇറക്കുമതി ചെയ്തത് 1.75 ബില്യണ്‍ ഡോളറിന്റെ അസംസ്‌കൃത എണ്ണയാണ്.
ചേരിചേരാ നയം സ്വീകരിച്ച പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിനെപ്പോലുള്ള ഭരണാധികാരികള്‍ ഇന്ത്യക്കുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അമേരിക്കക്ക് മുമ്പില്‍ ശിരസ്സ് നമിക്കുന്ന നിലപാടിലേക്ക് ഇന്ത്യ മാറിക്കഴിഞ്ഞു. ഇറാനില്‍ ആണവായുധ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക വ്യോമാക്രമണം നടത്തിയപ്പോള്‍ നാം മിണ്ടാതിരുന്നു. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിയന്ത്രിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടപ്പോള്‍ നാം അതും അനുസരിച്ചു. ഒടുവിലിതാ റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി സമ്പൂര്‍ണമായി നിര്‍ത്തണമെന്നും അല്ലെങ്കില്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുമെന്നും ട്രംപ് ഇന്ത്യയെ ഒരിക്കല്‍ കൂടി ഭീഷണിപ്പെടുത്തുകയാണ്.
എട്ട് മാസത്തിനിടയില്‍ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചുവെന്നും താന്‍ സമാധാനപ്രിയനാണെന്നും സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കേണ്ടത് തനിക്കാണെന്നും ആവര്‍ത്തിച്ചുകൊണ്ടിരുന്ന അമേരിക്കന്‍ പ്രസിഡന്റ്‌ഡൊണാള്‍ഡ് ട്രംപിന്റെ തനിനിറം വെനസ്വേലയിലൂടെ പുറത്തായി. മയക്കുമരുന്നിന്റെ പേരുപറഞ്ഞാണ് വെനസ്വേല പ്രസിഡന്റിനെയും ഭാര്യയെയും അമേരിക്ക പിടികൂടിയത്. നികോളാസ് മദൂറോയെ പിടിച്ചുനല്‍കുന്നവര്‍ക്ക് അഞ്ച് കോടി ഡോളര്‍ വാഗ്ദാനം ചെയ്തുകൊണ്ട് നേരത്തേ യു എസ് പരസ്യം ചെയ്തിരുന്നു. ആ പരസ്യത്തിലും മദൂറോക്കെതിരെ ആരോപിച്ച കുറ്റം മയക്കുമരുന്ന് കടത്തായിരുന്നു.
ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനം പ്രസ്തുത ആരോപണം തെറ്റായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു. വെനസ്വേലയുടെ വിശാലമായ എണ്ണ സ്രോതസ്സുകളില്‍ അമേരിക്കക്ക് പൂര്‍ണ അധികാരവും നിയന്ത്രണവും ഉണ്ടായിരിക്കണമെന്ന് പറഞ്ഞ ട്രംപിന്റെ ഉദ്ദേശ്യം വ്യക്തമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ നിക്ഷേപമുള്ള രാജ്യങ്ങളില്‍ വെനസ്വേല പ്രഥമ സ്ഥാനത്താണ്. എന്നാല്‍ ട്രംപ് ഉള്ളിലിരിപ്പ് തുറന്നുപറഞ്ഞിട്ടും ലോക രാജ്യങ്ങളില്‍ നിന്ന് അമേരിക്കക്കെതിരെ ഉയരുന്ന പ്രതിഷേധം ചട്ടപ്പടി പ്രതിഷേധമായി മാറുകയാണ്. ലോക രാഷ്ട്രങ്ങള്‍ക്കിടയിലെ സംഘര്‍ഷം തടയാന്‍ രൂപവത്കരിക്കപ്പെട്ട ഐക്യരാഷ്ട്ര സഭയും യോഗം ചേര്‍ന്ന് പതിവുപോലെ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.



