Connect with us

National

ഡൽഹി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള ഇൻസ്റ്റാഗ്രാം വീഡിയോകൾ നീക്കം ചെയ്യാൻ വിദ്യാർഥികളോട് ഐ ഐ ടി മദ്രാസ്

ജന്തർ മന്തർ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകളും ഐക്യദാർഢ്യ വീഡിയോയും നീക്കം ചെയ്യാൻ ഡീൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബന്ധപ്പെട്ട എല്ലാവരെയും ഇത് അറിയിക്കുകയാണെന്നും കാണിച്ച് വിദ്യാർഥികൾക്ക് സന്ദേശം ലഭിച്ചു

Published

|

Last Updated

ചെന്നൈ | രാജ്യത്തുടനീളം വിദ്യാർഥികൾ നടത്തുന്ന വിവിധ രീതിയിലുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി സമൂഹമാധ്യമങ്ങളിലൂടെ (Social Media) പങ്കുവെച്ച വീഡിയോകൾ നീക്കം ചെയ്യാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT Madras) മദ്രാസ് ആവശ്യപ്പെട്ടു. ഡൽഹി ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭങ്ങൾക്കും നിരാഹാര സമരങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ച് വിദ്യാർഥികൾ ഇൻസ്റ്റാഗ്രാം (Instagram) അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത വീഡിയോകളാണ് നീക്കം ചെയ്യാൻ അധികൃതർ നിർദേശിച്ചിരിക്കുന്നത്.

വിദ്യാർഥി പ്രതിഷേധങ്ങൾക്ക് പിന്തുണ നൽകുന്ന ഇൻസ്റ്റാഗ്രാം വീഡിയോകൾ നീക്കം ചെയ്യാൻ സർവകലാശാല തങ്ങളോട് ആവശ്യപ്പെട്ടതായി പേര് വെളിപ്പെടുത്താത്ത ഒരു ഐ ഐ ടി മദ്രാസ് വിദ്യാർഥി വ്യക്തമാക്കി. ഡീനും ഫാക്കൽറ്റി അഡ്വൈസറും വഴിയാണ് നിർദേശം ലഭിച്ചത്. ജന്തർ മന്തർ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകളും ഐക്യദാർഢ്യ വീഡിയോയും നീക്കം ചെയ്യാൻ ഡീൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബന്ധപ്പെട്ട എല്ലാവരെയും ഇത് അറിയിക്കുകയാണെന്നും കാണിച്ച് വിദ്യാർഥികൾക്ക് സന്ദേശം ലഭിച്ചിട്ടുണ്ട്.

‘ജന്തർ മന്തർ പ്രതിഷേധത്തിന് ഐക്യദാർഢ്യം, വാങ്ചുക്കിനും നിരാഹാര സമരം നടത്തുന്ന വിദ്യാർഥികൾക്കും പിന്തുണ, വിദ്യാർഥികളുടെ ജീവിതം പ്രധാനമാണ്’ എന്നിങ്ങനെ എഴുതിയ ബാനറുമായി നിൽക്കുന്ന വിദ്യാർഥികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായതിന് പിന്നാലെയാണ് ഐ ഐ ടി മദ്രാസ് നടപടിയെടുത്തത്.

അഭീജിത് ദിപ്കെ ആരംഭിച്ച കോക്രോച്ച് ജനതാ പാർട്ടി എന്ന പരിഹാസ രൂപേണയുള്ള ഇൻസ്റ്റാഗ്രാം ഹാൻഡിലിലൂടെയാണ് ഈ പ്രതിഷേധങ്ങൾക്ക് തുടക്കമായത്. തുടർന്ന് ദേശീയ തലസ്ഥാനമായ ജന്തർ മന്തറിൽ നടന്ന നിരാഹാര സമരത്തിനിടെ പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുക്കും ഇതിന്റെ ഭാഗമായി. ജൂലൈ 20 ന് ആയിരക്കണക്കിന് വിദ്യാർഥികളാണ് പ്രതിഷേധത്തിൽ പങ്കുചേർന്നത്. ഇതിന് പുറമെ മുംബൈയിലും ബുധനാഴ്ച വൻ വിദ്യാർഥി പ്രതിഷേധം നടന്നിരുന്നു.

 

Summary

The Indian Institute of Technology (IIT) Madras has directed its students to take down Instagram videos supporting the Jantar Mantar protests and hunger strikes. According to students, the directions came from the Dean and faculty advisors following viral videos showing solidarity with activist Sonam Wangchuk and other protesting students. The nationwide student movement gained momentum following social media campaigns and demonstrations in major cities like Delhi and Mumbai.

---- facebook comment plugin here -----

Latest