Connect with us

Kerala

ഒഴിവുകളെത്ര?; കേരള എം പിയുടെ ചോദ്യത്തിന് ഉത്തരം നല്‍കാതെ റെയില്‍വേ മന്ത്രാലയം

റെയില്‍വേയിലെ ഒഴിവുകളെയും പുതിയ തസ്തികകളെയും സംബന്ധിച്ച്‌ രാജ്യസഭയില്‍ വി ശിവദാസന്‍ എം പി ഉന്നയിച്ച ചോദ്യങ്ങള്‍ക്കാണ് മറുപടി നല്‍കാതിരുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | കേരള എം പി ഉന്നയിച്ച റെയില്‍വേയിലെ ഒഴിവുകളെയും പുതിയ തസ്തികകളെയും സംബന്ധിച്ച ചോദ്യത്തിന് ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറി റെയില്‍വേ മന്ത്രാലയം. രാജ്യസഭയില്‍ വി ശിവദാസന്‍ എം പി ഉന്നയിച്ച ചോദ്യങ്ങള്‍ക്കാണ് മറുപടി നല്‍കാതിരുന്നത്. സോണുകളിലും ഡിവിഷനുകളിലും നികത്തപ്പെടാത്ത ഒഴിവുകളുടെ എണ്ണം റെയില്‍വേ വെളിപ്പെടുത്തിയില്ല. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ നിയമനങ്ങളുടെ വാര്‍ഷികകണക്ക് വെളിപ്പെടുത്താനും റെയില്‍വേ തയ്യാറായില്ല. അതേസമയം, കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ പത്തുവര്‍ഷം നടത്തിയതിനേക്കാള്‍, കഴിഞ്ഞ പത്തുവര്‍ഷം തങ്ങള്‍ റിക്രൂട്ട്‌മെന്റ് നടത്തി എന്ന അവകാശവാദമാണ് റെയില്‍വേ മന്ത്രാലയം മുന്നോട്ട് വച്ചത്.

ഒഴിവുകള്‍ക്ക് പകരം, നിയമനം നടത്തുമെന്ന് പ്രഖ്യാപിച്ചു നടത്തിയ പരീക്ഷയിലെ അപേക്ഷകരുടെ എണ്ണമാണ് മറുപടിയായി നല്‍കിയത്. പരീക്ഷ നടത്തിയ തസ്തികകളിലേക്കുള്ള അപേക്ഷകരുടെ വലിയ സംഖ്യ, ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഗുരുതരമായ തൊഴില്‍ പ്രതിസന്ധിയിലേക്ക് വിരല്‍ ചൂണ്ടുന്നു. എണ്ണായിരത്തോളം ഒഴിവുകള്‍ക്ക് അരക്കോടിയോളം പേര്‍ അപേക്ഷിക്കുന്ന സ്ഥിതിയാണുള്ളത്. യുവാക്കള്‍ നേരിടുന്ന രൂക്ഷമായ തൊഴിലില്ലായ്മയാണിത് വെളിവാക്കുന്നത്. മൊത്തത്തില്‍, 50,000ത്തോളം ഒഴിവിലേക്ക് രണ്ടുകോടിയോളം (1.83 കോടി ) അപേക്ഷകരാണുള്ളത്. നോണ്‍-ടെക്നിക്കല്‍ പോപുലര്‍ കാറ്റഗറിയില്‍ (ഗ്രാജുവേറ്റ് ലെവല്‍) 8,113 ഒഴിവുകള്‍ ആയപ്പോള്‍ 58.41 ലക്ഷം പേര്‍ അപേക്ഷിച്ചു. ആര്‍ പി എഫ് കോണ്‍സ്റ്റബിള്‍ തസ്തികയില്‍ 4,208 ഒഴിവുകളാണുള്ളത്. എന്നാല്‍ 45.3 ലക്ഷം പേര്‍ അപേക്ഷകരായുണ്ട്.

ആര്‍ പി എഫ് സബ്-ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ വെറും 452 ഒഴിവുകളാണുള്ളത്. എന്നാല്‍ 15.35 ലക്ഷം പേരാണ് അപേക്ഷകര്‍. ടെക്നീഷ്യന്‍ തസ്തികയില്‍ 14,298 ഒഴിവുകളിലേക്കായി 26.99 ലക്ഷം അപേക്ഷകള്‍ ലഭിച്ചു. അസിസ്റ്റന്റ് ലോക്കോ പൈലറ്റ് (ALP) തസ്തികയ്ക്ക് 18,799 ഒഴിവുകളിലേക്ക് 18.4 ലക്ഷം പേര്‍ അപേക്ഷിച്ചു. ജൂനിയര്‍ എന്‍ജിനീയര്‍ (JE)/ഡിപ്പോ മെറ്റീരിയല്‍ സൂപ്പറിന്റന്‍ഡന്റ് (DMS)/കെമിക്കല്‍ & മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് (CMA) തസ്തികയിലേക്ക് 7,951 ഒഴിവുകളാണുള്ളത്. എന്നാല്‍, അപേക്ഷകര്‍ 11.01 ലക്ഷം. പാരാമെഡിക്കല്‍ വിഭാഗങ്ങളിലെ 1,376 ഒഴിവുകളിലേക്കായി ഉള്ളത് 7.08 ലക്ഷം അപേക്ഷകര്‍.

വന്‍തോതില്‍ തസ്തികകള്‍ വെട്ടിക്കുറയ്ക്കുകയും നിയമനപ്രക്രിയ തന്നെ വൈകിക്കുകയുമാണ് റെയില്‍വേ ചെയുന്നത്. ലോക്കോ പൈലറ്റുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ ഒഴിവുകള്‍ നികത്താത്തത് യാത്രക്കാരുടെ ജീവന് ഭീഷണിയാണ്.

എന്നാല്‍, വീഴ്ചകള്‍ ജനങ്ങളുടെ മുന്നില്‍ എത്തിക്കാനും അത് പരിഹരിക്കാനുള്ള നടപടി എടുപ്പിക്കാനുമുള്ള ശ്രമങ്ങളെ പരാജയപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വി ശിവദാസന്‍ എം പി പറഞ്ഞു. ഒഴിവുകള്‍ ചോദിച്ചാല്‍ വെളിപ്പെടുത്താത്ത ബി ജെ പി സര്‍ക്കാരിന്റെ സമീപനം കണ്ണടച്ചിരുട്ടാക്കലാണ്. ഇത് തികഞ്ഞ ജനാധിപത്യ വിരുദ്ധതയാണെന്നും അദ്ദേഹം പ്രതികരിച്ചു.

 

Latest