Connect with us

Editorial

പുറമെ നിന്നുള്ള വൈദ്യുതിയെ ആശ്രയിച്ച് എത്ര കാലം?

രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി നിരക്ക് ഈടാക്കുന്ന സംസ്ഥാനമാണ് നിലവില്‍ കേരളം. മുടങ്ങിക്കിടക്കുന്ന ജലവൈദ്യുത പദ്ധതികളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുകയും സൗരോര്‍ജ ഉത്പാദനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്താല്‍ പുറം കരാറുകള്‍ വലിയൊരളവോളം ഒഴിവാക്കാനും ഉപഭോക്താവില്‍ നിന്ന് കൊള്ളനിരക്ക് ഈടാക്കുന്ന പ്രവണത അവസാനിപ്പിക്കാനുമാകും.

Published

|

Last Updated

ചൂട് കനത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വന്‍തോതില്‍ വര്‍ധിച്ചിരിക്കുകയാണ്. 5,150 മെഗാവാട്ടായിരുന്നു കഴിഞ്ഞ ദിവസം പീക് ടൈമിലെ വൈദ്യുതി ഉപയോഗം. ഇതൊരു സര്‍വകാല റെക്കോര്‍ഡാണ്. എ സിയുടെയും ഫാനിന്റെയും പ്രവര്‍ത്തനം കൂടിയതാണ് വൈദ്യുതി ഉപയോഗ വര്‍ധനവിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊടിയ ഉഷ്ണ മാസങ്ങളായ ഏപ്രിലും മെയും അവശേഷിച്ചിരിക്കെ സംസ്ഥാനത്ത് ഗുരുതരമായ വൈദ്യുതി പ്രതിസന്ധി ഉണ്ടാകുമോ എന്ന ആശങ്കയിലാണ് കെ എസ് ഇ ബിയും സര്‍ക്കാറും.

14 ദശലക്ഷം യൂനിറ്റാണ് കേരളത്തിന്റെ ആഭ്യന്തര വൈദ്യുതി ഉത്പാദനം. സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ 30 ശതമാനം മാത്രമാണിത്. ദേശീയ പവര്‍ ഗ്രിഡില്‍ നിന്നുള്ള വൈദ്യുതിയെയും പുറംകരാറിലൂടെയുള്ള വൈദ്യുതിയെയും ആശ്രയിച്ചാണ് സംസ്ഥാനത്തിന്റെ ആവശ്യം നിറവേറ്റുന്നത്. അത്യുഷ്ണ കാലത്ത് ഇതുകൊണ്ടും മതിയാകുന്നില്ല. ഉയര്‍ന്ന നിരക്കില്‍ ഹൈ പ്രൈസ് വൈദ്യുതി എക്സ്ചേഞ്ചില്‍ നിന്ന് ദിനംപ്രതി 500 മെഗാവാട്ട് വാങ്ങിയാണ് പിടിച്ചു നില്‍ക്കുന്നത്. നല്ല വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ ഇതും മതിയാകാതെ വരികയും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരികയും ചെയ്യുമെന്ന ആശങ്കയുണ്ട്.

ഓരോ വര്‍ഷം പിന്നിടുന്തോറും സംസ്ഥാനത്ത് വൈദ്യുതി ആവശ്യം വന്‍തോതില്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. പുറമെ നിന്ന് വൈദ്യുതി വാങ്ങുക മാത്രമാകരുത് ഇതിനുള്ള പരിഹാരം. വരും കാലങ്ങളിലുള്ള ആവശ്യം കൂടി പരിഗണിച്ച് ഊര്‍ജോത്പാദനത്തിന് വ്യക്തമായ കാഴ്ചപ്പാടും അതിനനുസൃതമായ പദ്ധതിയും ആവിഷ്‌കരിക്കണം. മുടങ്ങിക്കിടക്കുന്ന ജലവൈദ്യുത പദ്ധതികളുടെ നിര്‍മാണം പുനരാരംഭിച്ച് സമയ ബന്ധിതമായി പൂര്‍ത്തിയാക്കുകയും സൗരോര്‍ജ ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.

പള്ളിവാസല്‍, തൊട്ടിയാര്‍, മാങ്കുളം, പാമ്പാര്‍, അച്ചന്‍കോവില്‍, ചെങ്കല്‍, ഭൂതത്താന്‍ കെട്ട് തുടങ്ങി നിരവധി ജലവൈദ്യുത പദ്ധതികള്‍ പാതിവഴിയില്‍ മുടങ്ങിക്കിടക്കുന്നുണ്ട്. രൂപകല്‍പ്പനയിലെ അപാകത, സ്ഥലമെടുപ്പിലെ കാലതാമസം, ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത തുടങ്ങിയവയാണ് കാരണം. 10,000 കോടി രൂപയിലേറെയാണ് ഇതുമൂലം പൊതുഖജനാവിന് നഷ്ടമായത്. ഇടക്കിടെ എസ്റ്റിമേറ്റ് പുതുക്കുന്നതിലൂടെ നിര്‍മാണച്ചെലവ് പിന്നെയും കൂടുന്നു. പത്ത് വര്‍ഷത്തിലേറെയായി മുടങ്ങിക്കിടക്കുന്ന ഈ പദ്ധതികള്‍ പൂര്‍ത്തിയാക്കാനായാല്‍ 778 മെഗാവാട്ട് വൈദ്യുതി കൂടുതലായി ഉത്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാത്രമല്ല കുറഞ്ഞ ചെലവില്‍ വൈദ്യുതി ലഭ്യമാക്കാനുമാകും. യൂനിറ്റിന് ഒരു രൂപയില്‍ താഴെയാണ് ജലവൈദ്യുത പദ്ധതിയുടെ ഉത്പാദനച്ചെലവ്. അതേസമയം യൂനിറ്റിന് 8-12 രൂപ നിരക്കിലാണ് പവര്‍ എക്സ്ചേഞ്ചില്‍ നിന്ന് കെ എസ് ഇ ബി വൈദ്യുതി വാങ്ങുന്നത്. ഉപഭോക്താക്കളാണ് ഈ അധികച്ചെലവിന്റെ ഭാരം വഹിക്കേണ്ടി വരുന്നത്.

മുടങ്ങിക്കിടക്കുന്ന ജലവൈദ്യുത പദ്ധതികളുടെ നിര്‍മാണം പുനരാരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അറുപത് മെഗാവാട്ട് ശേഷിയുള്ള പള്ളിവാസല്‍ പദ്ധതിയും 40 മെഗാവാട്ട് ശേഷിയുള്ള തോട്ടിയാര്‍ പദ്ധതിയും ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്നും കഴിഞ്ഞ സെപ്തംബറില്‍ കോട്ടയത്ത് കെ എസ് ഇ ബി അസ്സോസിയേഷന്‍ സമ്മേളനത്തില്‍ പ്രസംഗിക്കവെ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി പ്രസ്താവിച്ചിരുന്നു. എന്നാല്‍ പദ്ധതികള്‍ ഇതുവരെയും പൂര്‍ത്തിയാക്കാനായിട്ടില്ല. മന്ത്രിയുടെ വാക്കുകള്‍ പാഴ് വാക്കായി.

കേരളത്തിന് ഏകദേശം 45,000 മെഗാവാട്ട് വൈദുതി ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ടെന്ന് വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സസ്റ്റയിനബിള്‍ എനര്‍ജിയും വേള്‍ഡ് ലൈഫ് ഫണ്ടും ചേര്‍ന്ന് തയ്യാറാക്കിയ റിപോര്‍ട്ടില്‍ പറയുന്നുണ്ട്. സംസ്ഥാനത്തെ പത്ത് ലക്ഷത്തോളം വീടുകളെങ്കിലും പുരപ്പുറത്ത് സൗരോര്‍ജ സംവിധാനം സജ്ജീകരിക്കാന്‍ സാധ്യതയുള്ളവയാണെന്നും പഠന റിപോര്‍ട്ടില്‍ വിലയിരുത്തുന്നു. ഉപഭോക്താവിന് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാന്‍ സഹായകമാണ് സൗരോര്‍ജ ഉത്പാദനം. എന്നാല്‍ സംസ്ഥാനത്ത് വളരെ കുറഞ്ഞ വീടുകളില്‍ മാത്രമേ സൗരോര്‍ജ സംവിധാനമുള്ളൂ. 986 മെഗാവാട്ട് മാത്രമാണ് നിലവില്‍ സംസ്ഥാനത്തെ സൗരോര്‍ജ ഉത്പാദനം. രാജസ്ഥാന്‍, ഗുജറാത്ത്, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ മറ്റു പല സംസ്ഥാനങ്ങളും സൗരോര്‍ജ ഉത്പാദനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് തങ്ങളുടെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നത്. 17,055 മെഗാവാട്ട്, 9,256 മെഗാവാട്ട്, 8,241 മെഗാവാട്ട്, 6,736 മെഗാവാട്ട് എന്നിങ്ങനെയാണ് യഥാക്രമം ഈ സംസ്ഥാനങ്ങളുടെ സൗരോര്‍ജ ഉത്പാദനം.

എണ്‍പതുകളുടെ തുടക്കം വരെ കേരളത്തില്‍ തന്നെയായിരുന്നു സംസ്ഥാനത്തിനാവശ്യമായ വൈദ്യുതി ഉത്പാദിപ്പിച്ചിരുന്നത്. ഇതുമൂലം ഉപഭോക്താവിന് കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാനും സാധിച്ചിരുന്നു. മിച്ചം വരുന്ന വൈദ്യുതി അയല്‍ സംസ്ഥാനങ്ങള്‍ക്ക് വില്‍ക്കുക കൂടി ചെയ്തിരുന്നു അക്കാലത്ത്. ഇന്ന് പക്ഷേ പുറത്ത് നിന്ന് ഉയര്‍ന്ന വിലക്ക് വാങ്ങുന്നത് കാരണം ഉപഭോക്താക്കള്‍ ഉയര്‍ന്ന നിരക്ക് നല്‍കേണ്ട അവസ്ഥയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി നിരക്ക് ഈടാക്കുന്ന സംസ്ഥാനമാണ് നിലവില്‍ കേരളം. മുടങ്ങിക്കിടക്കുന്ന ജലവൈദ്യുത പദ്ധതികളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുകയും സൗരോര്‍ജ ഉത്പാദനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്താല്‍ പുറം കരാറുകള്‍ വലിയൊരളവോളം ഒഴിവാക്കാനും ഉപഭോക്താവില്‍ നിന്ന് കൊള്ളനിരക്ക് ഈടാക്കുന്ന പ്രവണത അവസാനിപ്പിക്കാനുമാകും. കേരളത്തിന്റെ വൈദ്യുതി ക്ഷാമത്തിന് സോളാര്‍ വൈദ്യുതി ഉത്പാദനം മികച്ച പരിഹാരമാണെന്ന് റെഗുലേറ്ററി കമ്മീഷന്‍ നിര്‍ദേശിച്ചതുമാണ്.

 

Latest