Connect with us

Kerala

ഇപ്പോള്‍ അതിയായ സന്തോഷവും സമാധാനവും തോന്നുണ്ട്; സംരക്ഷണം നല്‍കിയ സര്‍ക്കാരിന് നന്ദിയെന്ന് നടി ഹണി റോസ്

മുഖ്യമന്ത്രിയെ കാര്യം അറിയിച്ചപ്പോള്‍ തന്നെ നടപടി സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. കാര്യക്ഷമമായ സംവിധാനം ഉള്ളതുകൊണ്ടാണ് ഇത്രയും പെട്ടെന്ന് കസ്റ്റഡിയിലെടുക്കാന്‍ സാധിച്ചത്.

Published

|

Last Updated

കൊച്ചി | ബോബി ചെമ്മണ്ണൂരിനെതിരെ നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ വേഗത്തില്‍ നടപടിയുണ്ടായത് ഏറെ ആശ്വാസകരമാണെന്ന് നടി ഹണി റോസ്. ഹണി റോസിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണ്‍വിളിച്ച് എല്ലാ നിയമ നടപടികള്‍ക്കും പിന്തുണ അറിയിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ബോബിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇപ്പോള്‍ അതിയായ സന്തോഷവും സമാധാനവും തോന്നുണ്ട്. എന്നെ സംബന്ധിച്ച് എനിക്ക് സംരക്ഷണം നല്‍കുന്ന സര്‍ക്കാരും പോലീസ് ഡിപ്പാര്‍ട്ട്മെന്റും ഉള്ള, അങ്ങനെ ഒരു സംസ്ഥാനത്ത്, അങ്ങനെ ഒരു രാജ്യത്ത് ആണ് ജീവിക്കുന്നത് എന്ന ഉറച്ച ബോധ്യം എനിക്കുണ്ട്. ആ ബോധ്യം ഉള്ളതു കൊണ്ട് തന്നെയാണ് യുദ്ധത്തിന് ഇറങ്ങി തിരിച്ചത്.

തുടര്‍ച്ചയായി സൈബര്‍ ആക്രമണം ഉണ്ടായപ്പോള്‍ ആവര്‍ത്തിക്കരുത് എന്ന് പറഞ്ഞിട്ടും ഇതിലും മോശമായ രീതിയില്‍ ആവര്‍ത്തിക്കുകയാണ് ഉണ്ടായത്. അപ്പോള്‍ മുതല്‍ ഇത് പണത്തിന്റെ ഹുങ്ക് ആണ്, വെല്ലുവിളിയാണെന്ന് എനിക്ക് തോന്നി.എല്ലാത്തിനും ഒരു അവസാനം വേണമെന്ന്. അതുകൊണ്ടാണ് ഒരു യുദ്ധത്തിനായി ഇറങ്ങാമെന്ന് തീരുമാനിച്ചതെന്നും ഹണി റോസ് പറഞ്ഞു.

തുടര്‍ച്ചയായി ഇത്തരം അനുഭവങ്ങള്‍ ഉണ്ടായപ്പോള്‍ മുഖ്യമന്ത്രിയുമായി സംസാരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു.മുഖ്യമന്ത്രിയെ കാര്യം അറിയിച്ചപ്പോള്‍ തന്നെ നടപടി സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. കാര്യക്ഷമമായ സംവിധാനം ഉള്ളതുകൊണ്ടാണ് ഇത്രയും പെട്ടെന്ന് കസ്റ്റഡിയിലെടുക്കാന്‍ സാധിച്ചത്. ഇത് ഒരു മാറ്റമായി കാണുന്നു. സ്വകാര്യത സംരക്ഷിക്കുന്ന തരത്തില്‍ നിയമനിര്‍മ്മാണം ഉണ്ടാവുമെന്നാണ് ഞാന്‍ കരുതുന്നതെന്നും ഹണി പറഞ്ഞു. ഹണിറോസിന്റെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് ബോബിക്കെതിരെ പോലീസ് കേസെടുത്തിരുന്നത്.

Latest