Ongoing News
ഹോട്പാക്ക് ഗ്ലോബല്‍: ദുബൈയിലെ മലയാളി വ്യവസായി അമേരിക്കയില്‍ 100 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും
ആദ്യഘട്ടത്തില്‍ 200 പുതിയ തൊഴില്‍ അവസരങ്ങള്‍

ദുബൈ | ഭക്ഷണ പാക്കേജിംഗ് രംഗത്തെ പ്രമുഖരായ യു എ ഇ കേന്ദ്രമായുള്ള ഹോട്ട്പാക്ക് ഗ്ലോബല്‍ നോര്‍ത്ത് അമേരിക്കയില്‍ പുതിയ നിര്‍മാണ, വിതരണ പ്ലാന്റ് സ്ഥാപിക്കുന്നു. 100 ദശലക്ഷം ഡോളര്‍ മുതല്‍മുടക്കില്‍ ന്യൂ ജഴ്സിയിലെ എഡിസണില്‍ പ്ലാന്റ് തുടങ്ങുന്നത് സംബന്ധിച്ച് ദുബൈയില്‍ ന്യൂ ജഴ്സി ഗവര്‍ണര്‍ ഫില്‍ മര്‍ഫിയും ഹോട്ട്പാക്ക് പ്രതിനിധികളും ചേര്‍ന്ന് പ്രഖ്യാപനം നടത്തി. ഹോട്ട്പാക്കിന്റെ നോര്‍ത്ത് അമേരിക്കയിലെ ആദ്യ നിര്‍മാണ കേന്ദ്രമായ പ്ലാന്റ് കമ്പനിയുടെ അന്താരാഷ്ട്ര കുതിപ്പ് ലക്ഷ്യമിടുന്ന വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണിത്.
70,000 ചതുരശ്രയടിയില്‍ നൂതനസൗകര്യങ്ങളോടെ സ്ഥാപിക്കുന്ന പ്ലാന്റ് ജൂണില്‍ പ്രവര്‍ത്തന സജ്ജമാകും. പ്ലാസ്റ്റിക്, കടലാസ് കപ്പുകള്‍, കണ്ടെയിനറുകള്‍, ക്ലാംഷെല്ലുകള്‍ എന്നിവ ഉപഭോക്താക്കളുടെ താത്പര്യപ്രകാരം ഉത്പാദിപ്പിച്ച് നല്‍കുന്നതിനായിരിക്കും ഊന്നല്‍. ആദ്യഘട്ടമെന്ന നിലയില്‍ അടുത്ത അഞ്ച് വര്‍ഷത്തിനകം മേഖലയില്‍ 200 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനാകും. ഭാവിയില്‍ ഉത്പാദനം കൂടുന്നതിനനുസരിച്ച് തൊഴിലവസരങ്ങളും കൂടും.
ഗള്‍ഫ്- അറബ് മേഖലയിലേക്കുള്ള ന്യൂ ജഴ്സി വാണിജ്യ ദൗത്യസംഘത്തെ നയിച്ചുകൊണ്ട് ദുബൈയിലെത്തിയ ഗവര്‍ണര്‍ ഫില്‍ മര്‍ഫി ഹോട്ട്പാക്കിന്റെ പുതിയ പദ്ധതി സംബന്ധിച്ച് പ്രഖ്യാപനം നടത്തി. ന്യൂ ജഴ്സിയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം, വിദഗ്ധരായ തൊഴില്‍സേന, സുശക്തമായ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവക്കുള്ള ശക്തമായ സാക്ഷ്യപ്പെടുത്തലാണിത്. യു എസില്‍ ബിസിനസ് വളര്‍ച്ചയും നവീനതയും ലക്ഷ്യമിടുന്ന ആഗോള കമ്പനികളുടെ ലക്ഷ്യസ്ഥാനമാണ് ന്യൂ ജഴ്സിയെന്ന് ഇതോടെ വീണ്ടും തെളിയിക്കപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ പാക്കേജിംഗ് സാങ്കേതികതയായിരിക്കും ന്യൂ ജഴ്സിയിലെ ഫാക്ടറിയില്‍ ഉപയോഗപ്പെടുത്തുകയെന്ന് ഹോട്ട്പാക്ക് ഗ്രൂപ്പ് സി ഒ ഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ പി ബി സൈനുദ്ദീന്‍ പറഞ്ഞു.