Connect with us

Articles

മുഹര്‍റമിലെ പ്രത്യാശകൾ

ഇസ്്ലാമിക ചരിത്രത്തിലെ നബിമാരുടെ പ്രബോധന വഴികളിലെ നിറം പകരുന്ന ഓര്‍മകള്‍ അതിജീവനത്തിലേക്കും പ്രതീക്ഷാ നിര്‍ഭരമായ പ്രത്യാശയിലേക്കും നമ്മെ നയിക്കും.

Published

|

Last Updated

മുഹര്‍റം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വീണ്ടെടുപ്പിന്റെയും ചെറുത്തുനില്‍പ്പിന്റെയും വീരഗാഥയാണ്. ഹിജ്റയുടെ വിസ്മയകരമായ ചരിത്രം മുഹര്‍റമിനോട് ബന്ധപ്പെട്ട് കിടക്കുന്നത് കൊണ്ട് മുഹാജിറുകളുടെ ധീരമായ പലായനത്തിന്റെയും അന്‍സ്വാറുകളുടെ വിശാലമായ സമര്‍പ്പണത്തിന്റെയും വായനകള്‍ നമ്മുടെ ധമനികള്‍ക്ക് ചൂടും ചൂരും പകര്‍ന്നു നല്‍കുന്ന മഹത്തായ ആവിഷ്‌കാരമാണ്.

ഇസ്്ലാമിക ചരിത്രത്തിലെ നബിമാരുടെ പ്രബോധന വഴികളിലെ നിറം പകരുന്ന ഓര്‍മകള്‍ അതിജീവനത്തിലേക്കും പ്രതീക്ഷാ നിര്‍ഭരമായ പ്രത്യാശയിലേക്കും നമ്മെ നയിക്കും. യൂസുഫ്(അ)നെ കാരാഗൃഹത്തില്‍ നിന്ന് മോചിപ്പിച്ചതും സുലൈമാന്‍ നബി(അ)ന് രാജാധികാരം ലഭിച്ചതും യൂനുസ്(അ) മത്സ്യവയറ്റില്‍ നിന്ന് മോചിതനായതും മൂസാ(അ)ന് തൗറാത്ത് ഇറക്കപ്പെട്ടതും ഇബ്‌റാഹീം(അ) അഗ്നികുണ്ഠത്തില്‍ നിന്ന് രക്ഷപ്പെട്ടതും മുഹര്‍റവുമായി ബന്ധപ്പെട്ട പ്രത്യാശയുടെ മഹച്ചരിതങ്ങളാണ്. മുഹര്‍റം പത്തിനാണ് ഫിര്‍ഔന്‍ ചെങ്കടലില്‍ മുങ്ങിത്താഴ്ന്നത്. സീനാ മരുഭൂമിയില്‍ മൂസാ നബി(അ)യും സംഘവും പുതിയ ജീവിതം ആരംഭിച്ചതും മുഹര്‍റം പത്തിനാണ്. അസാധാരണമായ ഒരു ചരിത്രത്തിന്റെ അന്ത്യവും മറ്റൊരു ചരിത്രത്തിന്റെ തുടക്കവുമാണ് ഫിര്‍ഔനിന്റെ പതനത്തിലൂടെ ആരംഭിക്കുന്നത്. പ്രതിപക്ഷത്തെ ഉന്മൂലനം ചെയ്യാനും പ്രതിശബ്ദം ഉയരുന്നത് തടയാനും തനിക്കെതിരെ വരുന്ന പ്രതിഷേധങ്ങളെ ഇല്ലാതാക്കാനും എന്തെല്ലാം പദ്ധതികളാണ് ഫിര്‍ഔന്‍ ആസൂത്രണം ചെയ്തത്. നൂറുകണക്കിന് കുട്ടികളെയാണ് ഫിര്‍ഔന്‍ കൊന്നുതള്ളിയത്. ഫറോവയുടെ കടുത്ത ഖിബ്തി വംശീയ-വര്‍ഗീയ ഭരണമായിരുന്നു അന്ന് നിലനിന്നിരുന്നത്. ഭരണകൂടം തന്നെ വംശീയ-വര്‍ഗീയ അജന്‍ഡകള്‍ പുറത്തെടുത്ത് രാജ്യത്ത് രണ്ട് തരം പൗരന്മാരെ സൃഷ്ടിച്ചു. അസമത്വവും മനസ്സാക്ഷിയെ നാണം കെടുത്തുന്ന ക്രൂരമായ വംശീയ കലാപങ്ങളും കൊലപാതകങ്ങളും ഭരണകൂടത്തിന്റെ ഒത്താശയാല്‍ തന്നെ നടന്നുകൊണ്ടിരുന്നു. അതിന് ഇരകളായി മാറി ബനൂ ഇസ്‌റാഈല്‍ സമൂഹം. ഫറോവയുടെ ഈ ഏകാധിപത്യ ക്രൂര ഭരണത്തിനെതിരെയാണ് കൊട്ടാരത്തില്‍ നിന്ന് തന്നെ മൂസ(അ) ശബ്ദമുയര്‍ത്തുന്നത്. അധര്‍മത്തിനെതിരെ ചെറുത്തു നില്‍ക്കുന്നവര്‍ക്ക് ആവേശവും പാഠവും നല്‍കുന്ന മൂസാ നബിയുടെ ആവിഷ്‌കാരം ഖുര്‍ആന്‍ മഹനീയമായി പറഞ്ഞു തരുന്നുണ്ട്. ഈ മഹത്തായ ചെറുത്തുനില്‍പ്പിന്റെ സമാപ്തിയാണ് മുഹര്‍റം പത്തില്‍ ചെങ്കടലില്‍ സംഭവിക്കുന്നത്.

മുഹര്‍റം പത്തിലെ നോമ്പ് വളരെയേറെ പുണ്യമുള്ള ആരാധനയാണ്. മുത്ത് നബി(സ) പറയുന്നു. “റമസാന്‍ കഴിഞ്ഞാല്‍ അത്യുത്തമമായ നോമ്പ് അല്ലാഹുവിന്റെ മാസമായ മുഹര്‍റമിലേതാണ്'(മുസ്്ലിം). മുഹര്‍റം പത്തിന് ഭാര്യ സന്താനങ്ങള്‍ക്ക് ഭക്ഷണത്തിലും മറ്റും വിശാലത ചെയ്യല്‍ സുന്നത്താണ്. “ആരെങ്കിലും ആശൂറാഅ് ദിനത്തില്‍ കുടുംബത്തിന് വിശാലത ചെയ്താല്‍ അല്ലാഹു വര്‍ഷം മുഴുവന്‍ അവന് വിശാലത ചെയ്യുന്നതാണ്’ (ഹദീസ്).
യുദ്ധം നിഷിദ്ധമാക്കുക വഴി അല്ലാഹു പവിത്രമാക്കിയ നാല് മാസങ്ങളിലൊന്നാണ് മുഹര്‍റം. മുഹര്‍റം എന്നാല്‍ നിഷിദ്ധം എന്നാണ് അര്‍ഥം. ഇബ്‌ലീസിന് ഈ മാസത്തിലാണ് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കിയത് എന്ന് കാണാം (ഇആനത്ത് 2/272).

---- facebook comment plugin here -----

Latest