Connect with us

muhammed siraj

മിയാ ഭായിയുടെ പ്രകടനത്തിൽ മനം നിറഞ്ഞ് ഹൈദരാബാദുകാർ

എനിക്ക് ഉമ്മയുടെ അനുഗ്രഹം മാത്രം മതിയെന്നായിരുന്നു സിറാജിന്റെ മറുപടി.

Published

|

Last Updated

ഹൈദരാബാദ് | ടോലിചൗകിലെ അല്‍ ഹസനാത്ത് കോളനിയിലെ ഒരു വീട്ടില്‍ കഴിഞ്ഞ ദിവസം വലിയ ആഘോഷമായിരുന്നു. വലിയ ഗേറ്റിനും കൂറ്റൻ മതിലിനും മുന്നില്‍ നിരവധി ബൈക്കുകളും കാറുകളും പാര്‍ക്ക് ചെയ്തിരുന്നു. അതുവഴി കടന്നുപോകുന്നവര്‍ ഒരുവേള ആ വീടിന് മുന്നില്‍ വാഹനങ്ങള്‍ നിര്‍ത്തി ചിരിച്ചുകൊണ്ട് പറഞ്ഞത് ഇപ്രകാരമായിരുന്നു, ‘മിയാ ഭായ് അവിടെ ഉണ്ടായിരുന്നിരിക്കണം’.

ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ ബോളിംഗ് നെടുംതൂണായ മുഹമ്മദ് സിറാജിന്റെ നാടാണിത്. നാട്ടുകാരുടെ സ്വന്തം മിയാ ഭായ്. ന്യൂസിലാന്‍ഡിനെതിരെയുള്ള മത്സര ദിവസം പോലും അദ്ദേഹം വീട്ടിലുണ്ടായിരുന്നു. ഇന്ത്യന്‍ ടീമിലെത്തിയ ശേഷം ആദ്യമായാണ് അദ്ദേഹത്തിന് ദേശീയ കുപ്പായത്തില്‍ ഹൈദരാബാദില്‍ കളിക്കാന്‍ സാധിച്ചത്. അത് അവിസ്മരണീയമാക്കുകയും ചെയ്തു. പ്രധാന നാല് വിക്കറ്റുകള്‍ കൊയ്തതിനൊപ്പം പത്ത് ഓവറില്‍ രണ്ട് ഓവര്‍ മെയ്ഡന്‍ ആക്കി വെറും 46 റണ്‍സാണ് വിട്ടുകൊടുത്തത്. സിറാജിന്റെ ബോളിംഗിൻ്റെ കരുത്തിൽ കൂടി 12 റണ്‍സിന്റെ വിജയവും ഇന്ത്യ നേടി.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ബജാജ് പ്ലാറ്റിനം ബൈക്കില്‍ നഗരം ചുറ്റിയും ടെന്നീസ് ബോള്‍ ക്രിക്കറ്റ് കളിച്ചും നടന്ന പയ്യനാണ് ദേശീയ കുപ്പായത്തില്‍ ഇന്ത്യയുടെ കുന്തമുനയായത്. ഇന്ന് എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയുടെ പ്രധാന പേസറാണ് സിറാജ്. സിറാജിന് ആദ്യമായി ക്രിക്കറ്റില്‍ സ്വന്തം മേല്‍വിലാസമുണ്ടാക്കിക്കൊടുത്ത ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മറ്റൊരു നേട്ടം കൂടി കഴിഞ്ഞ ദിവസം അദ്ദേഹം കൊയ്തു. പിതാവ് നല്‍കുന്ന പോക്കറ്റ് മണിയില്‍ നിന്ന് 60 രൂപക്ക് പെട്രോള്‍ അടിച്ച് പ്ലാറ്റിനയില്‍ ചുറ്റിക്കറങ്ങിയ നഗര നിരത്തുകളിലൂടെ മത്സരദിവസം രാവിലെ സിറാജ് നടന്നു.

മിയാ ഭായിയുടെ പ്രകടനത്തിന് സാക്ഷ്യംവഹിക്കാന്‍ ഉമ്മയും സഹോദരങ്ങളും ബന്ധുക്കളും അയല്‍ക്കാരും നാട്ടുകാരും സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. ഈയടുത്ത് മരിച്ച ഓട്ടോ ഡ്രൈവറായിരുന്ന പിതാവിൻ്റെ സാന്നിധ്യം കൂടി സിറാജും കുടുംബവും ഏറെ ആഗ്രഹിച്ചിരിക്കണം. ആവേശം കാരണം സിറാജിന്റെ ഉമ്മ ശബ്‌ന ബീഗത്തിന് കോര്‍പറേറ്റ് ബോക്‌സ് ബാല്‍ക്കണിയിലെ ഇരിപ്പിടത്തില്‍ ഇരിപ്പുറച്ചില്ല. സഹോദരി ഗ്രില്ലില്‍ അള്ളിപ്പിടിച്ചിരിക്കുകയായിരുന്നു.

സിറാജിന്റെ ബോളിംഗ് തുടങ്ങിയതോടെ മൗനപ്രാര്‍ഥനയിലേക്ക് മാതാവ് ഊളിയിട്ടു. ഈ പ്രാര്‍ഥന തന്നെയാണ് മാതാവില്‍ നിന്ന് സിറാജ് തേടിയതും. തിങ്കളാഴ്ച ഹോട്ടലില്‍ നിന്ന് മാതാവിനെ കാണാന്‍ സിറാജ് വീട്ടിലെത്തിയിരുന്നു. പെട്ടെന്നുള്ള വരവ് ആയതിനാല്‍ മകന് വേണ്ടി പ്രത്യേകം വിഭവങ്ങളൊരുക്കാന്‍ കഴിഞ്ഞില്ലെന്ന് ശബ്‌ന ബീഗം പരിതപിച്ചപ്പോള്‍, എനിക്ക് ഉമ്മയുടെ അനുഗ്രഹം മാത്രം മതിയെന്നായിരുന്നു സിറാജിന്റെ മറുപടി. മാതാവിന്റെ ആ അനുഗ്രഹവും പ്രാര്‍ഥനയും മത്സരത്തിലുടനീളം സിറാജിന് തുണയായി എന്നതിന് ആ പ്രകടനം തന്നെ തെളിവ്.

Latest