Connect with us

International

ഹബിളിന്റെ പിന്‍ഗാമി ജെയിംസ് വെബ് ടെലിസ്‌കോപ്പ് വിക്ഷേപണം ഇന്ന്

പതിനാല് രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധരുടെയും മുപ്പത് വര്‍ഷത്തെ പരിശ്രമത്തിന്റെ ഫലമാണ് ജെയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പ്.

Published

|

Last Updated

ഫ്രഞ്ച് ഗയാന| മനുഷ്യന്‍ ഇന്ന് വരെ നിര്‍മ്മിച്ചതില്‍ വച്ച് എറ്റവും ശേഷി കൂടിയ ബഹിരാകാശ ദൂരദര്‍ശിനിയുടെ വിക്ഷേപണമാണ് ഇന്ന് നടക്കാന്‍ പോകുന്നത്. ഈ പ്രപഞ്ചം ശൈശവ ദശയില്‍ എങ്ങനെയായിരുന്നു, ആദ്യ നക്ഷത്ര സമൂഹങ്ങളും ഗ്രഹങ്ങളുമൊക്കെ എങ്ങനെയായിരുന്നു ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടിയാണ് ജെയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പ് ദൗത്യത്തില്‍ ചെന്നെത്തുന്നത്. നാസയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും കനേഡിയന്‍ സ്‌പേസ് ഏജന്‍സിയും ചേര്‍ന്നാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്.

14 രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധരുടെയും മുപ്പത് വര്‍ഷത്തെ പരിശ്രമത്തിന്റെ ഫലമാണ് ജെയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പ്. പത്ത് ബില്യണ്‍ അമേരിക്കന്‍ ഡോളറാണ് ആകെ ചെലവ് (എഴുപത്തിയയ്യായിരം കോടി രൂപയ്ക്ക് മുകളില്‍). ഫ്രഞ്ച് ഗയാനിലെ യൂപോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഗയാന സ്‌പേസ് സെന്ററില്‍ നിന്നാണ് ദൂരദര്‍ശിനി വിക്ഷേപിക്കുന്നത്. അരിയാനെ 5 ആണ് വിക്ഷേപണ വാഹനം. ഇന്ന് ഇന്ത്യന്‍ സമയം വൈകിട്ട് 5:50 നാണ് വിക്ഷേപണം. വിക്ഷേപണം കഴിഞ്ഞ് അരമണിക്കൂര്‍ പിന്നിടുമ്പോള്‍ ജെ ഡബ്ല്യൂ ടി വിക്ഷേപണ വാഹനത്തില്‍ നിന്ന് വേര്‍പെടും. പിന്നാലെ സോളാര്‍ പാനലുകള്‍ തുറക്കും. വിക്ഷേപണം കഴിഞ്ഞ് 12 മണിക്കൂര്‍ കഴിയുമ്പോഴായിരിക്കും ആദ്യ സഞ്ചാര പാത മാറ്റം.

ഇത്തരത്തില്‍ മൂന്ന് തവണ പേടകത്തിലെ റോക്കറ്റുകള്‍ പ്രവര്‍ത്തിപ്പിച്ച് സഞ്ചാര പാത ക്രമീകരിക്കും. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ ഏകദേശം നാലിരട്ടി അകലത്തില്‍ ലെഗ്രാഞ്ച് 2 പോയിന്റാണ് പേടകത്തിന്റെ ലക്ഷ്യം. ഇവിടെയെത്താന്‍ ഒരു മാസമെടുക്കും. സൂര്യന്റെ ശക്തമായ പ്രകാശത്തില്‍ നിന്ന് ഭൂമിയും സ്വന്തം സോളാര്‍ ഷീല്‍ഡും ദൂരദര്‍ശിനിയെ സംരക്ഷിക്കും. ആദ്യ ചിത്രങ്ങള്‍ കിട്ടി തുടങ്ങാന്‍ പിന്നെയും കാത്തിരിക്കണം. എല്‍ 2വില്‍ എത്തിയ ശേഷം കണ്ണാടി വിടരും, എല്ലാ സംവിധാനങ്ങളും പ്രവര്‍ത്തനക്ഷമമാണോയെന്ന് പരിശോധിച്ച ശേഷമായിരിക്കും ശാസ്ത്ര ദൗത്യം തുടങ്ങുക. അത് കൊണ്ട് എല്‍ 2വില്‍ എത്തി ആറ് മാസം കഴിഞ്ഞ ശേഷമായിരിക്കും ദൂരദര്‍ശിനി കമ്മീഷന്‍ ചെയ്യുക.

1350 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാഴ്ചകളാണ് ജെഡബ്ല്യൂഎസ്ടിയിലൂടെ( ജെയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പ് )നമ്മള്‍ കാണാന്‍ പോകുന്നത്. പ്രപഞ്ചമുണ്ടായ കാലത്തെ കാഴ്ചകള്‍ കാണണമെങ്കില്‍ ഇന്‍ഫ്രാറെഡ് തരംഗങ്ങള്‍ തിരിച്ചറിയാന്‍ പറ്റണം. അതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്കതാണ് ജെയിംസ് വെബ് ടെലിസ്‌കോപ്പ്. അത് കൊണ്ട് തന്നെ മുന്‍ഗാമിയേക്കാള്‍ വലിയ കണ്ണാടിയാണ് പുതിയ ദൂരദര്‍ശിനിയില്‍. 21 അടിയാണ് ഈ കണ്ണാടിയുടെ വ്യാസം. ഹബിളിന്റെ കണ്ണാടിയുടെ വ്യാസം 7.8 അടി മാത്രമായിരുന്നു.

ഓരോ ഘടകവും പല തവണ പരീക്ഷിച്ച് പ്രവര്‍ത്തന ക്ഷമത ഉറപ്പ് വരുത്തിയാണ് ഇപ്പോള്‍ ജെയിംസ് വെബ് ടെലിസ്‌കോപ്പ് വിക്ഷേപണത്തിന് ഒരുങ്ങിയിരിക്കുന്നത്. ഒരു നന്നാക്കല്‍ ദൗത്യം ജെയിംസ് വെബ് ടെലിസ്‌കോപ്പിന്റെ കാര്യത്തില്‍ അസാധ്യമാണ്, എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ പിന്നെ തിരുത്തുക അസാധ്യം.

1990ലാണ് ബഹിരാകാശ ഗവേഷണ ചരിത്രത്തില്‍ നാഴികക്കലായി മാറിയ ഹബിള്‍ ടെലിസ്‌കോപ്പ് വിക്ഷേപിക്കുന്നത്. ഹളബിളിന്റെ പിന്‍ഗാമിയാണ് ജെയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പ്. ഭൂമിയില്‍ നിന്നൊരിക്കലും കാണാന്‍ പറ്റാത്ത കാഴ്ചകളാണ് കഴിഞ്ഞ മുപ്പത് കൊല്ലം ഹബിള്‍ കാണിച്ചു തന്നത്. നക്ഷത്രങ്ങള്‍ പിറക്കുന്നതും, സൂപ്പര്‍നോവയാകുന്നതുമൊക്കെ നമ്മള്‍ ഹബിളിലൂടെ കണ്ടു. കോടിക്കണക്കിന് പ്രകാശവര്‍ഷങ്ങള്‍ അകലെയുള്ള നക്ഷത്രവ്യൂഹങ്ങള്‍, അത്യപൂര്‍വ്വ ജ്യോതിശാസ്ത്ര പ്രതിഭാസങ്ങള്‍ അങ്ങനെ ഹബിള്‍ കാണിച്ച കാഴ്ചകള്‍ അത്ഭുതകരമായിരുന്നു.

ഹബിളിന്റെ സേവനകാലത്തോളം പഴക്കമുണ്ട് പിന്‍ഗാമിക്കായി നടത്തിയ ഗവേഷണങ്ങള്‍ക്ക്. ഇന്‍ഫ്രാ റെഡ് തരംഗങ്ങളെയടക്കം ഒപ്പിയെടുക്കുന്നതാവണം പുതിയ ദൂരദര്‍ശിനിയെന്ന നിര്‍ദ്ദേശം വരുന്നത് 1996ലാണ്. 2002ല്‍ വേണ്ട ഉപകരണങ്ങള്‍ നിര്‍മ്മിക്കാനുള്ള സംഘാംഗങ്ങളെ നാസ തെരഞ്ഞെടുത്തു. നിര്‍മ്മാണം തുടങ്ങിയത് 2004ല്‍.  2007ല്‍ വിക്ഷേപിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും പദ്ധതി വൈകി.

2005ല്‍ പദ്ധതി പൂര്‍ണമായി ഉടച്ചു വാര്‍ത്തു. 2012ഓടെ പലയിടത്ത് നിര്‍മ്മിച്ച ഭാഗങ്ങള്‍ നാസയുടെ ഗോഡാര്‍ഡ് സ്‌പേസ് ഫ്‌ലൈറ്റ് സെന്ററിലേക്ക് എത്തി തുടങ്ങി. 2017ല്‍ എല്ലാം കൂട്ടിച്ചേര്‍ത്തുള്ള പരീക്ഷണങ്ങള്‍ തുടങ്ങി. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഓരോ ഉപകരണവും പല തവണ പരീക്ഷിച്ച് പ്രവര്‍ത്തനക്ഷമത ഉറപ്പു വരുത്തി. 2018ല്‍ പരീക്ഷണത്തിനിടെ ദൂരദര്‍ശിനിയുടെ സണ്‍ഷീല്‍ഡ് കീറി. വീണ്ടും കാലതാമസം. ഒടുവില്‍ 2021ല്‍ വിക്ഷേപണം എന്ന അറിയിപ്പ് എത്തി. വിക്ഷേപണ തീയതി പിന്നെയും പല തവണ മാറ്റി. ഇതൊക്കെ കഴിഞ്ഞാണ് ഹബിളിന്റെ പിന്‍ഗാമി യാത്രയ്ക്ക് ഒരുങ്ങുന്നത്.

 

Latest