From the print
ഇനിയുമെത്ര കാലം സഹിക്കണം
"രാഷ്ട്രപദവി' അംഗീകാരത്തിൽ ഇസ്‌റാഈലിന് പതിന്മടങ്ങ് രോഷം
		
      																					
              
              
            ഗസ്സാ സിറ്റി | യു എസിന്റെയും ഇസ്‌റാഈലിന്റെയും സഖ്യകക്ഷികളായ പാശ്ചാത്യ രാജ്യങ്ങളടക്കം ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതായി പ്രഖ്യാപനത്തിലും യാതനകളിൽ തെല്ലൊരാശ്വാസം പോലും ലഭിക്കാതെ ഗസ്സയിലെ ഫലസ്തീനികൾ. ഗസ്സയിലെ ഇസ്‌റാഈൽ ഭീകരത അവസാനിക്കുന്നില്ല എന്നതിന്റെ നേർസാക്ഷ്യമായി ഇന്നലെ ഗസ്സാ നഗരത്തിലെ ജനസാന്ദ്രതയേറിയ പ്രദേശത്തേക്ക് സയണിസ്റ്റ് സൈന്യം ആഴത്തിൽ കടന്നു.
ഐക്യരാഷ്ട്രസഭയിൽ ഫലസ്തീനെ അംഗീകരിച്ചുള്ള കൂടുതൽ രാജ്യങ്ങളുടെ പ്രഖ്യാപനത്തിന് പിന്നാലെ ഗസ്സയിൽ ഇടവേളകളില്ലാത്ത ആക്രമണമാണ് ഇസ്‌റാഈൽ സൈന്യം അഴിച്ചുവിടുന്നത്.
“ഞങ്ങൾക്ക് എവിടെ പോകണമെന്നറിയില്ല. തെക്ക് ഭാഗത്തേക്ക് നീങ്ങിയാൽ ഇസ്‌റാഈൽ സൈന്യം ബോംബ് വെച്ച് കൊല്ലില്ല എന്ന് എന്താണ് ഉറപ്പ്. എന്തും സഹിച്ച് ഞങ്ങൾ ഇവിടെ തന്നെ (ഗ്ഗസ്സാ സിറ്റി) കഴിയുകയാണ്.”- രണ്ട് കുഞ്ഞുങ്ങളുടെ മാതാവായ ഹുദ പറഞ്ഞു. സ്‌ഫോടനങ്ങളുടെ ശബ്ദത്തിൽ കുട്ടികൾ വിറച്ചുകരയുകയാണ്. ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുള്ള നഗരത്തെ അവർ തുടച്ചുനീക്കുകയാണ്. ഫലസ്തീൻ രാഷ്ട്രത്തിന്റെ ‘പ്രതീകാത്മക അംഗീകാരം’ അല്ല ഞങ്ങൾക്ക് വേണ്ടത്. സമാധാനപരമായ ജീവിതമാണ്- ഹുദ പറഞ്ഞു.
നടന്ന് തളർന്ന് കുഞ്ഞുങ്ങൾ
ഇസ്‌റാഈലിന്റെ ഉപരോധം മൂലം ഇന്ധന വിതരണം നിലച്ച ഗസ്സയിൽ, പലായനത്തിനിടെ നടന്ന് തളർന്നുവീണ് കുഞ്ഞുങ്ങൾ. വാഹനങ്ങൾക്കാവശ്യമായ ഇന്ധനം ലഭിക്കാതെ സ്ത്രീകളും കുട്ടികളും കൂട്ടത്തോടെ പൊരിവെയിലിൽ നടന്നുനീങ്ങുകയാണ്. പലരും വഴിയിൽ തളർന്നുവീണു. വെള്ളമോ ഭക്ഷണമോ ഇല്ലാതെയാണ് കിലോമീറ്ററുകളോളം നടന്ന് സുരക്ഷിതമെന്ന് പറയപ്പെടുന്ന സ്ഥലങ്ങളിലേക്കെത്തുന്നത്.
ഇനിയുമേറെ ചെയ്യാനുണ്ട്
ഫലസ്തീന്റെ രാഷ്ട്രപദവി കൂടുതൽ രാജ്യങ്ങൾ അംഗീകരിച്ചെങ്കിലും ഇനിയുമേറെ കാര്യങ്ങൾ ഇതുമായി ചെയ്യാനുണ്ടെന്ന് ഐക്യരാഷ്ട്രസഭാ മാനുഷിക ഏജൻസി മുൻ മേധാവി പോൾ ഗ്രിഫിത്സ് പറഞ്ഞു. ഏറെ വൈകിയാണെങ്കിലും അനിവാര്യത തിരിച്ചറിഞ്ഞ് ഫലസ്തീനെ അംഗീകരിച്ചെങ്കിലും ഇനിയും കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. സുരക്ഷയും സമാധാനവും ഉറപ്പാക്കുക എന്നതാണ് ഐക്യരാഷ്ട്രസഭയുടെ പ്രഥമ ലക്ഷ്യം. എന്നാൽ പൊതുസഭയുടെ ധാർമികതക്കനുസരിച്ച് രക്ഷാകൗൺസിൽ അത് ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
റെയ്ഡ്, അറസ്റ്റ്
ഗസ്സാ നഗരത്തിന് പുറമെ അധിനിവിഷ്ട വെസ്റ്റ്ബാങ്കിലും ആക്രമണവുമായി ഇസ്‌റാഈൽ സൈന്യം. റാമല്ലക്ക് വടക്കുകിഴക്കായി സിൻജിൽ നഗരത്തിലേക്ക് കരസേന കടന്നുകയറി. സൽഫിത്ത് നഗരത്തിൽ വ്യാപക റെയ്ഡ് നടത്തി സഈദ് ശമ്മാസ് എന്നയാളുടെ വീട് സൈനിക ബാരക്കായി പിടിച്ചെടുത്തു. ജെനിൻ നഗരത്തിന് പടിഞ്ഞാറ് യബാദ് നഗരത്തിലെ സൈനിക ചെക്ക്‌പോസ്റ്റിൽ വെച്ച് ഫലസ്തീൻ യുവതിയെ അറസ്റ്റ് ചെയ്തു. ജെനിന് തെക്ക് ഖബാത്വിയ നഗരവാസിയാണ് യുവതി. ജെനിനിൽ നിന്ന് രണ്ട് യുവാക്കളെയും അറസ്റ്റ് ചെയ്തു. ഖൽഖ്വിയയിൽ രണ്ട് പേരെയും തുൽകറമിലും ഇൽ ബിരീഹിലും ബൈത്ത് ഉമ്മാർ എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരെയും അറസ്റ്റ് ചെയ്തു. അകാരണമായി ഇവരെ കസ്റ്റഡിയിൽ പാർപ്പിച്ചിരിക്കുകയാണ്.
സൽഫിത് നഗരത്തിന് പടിഞ്ഞാറ് അസ്സാവിയ നഗരത്തിലെ പേരക്കതോട്ടങ്ങൾ വ്യാപകമായി നശിപ്പിച്ച ജൂത കുടിയേറ്റക്കാർ ജലവിതരണ പൈപ്പുകളും ടാങ്കുകളും തകർത്തു.
അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ഹെബ്രോണിന് വടക്കായി ഹൽഹുൽ ഗ്രാമത്തിൽ ഇസ്‌റാഈൽ സൈന്യവും ഫലസ്തീനികളും നേർക്കുനേർ ഏറ്റുമുട്ടി.
വഴിയടച്ചു
അധിനിവിഷ്ട വെസ്റ്റ്ബാങ്കിനും ജോർദാനുമിടയിലെ ഇസ്‌റാഈൽ നിയന്ത്രണത്തിലുള്ള കിംഗ് ഹുസൈൻ പാലം മുന്നറിയിപ്പില്ലാതെ അടച്ച് ഇസ്‌റാഈൽ സൈന്യം. പാലത്തിന് ഇരുവശത്തേക്കും ആരെയും കടത്തിവിടില്ലെന്ന് ഇസ്‌റാഈൽ ആർമി റേഡിയോ റിപോർട്ട് ചെയ്തു. ജോർദാനിൽ നിന്ന് ഫലസ്തീൻ പ്രദേശത്തേക്കും തിരിച്ചും ആളുകൾ സഞ്ചരിക്കുന്നതിനും സാധനങ്ങൾ എത്തിക്കുന്നതിനുമായാണ് പാലം പ്രധാനമായും ഉപയോഗിച്ചിരുന്നത്.
മാനുഷിക നിയമം കുഴിച്ചുമൂടി
അന്താരാഷ്ട്ര മാനുഷിക നിയമം ഗസ്സയിൽ കുഴിച്ചുമൂടപ്പെട്ടുവെന്ന് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ലുല ഡസിൽവ പറഞ്ഞു. ഐക്യരാഷ്ട്രസഭാ പൊതുസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൺ കണക്കിന് കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ ആയിരക്കണക്കിന് കുഞ്ഞുങ്ങളും സ്ത്രീകളും ഞെരിഞ്ഞമരുന്നു. ഫലസ്തീൻ ജനത അപ്രത്യക്ഷമാകുകയാണ്. അന്താരാഷ്ട്ര സമൂഹവുമായി സംയോജിപ്പിച്ച സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം നിലവിൽ വന്നാൽ മാത്രമേ അവരുടെ യാതനകൾ അവസാനിക്കൂവെന്നും ലുല ഡ സിൽവ പറഞ്ഞു.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
